“അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി മാത്രം”; ആരാധകർക്ക് നന്ദി പറഞ്ഞ് രജനികാന്ത്

','

' ); } ?>

കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ‘ജയിലർ 2’ സിനിമയുടെ സൂപ്പർ ഷോയ്ക്കിടയിൽ ആരാധകരോടുള്ള നന്ദി വ്യക്തമാക്കി നടൻ രജനികാന്ത്. താൻ ഇന്ന് ഈ നിലയിൽ എത്തിനിൽക്കുന്നതിന് കാരണം ആരാധകരാണെന്നും അവരില്ലെങ്കിൽ താൻ വെറുമൊരു പുൽക്കൊടി മാത്രമാണെന്നും രജനികാന്ത് പറഞ്ഞു. തന്റെ 76-ാം വയസ്സിലും സിനിമയിൽ സജീവമായി നിൽക്കാൻ കഴിയുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ആരാധകർക്കും തമിഴ് ജനതയ്ക്കുമാണ് താരം നൽകിയത്.

ആരാധകർ തനിക്ക് നൽകുന്ന സ്നേഹവും ബഹുമാനവുമാണ് വലിയ പ്രൊഡക്ഷൻ ഹൗസുകളെയും നെൽസൺ ദിലീപ്കുമാറിനെപ്പോലെയുള്ള പ്രമുഖ സംവിധായകരെയും തന്നിലേക്ക് ആകർഷിക്കുന്നതെന്ന് രജനികാന്ത് വ്യക്തമാക്കി. ആരാധകരോടുള്ള ആദരസൂചകമായി വേദിയിൽ വെച്ച് അവരുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

അതിനിടയിൽ, തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ജയിലർ 2’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ലോകമെമ്പാടുമായി ചിത്രം 125 കോടി രൂപ കളക്ട് ചെയ്ത് വൻ കുതിപ്പിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

രജനിയുടെ വാക്കുകൾ;

‘ഈ 76 വയസിലും നിങ്ങള്‍ ഹീറോയായി തന്നെ നില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കള്‍. അവരില്ലെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില്‍ ഞാന്‍ വെറുമൊരു പുല്‍ക്കൊടി മാത്രമാണ്.

നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നെ സമീപിക്കുന്നത്. നെല്‍സണെ (നെല്‍സണ്‍ ദിലീപ്കുമാര്‍) പോലെയുള്ള വലിയ സംവിധായകര്‍ എന്നെ വച്ച് പടം എടുക്കുന്നത്.

എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നന്ദി’.

Leave a Reply

Your email address will not be published. Required fields are marked *