
സംവിധായകൻ അമൽ നീരദിന്റെ കൾട്ട് ക്ലാസിക് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ‘ബാച്ച്ലർ പാർട്ടി ഡുഎക്സ്’ നവംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ‘സിംപിൾ’ എന്ന കഥാപാത്രമായി എത്തുന്ന നടി രജിഷ വിജയന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
2012-ൽ പുറത്തിറങ്ങി തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ആക്ഷൻ ചിത്രത്തിന്റെ 14 വർഷത്തിനുശേഷമുള്ള രണ്ടാം വരവെന്ന പ്രത്യേകതയുമായാണ് ചിത്രം എത്തുന്നത്. ജെൻ-സി വൈബിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു എന്നിവരുടെ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.
യങ് ജനറേഷൻ താരങ്ങളും മലയാളത്തിലെ മുൻനിര അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിൽ നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഉണ്ണി ആറിന്റേതാണ് സംഭാഷണം. തപസ് നായക് (സൗണ്ട് ഡിസൈൻ), ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ), റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ (ഗാനരചന), മഷർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), ആതിര ദിൽജിത്ത് (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നും ‘അവരെക്കുറിച്ച്’ എന്നുമാണ് ‘ഡുഎക്സ്’ (D’EUX) എന്ന വാക്കിന്റെ അർത്ഥം.