
ജയസൂര്യയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ‘ലുക്കാ ചുപ്പി’ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് താരം. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകന് ബഷീര്‍ക്ക വന്ന് ചിത്രത്തിന്റെ കഥ പറയുന്നതെന്ന് ജയസൂര്യ പറയുന്നു. സിനിമയുടെ വണ്‍ലൈന്‍ കേട്ടയുടന്‍ തന്നെ താന്‍ ചിത്രത്തിലേക്ക് കരാറാവുകയായിരുന്നു. ചിത്രീകരണം സിങ്ക് സൗണ്ടില്‍ ചെയ്തത് വലിയൊരു അനുഭവമായിരുന്നുവെന്നും ആ സിനിമ കാണുമ്പോള്‍ ഇപ്പോഴും ആ സുഖം അനുഭവപ്പെടാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘അമര്‍ അക്ബര്‍ ആന്റണി’യുടെ ഷൂട്ടിങ് സമയത്ത് നടന് പൃഥ്വിരാജ് സിനിമ കണ്ട് അഭിനന്ദിച്ചതും, തുടര്‍ന്ന് അന്ന് രാത്രി ഇന്ദ്രജിത്തും താനും പൃഥ്വിയുടെ വീട്ടില്‍ പോയി ഒന്നിച്ചിരുന്ന് ചിത്രം വീണ്ടും കണ്ടതും മറക്കാനാവാത്ത നല്ല ഓര്‍മകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജയസൂര്യയുടെ വാക്കുകൾ
”ഞാന്‍ പുറത്തേക്കുള്ള യാത്രയ്ക്ക് പോകാന്‍ നില്‍ക്കുകയാണ്. കുറച്ച് ദിവസത്തേക്കില്ല. തിരിച്ചുവരുന്നത് നേരെ ഷൂട്ടിങ് ലൊക്കേഷനിലേക്കാകും. ബഷീര്‍ക്ക വന്ന് ക്യാരക്ടര്‍ പറഞ്ഞു. അദ്ദേഹവുമായി നല്ല ബന്ധമാണ്, അതിനാല്‍ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ഇങ്ങനെ ഒരു റിയൂണിയന് ആണെന്നും രഘുറാം എന്ന കഥാപാത്രം ഇങ്ങനെയാണെന്നും പറഞ്ഞു. വിവാഹിതനാണ്, പക്ഷെ ഡിവോഴ്സിന്റെ വക്കിലാണ്. എല്ലാം തീരുമാനിച്ചു. റിയൂണിയനില്‍ വച്ച് സുഹൃത്തുക്കളോട് ചിലപ്പോള്‍ പറഞ്ഞേക്കാം. ഒരു രാത്രി നടക്കുന്ന കഥയാണ്. അവസാനിക്കുന്നത് ഇങ്ങനെയാണെന്നൊക്കെ പറഞ്ഞു. വണ്‍ലൈന്‍ ആണ് പറയുന്നത്. അപ്പോള്‍ തന്നെ ഇന്‍ ആയിരുന്നു. തിരിച്ചുവന്ന് നേരെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.”
ഡബ്ബ് ആയിരുന്നില്ല. സിങ്ക് സൗണ്ടാണ് അതിന്റെ സുഖം ആ സിനിമ കാണുമ്പോഴുമുണ്ട്. ഭയങ്കര രസമുള്ളൊരു മൊമന്റായിരുന്നു. ഒരു ദിവസം അമര്‍ അക്ബര്‍ ആന്റണിയുടെ സമയത്ത് രാജു വന്ന് കെട്ടിപ്പിടിച്ച് എന്ത് പടമാണ്, എന്ത് രസമായിട്ടാണ് നീ ചെയ്തത് എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ സിനിമ ആയിരുന്നതിനാല്‍ അവര്‍ക്ക് പ്രൈവറ്റായി കാണാന്‍ പറ്റും. അങ്ങനെ അന്ന് രാത്രി അവന്റെ വീട്ടില്‍ പോയിരുന്ന് ഞാനും ഇന്ദ്രനും അവനുമടക്കം എല്ലാവരും ഒരുമിച്ചിരുന്ന് വീണ്ടും കണ്ടു.”
ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ സജീവമാവുകയാണ് ജയസൂര്യ. കത്തനാറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനായിരുന്നു ജയസൂര്യ മറ്റ് സിനിമകളൊന്നും ചെയ്യാതിരുന്നത്. കത്തനാര് പൂര്‍ത്തിയാക്കിയ ശേഷം ആട് ത്രീയിലൂടെ ഹിറ്റടിച്ചാണ് ജയസൂര്യ തിരികെ വന്നത്. ഇപ്പോഴിതാ പുതിയ ചിത്രം ടൈറ്റന്‍സുമായി വീണ്ടുമെത്തുകയാണ് ജയസൂര്യ. സഹനടനില്‍ നിന്നും മുന്‍നിര നായകനിലേക്ക് വളര്‍ന്ന നടനാണ് ജയസൂര്യ.