
ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കർ എൻട്രി നേടിയ മോഹൻലാൽ ചിത്രം ‘ഗുരു’വിൻ്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാലിന് പുറമെ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയുടെ അണിയറ വിശേഷങ്ങൾ വെളിപ്പെടുത്തിയത്.
അതിരാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന മേക്കപ്പ് ജോലികളും ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുടെ പശ്ചാത്തലവുമെല്ലാം ചിത്രീകരണത്തിന് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. നൂറുകണക്കിന് കലാകാരന്മാർക്ക് കൃത്യസമയത്ത് താടിയും മുടിയും ലെൻസുകളും വെച്ചുനൽകി രാവിലെ എട്ടുമണിക്ക് തന്നെ ആദ്യ ഷോട്ടിന് തയ്യാറാക്കുക എന്നത് പത്തോളം വരുന്ന മേക്കപ്പ് സംഘത്തിന് കഠിനമായ ദൗത്യമായിരുന്നു.
ചുവന്ന മണ്ണ് കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റിന്റെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ, ‘ലൈറ്റ് ഈജിപ്ഷ്യൻ’ പാൻകേക്ക് ഉപയോഗിച്ചാണ് അഭിനേതാക്കളുടെ ശരീരത്തിന് തവിട്ടുനിറം നൽകിയത്. കഠിനാധ്വാനവും കൃത്യമായ അച്ചടക്കവും നിറഞ്ഞ ചിത്രീകരണ ദിനങ്ങൾ തന്റെ കരിയറിലെ തന്നെ വിലപ്പെട്ട അനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് പശ്ചാത്തല സംഗീതമൊരുക്കിയത്.
പട്ടണം റഷീദിന്റെ വാക്കുകൾ;
“ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ’ഗുരു’. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ.
എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു.
എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു.
ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ.”