
പ്രേമലു 2 ഉപേക്ഷിച്ചതിൽ വലിയ നിരാശയുണ്ടായെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. ചിത്രത്തിനായി ഒരു വർഷം നഷ്ടപ്പെട്ടുവെന്നും, ആ പ്രതിസന്ധിഘട്ടത്തിൽ ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്ത് കിരൺ ജോസിയും നൽകിയ പിന്തുണയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വിജയാഘോഷ വേളയിലാണ് ഗിരീഷ് എ.ഡി.യുടെ വെളിപ്പെടുത്തൽ. പ്രേമലുവിന്റെ വിജയത്തിന് ശേഷം ‘പ്രേമലു 2’വിന്റെ പിന്നാലെ പോയത് ഒരു വർഷം നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്നും, അപ്രതീക്ഷിതമായി ആ പദ്ധതി ഒഴിവാക്കേണ്ടി വന്നത് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രേമലു 2 സംഭവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും അണിനിരന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം നിലവിൽ ഒടിടി റിലീസിനുശേഷവും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ഗിരീഷ് എ ഡി യുടെ വാക്കുകൾ;
“പ്രേമലു ചെയ്ത് ഒരു വർഷം കഴിഞ്ഞ ശേഷമാണ് ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങുന്നത്. അത്രയും നാൾ ‘പ്രേമലു 2’വിന്റെ വർക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു. അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചൊരു പ്രശ്നമായിരുന്നു. ഞങ്ങളുടെ ഒരു വർഷമാണ് അതുകാരണം നഷ്ടമായത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. ആ സമയത്താണ് ‘ബെത്ലഹേം’ ചെയ്യാമെന്ത ചിന്ത വരുന്നത്. അതിനുമുൻപേ തന്നെ ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ‘പ്രേമലു’ വലിയ ഹിറ്റായിരുന്നതുകൊണ്ട്, ‘പ്രേമലു 2’ എന്ന ഐഡിയ വന്ന് അതിന്റെ പിന്നാലെ പോയതാണ്.
ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും സഹ എഴുത്തുകാരനായ കിരൺ ജോസിയും ഡയറക്ഷൻ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് ‘ബെത്ലഹേ’മിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞത്.
‘പ്രേമലു 2’ സംഭവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിനാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. അതിൽ നിന്നും മൂന്നുനാല് മാസം കഴിഞ്ഞാണ് ‘ബെത്ലഹേം’ റിലീസ് ചെയ്യുന്നത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല, കാരണം അത്രയും വേഗത്തിൽ ഈ സിനിമയുടെ വർക്ക് ചെയ്തതുകൊണ്ടാണ്. അപ്പോഴും ഞങ്ങൾ വിചാരിച്ചില്ല, ഇത് ഇത്ര വലിയ വിജയമാകുമെന്നോ ഇൻഡസ്ട്രി ഹിറ്റ് ആകുമെന്നോ. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി.