“അവകാശങ്ങൾ ചോദിച്ചാൽ ഇതാണോ അവസ്ഥ?”; അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡിയിൽ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

','

' ); } ?>

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണകൂടത്തിനും പോലീസിനുമെതിരെ ശക്തമായ വിമർശനവുമായി അവതാരകയും സാമൂഹിക പ്രവർത്തകയുമായ രഞ്ജിനി ഹരിദാസ് രംഗത്ത്. ജന്തർമന്ദറിൽ പ്രതിഷേധിച്ചതിന്റെ പേരിൽ യുവാക്കളെ ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ച നടപടി ഭയപ്പെടുത്തുന്നതാണെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.

ജന്തർമന്ദറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ച ഇരുവരുടെയും ജാമ്യാപേക്ഷ ഫോട്ടോ ശരിയല്ലെന്നതുൾപ്പെടെയുള്ള വിചിത്ര കാരണങ്ങൾ പറഞ്ഞ് പോലീസ് നീട്ടിക്കൊണ്ടുപോയി. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവർ എളുപ്പത്തിൽ പുറത്തിറങ്ങുമ്പോൾ, അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് ശ്രമം. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചർച്ചകൾക്ക് തയ്യാറാകുന്ന ഭരണാധികാരികളെയാണ് രാജ്യത്തിന് ആവശ്യമെന്നും, ഇത്തരം പ്രവൃത്തികൾ പൗരന്മാരിൽ ഭയം വിതയ്ക്കാൻ മാത്രമാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതി സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു.

രഞ്ജിനിയുടെ വാക്കുകൾ: 

‘‘അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും ജുഡീഷ്യൽ കസ്റ്റഡിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരുന്ന വാർത്തകളെല്ലാം ഞാൻ പിന്തുടരുന്നുണ്ട്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ വിഡിയോ ചെയ്യാൻ ഞാൻ ഏറെ നാളായി ഉദ്ദേശിച്ചിരുന്നെങ്കിലും ജോലിയുടെ തിരക്കുകൾ കാരണം കഴിഞ്ഞിരുന്നില്ല. ജന്തർമന്ദറിൽ പോയി പ്രതിഷേധിക്കുകയും ദേശീയ പതാക ഉയർത്തിപ്പിടിച്ച് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ ഈ രണ്ടുപേർക്ക് ഇത്തരത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടി വരുന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

5 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം വക്കീലന്മാർ ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ, ഫോട്ടോ ശരിയല്ലെന്നും കെയർ ഇൻവാലിഡ് ആണെന്നുമുള്ള വിചിത്രമായ കാരണങ്ങൾ പറഞ്ഞ് അവർ അത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ ചെറുപ്പക്കാർ പുറത്തിറങ്ങുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാൻ പൊലീസും സർക്കാരും സംവിധാനങ്ങളെ തന്നെ ദുരുപയോഗം ചെയ്യുകയാണെന്ന് എനിക്ക് തോന്നുന്നു. തുറന്ന രീതിയിൽ ശബ്ദമുയർത്തുന്ന ആളുകൾക്ക് ഇതാണ് അവസ്ഥയെങ്കിൽ, നമ്മളെയെല്ലാം എത്ര പെട്ടെന്നാണ് നിശബ്ദരാക്കാൻ കഴിയുക എന്ന് ചിന്തിക്കുമ്പോൾ നമ്മൾ ജീവിക്കുന്ന ഈ രാജ്യത്തെക്കുറിച്ച് ഓർത്ത് എനിക്ക് ശരിക്കും പേടി തോന്നുണ്ട്.

അതൊരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ പോലുമല്ല നടക്കുന്നത്. ജാമ്യത്തിനായി പോയ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് കരുതൽ തടങ്കലിൽ വെക്കുന്നത്. ഈ കുട്ടികളെ ബുദ്ധിമുട്ടിക്കാൻ അവർ ഏതറ്റം വരെയാണ് പോകുന്നത് എന്ന് നോക്കൂ. എന്നാൽ മറുവശത്ത്, വലിയ കുറ്റങ്ങൾ ചെയ്തവരും ഗുരുതരമായ കാര്യങ്ങളിൽ പ്രതികളായവരുമെല്ലാം വളരെ എളുപ്പത്തിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്നുമുണ്ട്. അപ്പോൾ ഈ രാജ്യത്തെ പൗരന്മാരോട് എവിടെയാണ് നീതി? ശബ്ദമുയർത്തുന്നതിന്റെ പേരിൽ കുട്ടികളെയും സാധാരണക്കാരെയും ഒരുപോലെ പിടികൂടുന്നത് എങ്ങനെയാണ് ശരിയായി തീരുന്നത്? ഞങ്ങളോട് ഭയപ്പെടാനാണോ അവർ പറയുന്നത്?

