
സിനിമ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഗൗരി ജി കിഷൻ. പ്രശസ്തി സമ്മാനിച്ച വലിയ സ്വീകാര്യതയ്ക്കൊപ്പം നഷ്ടപ്പെട്ട സ്വകാര്യതയെക്കുറിച്ചും ഗൗരി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ഗൗരി തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
’96’ സിനിമയിലെ ജാനു എന്ന കഥാപാത്രത്തിന് ലഭിച്ച സ്നേഹം വലിയൊരു അനുഗ്രഹമായി കാണുന്നുവെന്ന് ഗൗരി പറയുന്നു. എന്നാല്‍ പ്രശസ്തി ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ചില വേദികളില്‍ താനൊരു അഭിനേത്രിയാണെന്ന് ഓര്‍ക്കുമ്പോള്‍ പോലും അത്ഭുതം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.
അതേസമയം, പ്രശസ്തിയുടെ മറുവശം വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. പേഴ്സണല്‍ സ്പേസ് ഗണ്യമായി കുറഞ്ഞെന്നും സോഷ്യല്‍ മീഡിയയുടെ അമിതമായ ഇടപെടലുകള്‍ പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും ഗൗരി പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി പാനിപൂരി കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും വളരെ റിലാക്സ്ഡ് ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്ന തനിക്ക് ഈ സ്വകാര്യത നഷ്ടപ്പെടുന്നത് വലിയ നഷ്ടമായി തോന്നാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
പുതിയ പ്രോജക്റ്റുകളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. മലയാളത്തില്‍ റോഷന് മാത്യു, അര്ജുന് അശോകന് എന്നിവര്‍ക്കൊപ്പം ‘ഷെനി’ എന്ന ചിത്രത്തിലും, തമിഴില്‍ ‘താരകൈ’യിലും ഗൗരി അഭിനയിക്കുന്നുണ്ട്. കൂടാതെ ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ‘ലവ് ഓള്‍വൈസ്’ എന്ന വെബ് സീരീസിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗൗരിയുടെ വാക്കുകൾ;
”96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്.
ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില് ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്.