
മിമിക്രിയില്‍ നിന്നും സിനിമയിലെത്തി കോമഡി വേഷങ്ങളിലൂടെയും പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് കോട്ടയം നസീര്‍. ‘റോഷാക്ക്’, ‘വാഴ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് പുറമെ രജനികാന്ത് ചിത്രം ‘ജയിലര്‍ 2’വിലും ശ്രദ്ധേയ വേഷം ചെയ്ത അദ്ദേഹം, തന്റെ കരിയറില്‍ നടന് മമ്മൂട്ടി നല്കിയ പിന്തുണയെക്കുറിച്ച് മനസ് തുറന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ശ്രീനിവാസന്-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിലെ ‘ഇട്ടിക്കട്ട വര്‍ക്കി’ എന്ന കഥാപാത്രം തനിക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നിരുന്നുവെന്ന് കോട്ടയം നസീര്‍ പറയുന്നു. ചിത്രം റിലീസ് ചെയ്തപ്പോള്‍ വലിയ കരിയര്‍ ഗ്രോത്ത് ഉണ്ടാകുമെന്ന് പലരും പറഞ്ഞെങ്കിലും, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം എല്ലാം മാറ്റിവരയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ആ പടം മുഴുവന്‍ മമ്മൂക്ക തിന്നു കളഞ്ഞു. അതുവരെ ചെയ്തു വച്ചതെല്ലാം അദ്ദേഹം ഒറ്റയ്ക്ക് വന്ന് വിഴുങ്ങിയിട്ട് പോയി. സിനിമ കണ്ടിറങ്ങുന്നവരും പിന്നീട് സംസാരിച്ചതെല്ലാം ക്ലൈമാക്സിനെക്കുറിച്ചാണ്,” കോട്ടയം നസീര്‍ വ്യക്തമാക്കി.
മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അതെന്നും അവസാന രംഗങ്ങളില്‍ മാത്രമാണ് തനിക്ക് അദ്ദേഹത്തോടൊപ്പം കോമ്പിനേഷന്‍ ഉണ്ടായിരുന്നുള്ളൂവെന്നും നസീര്‍ ഓര്‍ക്കുന്നു. ഷൂട്ടിംഗ് വേളയില്‍ “നിന്റെ ആഗ്രഹമായിരുന്നില്ലേ എന്റെ കൂടെ അഭിനയിക്കുക എന്നത്, ഇപ്പോള്‍ സാധിച്ചില്ലേ” എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചതും അദ്ദേഹം പങ്കുവച്ചു.
മിമിക്രി വിട്ട് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മമ്മൂട്ടി തനിക്ക് നിരന്തരം ഉപദേശം നല്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് ‘റോഷാക്ക്’ എന്ന സിനിമയുടെ സമയത്ത് മമ്മൂട്ടി ഇത് തനിക്ക് പ്രത്യേകമായി ഊന്നിപ്പറഞ്ഞു തന്നുവെന്നും, അദ്ദേഹത്തെപ്പോലെയുള്ള ഒരു മഹാ നടന് അത്തരം വാക്കുകള്‍ പറയുന്നത് വലിയൊരു അനുഗ്രഹവും തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ഒന്നാണെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം നസീറിന്റെ വാക്കുകൾ;
”ശ്രീനിയേട്ടന്റേയും രഞ്ജിത്ത് സാറിന്റേയും തിരക്കഥയിലുള്ള സിനിമയാകുമ്പോള്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. നമ്മള് കൈ വെക്കേണ്ടി വരില്ല. കഥ പറയുമ്പോള്‍ ഒക്കെ ചെയ്യുമ്പോള്‍ അങ്ങനെയായിരുന്നു. കയ്യില്‍ നിന്നും ഇടേണ്ടി വന്നിട്ടില്ല. ഉള്ളത് മര്യാദയ്ക്ക് ഇട്ടാല്‍ മതി. ഇട്ടിക്കട്ട വര്‍ക്കി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നല്ല വേഷമായിരുന്നു” കോട്ടയം നസീര്‍ പറയുന്നു.
ആ സിനിമ ഇറങ്ങുന്ന സമയത്ത് എല്ലാവരും പറഞ്ഞിരുന്നു, നിങ്ങള്‍ക്ക് ഭയങ്കര ഗ്രോത്ത് ഉണ്ടാകുമെന്ന്. പക്ഷെ ആ പടം മുഴുവന്‍ മമ്മൂക്ക തിന്നു കളഞ്ഞു. അതാണ് സത്യം. അതുവരെ ചെയ്തു വച്ച എല്ലാം മമ്മൂക്ക ഒറ്റയ്ക്ക് വന്ന് വിഴുങ്ങിയിട്ട് പോയി. ആ പടം കാണുന്നവരെല്ലാം സംസാരിക്കുന്നത് ക്ലൈമാക്സിനെക്കുറിച്ചാണ്. വേറൊന്നും ചര്‍ച്ചയില്ലായിരുന്നു. മഹാ നടന് ആയതിനാലാണ് അത് സാധ്യമായത്. അദ്ദേഹത്തിന്റെ മഹത്വം ആണത്” എന്നും അദ്ദേഹം ഓര്‍ക്കുന്നു.
മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു. അതിലും മമ്മൂക്കയുമായി എനിക്ക് കോമ്പിനേഷന്‍സ് കുറവാണ്. അവസാനം വന്ന് നില്ക്കുന്നതേയുള്ളൂ. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, നിന്റെ ആഗ്രഹമായിരുന്നില്ലേ എന്റെ കൂടെ അഭിനയിക്കുകയെന്നത്. ഇപ്പോള്‍ സാധിച്ചില്ലേ എന്ന്” കോട്ടയം നസീര്‍ പറയുന്നു.
മമ്മൂക്ക എപ്പോഴും പറയുമായിരുന്നു നീ മിമിക്രിയില്‍ നിന്നും മാറി സിനിമ ഫോക്കസ് ചെയ്യണമെന്നും നിനക്ക് നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും. റോഷാക്ക് സമയത്താണ് അത് ഒന്നും കൂടെ ഉറപ്പിച്ചു പറഞ്ഞത്. നിനക്ക് നല്ല വേഷങ്ങള്‍ കിട്ടും അതിന് വേണ്ടി നില്‍ക്കണം എന്നു പറഞ്ഞു. അത് വലിയൊരു അനുഗ്രഹമല്ലേ. അദ്ദേഹത്തെ പോലെ വലിയൊരു നടന് നമ്മളോട് അങ്ങനെ പറയുകയെന്നത്. അതൊക്കെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.”