നമുക്ക് ചുറ്റുമുള്ള ഈ സാഹചര്യം എന്നിൽ ആശങ്കയും ഭയവും ഉണ്ടാക്കുന്നുണ്ട്. കാരണം നമ്മൾ അധികാരത്തിൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളല്ല ഇവർ. ചോദ്യങ്ങൾ ചോദിക്കുമ്പോഴും പ്രതിഷേധങ്ങൾ നടക്കുമ്പോഴും നമ്മളോട് വന്നു സംസാരിക്കാൻ തയ്യാറാകുന്ന, എവിടെയാണ് തെറ്റുപറ്റിയതെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും ചർച്ച ചെയ്യുന്ന ആളുകളെയാണ് നമുക്ക് ആവശ്യം. പകരം എല്ലാവരുടെയും ശബ്ദം അടച്ചുപൂട്ടാനും, അതിനായി രാജ്യത്തിന്റെ പണം ധൂർത്തടിക്കാനും, ആളുകളെ നിശബ്ദരാക്കാനും വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നത്.

ഈ രാജ്യത്ത് ധാരാളം അവകാശങ്ങളുള്ള ഒരു പൗരൻ എന്ന നിലയിൽ, ആ അവകാശങ്ങൾ വിനിയോഗിക്കുന്നത് പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. രാജ്യം നമ്മോട് നിലകൊള്ളാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് വേണ്ടി നിലകൊണ്ടാമെങ്കിലോ ഇതാണ് സംഭവിക്കുന്നത്? അധികാരത്തിലുള്ളവർ വളരെ ബോധപൂർവ്വം തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ആളുകൾ അധികാരം ദുരുപയോഗം ചെയ്യുന്നത് നമ്മൾ സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വ്യക്തമായും പ്രകടമായും ഭയം വിതയ്ക്കാൻ വേണ്ടി മാത്രമാണോ ഇത് ചെയ്യുന്നത്? അശുതോഷിനെ ദിവസങ്ങളോളം കസ്റ്റഡിയിൽ വയ്ക്കുന്നതും അടച്ചുപൂട്ടാൻ ശ്രമിക്കുന്നതുമെല്ലാം അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിക്കുന്നുണ്ട്.

ഈ കാര്യങ്ങളെല്ലാം പേപ്പർ വർക്കുകളിലൂടെയും നിയമപരമായ പഴുതുകളിലൂടെയും സങ്കീർണമാക്കാൻ അവർ ശ്രമിക്കുകയാണ്. ഇതെല്ലാം നമുക്ക് അറിയാവുന്നതുമാണ്. ദൈവമേ, ഇത് കാണുമ്പോൾ ദുഷ്ടരായ രാഷ്ട്രീയക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഒരു ഹിന്ദി സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്നാൽ അത്തരം സിനിമകളിലെ നല്ല കാര്യം എന്തെന്നാൽ, അവസാനം നീതി വിജയിക്കും എന്നതാണ്. ഈ സംഭവത്തിലും നീതി വിജയിക്കുമെന്നും ഇത്തരം വിഡ്ഢിത്തങ്ങൾ നിറഞ്ഞ കാരണങ്ങൾ ഇനിയുമുണ്ടാകില്ലെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

ഇന്ന് വിജയദശമി പോലെയുള്ള നല്ലൊരു ദിവസമാണ്. ഒരുവശത്ത് അവർ കോരപ്പൻമാരെ (പാറ്റകളെ) കത്തിക്കുന്നു. കാരണം രാവണനെയാണ് അവർ ഇപ്പോൾ പാറ്റകളായി കാണുന്നത്. എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്. പൊതുജനങ്ങളുടെ അഭിപ്രായങ്ങളെയും പ്രതിഷേധങ്ങളെയും അവർ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ചോദിക്കുന്ന ജനങ്ങളെ അവർ എന്തിനാണ് പേടിക്കുന്നത്? ലജ്ജാകരം! തീർത്തും മോശം.’’