
രജനികാന്ത് ചിത്രമായ ജയിലർ 2-ൽ തനിക്ക് ലഭിച്ച വേഷത്തിലെ 16ഓളം രംഗങ്ങളും വെട്ടിമാറ്റിയെന്ന് നടി അന്ന രാജൻ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ അന്ന അവതരിപ്പിച്ചത്. പതിനാറോളം സീനുകൾ എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടെങ്കിലും, രജനീകാന്തിനൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന്റെ പ്രകടനം അടുത്തുനിന്ന് കാണാനും സാധിച്ചതിലെ സന്തോഷമാണ് താരം പങ്കുവെച്ചത്.
ചിത്രത്തിൽ മാമാ തമ്പി പാവം എന്ന ഡയലോഗിന് ശേഷമുള്ള സുരാജിന്റെയും തന്റെയും പ്രതികരണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങൾ കട്ട് ചെയ്യപ്പെട്ടതായി അന്ന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അവസാന ഘട്ടത്തിൽ തന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാൽ സിനിമയുടെ മൊത്തത്തിലുള്ള വിജയത്തിനും പവറിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും താരം പറഞ്ഞു. മോഹൻലാലിന്റെയും മറ്റ് താരങ്ങളുടെയും രംഗങ്ങൾ വെട്ടിച്ചുരുക്കിയെങ്കിലും രജനീകാന്തിനൊപ്പം ഒരു മാസം ചെലവഴിക്കാനും അദ്ദേഹത്തോടൊപ്പം സംസാരിക്കാനും കഴിഞ്ഞത് വലിയൊരു അംഗീകാരമായാണ് കാണുന്നതെന്നും അന്ന കൂട്ടിച്ചേർത്തു.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രാജൻ, ജയിലർ 2-ൽ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കീം ഷാ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് വേഷമിട്ടത്. ചിത്രത്തിൽ അതിഥി വേഷത്തിലും മറ്റ് ചെറിയ വേഷങ്ങളിലും നിരവധി മലയാളി താരങ്ങൾ സാന്നിധ്യമറിയിച്ചിരുന്നു.
അന്നയുടെ വാക്കുകൾ;
”മാമാ തമ്പി പാവം എന്ന ഡയലോഗ് കഴിഞ്ഞിട്ട് സുരാജേട്ടന് ഒരു എക്സ്പ്രഷന്‍ ഇടും. അപ്പോള്‍ ഞാനൊരു ക്യൂട്ട് എക്സ്പ്രഷന്‍ ഇട്ടിരുന്നു. പക്ഷെ അത് മാറ്റി. കുറേ സീനുകള്‍ മാറ്റിയിട്ടുണ്ട്.”
”16-ഓളം സീനുകള്‍ കട്ട് ചെയ്തു. അവസാനം എന്റെ സീന്‍ ഉണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചു. അതുണ്ടാകുമെന്ന് പറഞ്ഞു. എഡിറ്റ് ചെയ്തപ്പോള്‍ കുറെ പോയി. ലാലേട്ടന്റെ സീന്‍ കട്ട് ചെയ്താലെന്താ ലാലേട്ടന്റെ പവര്‍ വന്നില്ലേ? അത് കിട്ടിയില്ലേ, അതല്ലേ വേണ്ടത്? എല്ലാവരേയും സാര്‍ ഉപയോഗിച്ചിട്ടുണ്ട്.”
”എന്തായാലും സന്തോഷമുണ്ട്. ഒരു മാസത്തോളം രജനി സാറിന്റെ കൂടെയുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ റെഡിയായി പോയിരുന്ന് സാറിന്റെ ആക്ടിങ് കാണാന്‍ പറ്റി. ഈ കാണുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ നമ്മള് അവിടെയുണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ കൂടെയിരുന്ന് സംസാരിക്കാന്‍ പറ്റി.”