‘ആദ്യ തമിഴ് പടം, സീൻ കണ്ടിട്ട് പറയണം ഞാൻ മലയാളത്തിൽ മാത്രം നിന്നാൽ മതിയോന്ന്’; നസ്ലെൻ

','

' ); } ?>

സൂര്യയും പ്രശസ്ത മലയാള സംവിധായകൻ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ‘സീൻ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് നടൻ നസ്ലെൻ. ചിത്രം തന്റെ കരിയറിലെ ആദ്യ തമിഴ് സിനിമയാണെന്നും തിയേറ്ററുകളിലെത്തി കണ്ടശേഷം പ്രേക്ഷകർ അഭിപ്രായം അറിയിക്കണമെന്നും താരം അഭ്യർഥിച്ചു. ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ വേറിട്ടൊരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ നസ്ലെൻ, അഭിനയത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ പ്രേക്ഷകർ ചൂണ്ടിക്കാണിക്കണമെന്നും അത് തിരുത്താൻ താൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. നവംബർ 6-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.

“ഇതെന്റെ ആദ്യത്തെ തമിഴ് പടമാണ്. അത് വളരെ സ്പെഷ്യലുമാണ്. പടം കണ്ടിട്ട് നിങ്ങൾ പ്രേക്ഷകരാണ് പറയേണ്ടത് ഞാൻ മലയാളത്തിൽ മാത്രം നിന്നാൽ മതിയോ എന്ന്. നവംബർ 6ന് പടം കണ്ടിട്ട് അഭിപ്രായം പറയൂ. തെറ്റുണ്ടെങ്കിൽ പറയണം. അത് ഞാൻ തിരുത്തും. കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ് സിനിമയിലേത്. എല്ലാവരുടേയും സ്നേഹം ഇനിയും ഉണ്ടാവണം”, എന്നായിരുന്നു നസ്ലെന്റെ വാക്കുകൾ.

നസ്രിയ നായികയായെത്തുന്ന ഈ ആക്ഷൻ-കോമഡി എന്റർടൈനറിൽ നസ്ലെൻ വില്ലൻ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. 2D എന്റർടൈൻമെന്റ്, ഴഗരം സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഗോകുലം മൂവീസാണ് കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യ ലക്ഷ്യമിടുന്ന ഹാട്രിക് ഹിറ്റായാണ് ‘സീൻ’ വിലയിരുത്തപ്പെടുന്നത്.

മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.