
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘ഈ പുഴയും കടന്ന്’ സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി സംവിധായകൻ കമൽ. ജയിലിൽ നിന്നും അഞ്ച് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ഗോപിയെ കാത്ത് അഞ്ജലി നിൽക്കുന്ന അവസാന രംഗം ഷൂട്ട് ചെയ്ത അനുഭവവും, ദിലീപുമായുള്ള ചർച്ചകളുമാണ് അദ്ദേഹം പങ്കുവെച്ചത്.
ഗോപി തിരിച്ചുവരുന്നതായി ചിത്രീകരിക്കണമെന്ന് ദിലീപും അസിസ്റ്റന്റ് ഡയറക്ടർ ലാൽ ജോസും ആവശ്യപ്പെട്ടിരുന്നെങ്കിലും, സംവിധായകൻ ആ ആശയം നിരസിക്കുകയായിരുന്നു. കാത്തിരിപ്പിന്റെ സുഖം നഷ്ടപ്പെടുമെന്നും ഗോപി തിരിച്ചെത്തുന്നത് കാണിച്ചാൽ രംഗം ഫ്ലാറ്റായി പോകുമെന്നുമുള്ള ഉറച്ച നിലപാടിലാണ് കമൽ ആ ക്ലൈമാക്സ് നിലനിർത്തിയത്. സ്ക്രിപ്റ്റിൽ കാത്തിരിപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും, ഷൂട്ടിങ്ങിനിടയിലാണ് കാറ്റിന്റെയും മറ്റും പശ്ചാത്തലത്തിൽ ആ രംഗം മനോഹരമാക്കാൻ തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകുന്നേരം 5:30-നും 6:00-നും ഇടയിൽ ചിത്രീകരിച്ച ഈ രംഗം, പിന്നീട് ‘ഡേ ഫോർ നൈറ്റ്’ ഗ്രേഡിങ് സാങ്കേതികവിദ്യയിലൂടെയാണ് രാത്രി ദൃശ്യമാക്കി മാറ്റിയത്. റിലീസ് കാലത്ത് വലിയ ചർച്ചയായില്ലെങ്കിലും, വർഷങ്ങൾക്ക് ശേഷം ഈ ക്ലൈമാക്സ് ഇന്നത്തെ പുതിയ തലമുറ ഏറ്റെടുത്തതിലുള്ള സന്തോഷവും കമൽ പങ്കുവെച്ചു.
കമലിന്റെ വാക്കുകൾ;
“സ്ക്രിപ്റ്റിൽ അങ്ങനെ തന്നെയായിരുന്നു. സ്ക്രിപ്റ്റിൽ കാത്തിരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഗോപി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് സ്ക്രിപ്റ്റിൽ ഉള്ളത്. ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കാറ്റിന്റെ ഐഡിയ എനിക്ക് തോന്നിയത്. കാരണം ആ കാറ്റിലൂടെ ഇയാൾ വരും എന്നൊക്കെ ഒരു സങ്കല്പം, പാട്ടിലൂടെ ഒഴുകി വരും എന്നൊക്കെയുള്ള ഒരു സങ്കല്പത്തിലാണ് നമ്മളങ്ങനെ ചെയ്തത്.
കാറ്റിനനുസരിച്ച് മഞ്ജുവിന്റെ മുടിയൊക്കെ പറന്ന്, വീടിന്റെ തട്ടിൻപുറം പോലെ ഒരു ഭാഗത്ത് നിന്ന് നോക്കുന്ന പോലെയാണ് ചെയ്തത്. ആ സിനിമയിലെ നായകനാണ് ദിലീപ്, അതുപോലെ എന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ്. ദിലീപ് അതിനു മുൻപ് കുറേക്കാലം എന്റെ അസിസ്റ്റന്റ് ആയിരുന്നു. ഈ പടത്തിലും നായകനാണെങ്കിലും ഞാൻ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യും എന്ന് പറഞ്ഞാണ് ദിലീപ് അത് ചെയ്തത്.
എല്ലാ സീൻ എടുക്കുമ്പോഴും ദിലീപ് കൂടെയുണ്ടാകും. ‘സാറേ ഞാൻ വരുന്നത് കാണുമ്പോൾ അല്ലേ ആളുകൾക്ക് ഒരു സന്തോഷം തോന്നുകയുള്ളൂ’ എന്ന് ദിലീപ് എന്നോട് പറഞ്ഞു. ‘നമുക്ക് അങ്ങനെയും കൂടി ഷൂട്ട് ചെയ്യാമെന്ന്’ പറഞ്ഞ് ദിലീപും ലാൽ ജോസും കൂടി എന്നെ പ്രെഷർ ചെയ്യുന്നുണ്ടായിരുന്നു.
തിരിച്ച് ദിലീപ് വരണം എന്ന് പറഞ്ഞിട്ട്. അപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്ക് അങ്ങനെ സങ്കല്പിക്കാൻ പറ്റില്ല. തിരിച്ചു വന്നു കഴിഞ്ഞാൽ ഭയങ്കര ഫ്ലാറ്റ് ആയി പോകും. കാത്തിരിപ്പിന്റെ ഒരു സുഖം കിട്ടണമെങ്കിൽ കാണിക്കാതിരിക്കണമെന്ന്’ ഞാൻ പറഞ്ഞു. അപ്പോൾ ദിലീപ് പറഞ്ഞു, ‘നമുക്ക് ഷൂട്ട് ചെയ്യാം സാർ, ഞാൻ ഇവിടെയുണ്ടല്ലോ’ എന്ന്.
‘നീ അവിടെ തന്നെ നിന്നാൽ മതി, ഷൂട്ട് ചെയ്താലും ഞാൻ കട്ട് ചെയ്ത് കളയും. അതുറപ്പാണെന്ന്’ ഞാൻ പറഞ്ഞു. പിന്നെ വെറുതെ എന്തിനാ ഷൂട്ട് ചെയ്ത് സമയം കളയുന്നേ എന്ന് പറഞ്ഞ് ഞാൻ അത് ഷൂട്ട് ചെയ്തതേ ഇല്ല. ചില തോന്നലുകളാണ് ശരി എന്ന് നമുക്ക് തോന്നില്ലേ. ആ ക്ലൈമാക്സ് നന്നായി എന്ന് അന്ന് എല്ലാവരും പറഞ്ഞു കേട്ടോ. ആൾക്കാർക്ക് അത് ഫീൽ ചെയ്തു, പോയി.
പിന്നീട് അതങ്ങനെ ചർച്ചയായൊന്നുമില്ല. ഈ അടുത്ത കാലത്ത്, ഇപ്പോഴത്തെ ജനറേഷനാണത് ചർച്ചയാക്കിയത്. വൈകുന്നേരമാണ് ആ രംഗം നമ്മൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം ഷൂട്ട് ചെയ്തിട്ട് ഗ്രേഡിങ്ങിൽ കുറച്ച് മാറ്റം വരുത്തിയതാണ്. ഡേ ഫോർ നൈറ്റ് എന്ന് പറയും. അങ്ങനെ നമ്മളാക്കിയതാണ്. സീൻ ശരിക്കും നൈറ്റ് എഫക്ട് ആണല്ലോ. വൈകുന്നേരം ഏകദേശം 5.30- 6 മണിക്ക് ഷൂട്ട് ചെയ്തു.”