രജനികാന്ത് ചിത്രം ‘ജയിലർ 2’-ലെ വമ്പൻ സ്ഫോടന രംഗം യഥാർത്ഥത്തിൽ ചിത്രീകരിച്ചത്; ബിഹൈൻഡ് ദ സീൻസ് ഉടൻ പുറത്തുവിടുമെന്ന് സംഘട്ടന സംവിധായകൻ ചേതൻ ഡിസൂസ

','

' ); } ?>

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് സംഘട്ടന സംവിധായകൻ ചേതൻ ഡിസൂസ. ചിത്രത്തിന്റെ ട്രെയിലറിലൂടെ തരംഗമായി മാറിയ, രജനീകാന്തിന്റെ പിന്നിലായി കെട്ടിടം തകർന്നുവീഴുന്ന സ്ഫോടന രംഗം ഗ്രാഫിക്സ് (VFX) ഉപയോഗിക്കാതെ യഥാർത്ഥമായി തന്നെ ചിത്രീകരിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ തത്സമയ ചിത്രീകരണത്തിന് ശേഷം ചെറിയ തോതിൽ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, സിനിമയുടെ റിലീസിന് ശേഷം ഇതിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

കഥാപാത്രത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കി ആക്ഷൻ ഡിസൈൻ ചെയ്യുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ചേതൻ ഡിസൂസ പറഞ്ഞു. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാന ശൈലിക്കും മാസ് രംഗങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് സംഘട്ടനങ്ങൾ ഒരുക്കിയിട്ടുള്ളത്. വളരെ ലളിതമായ ചലനങ്ങളിലൂടെ പോലും വലിയ ആക്ഷൻ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു രജനികാന്തിനായുള്ള രംഗങ്ങൾ പ്ലാൻ ചെയ്തപ്പോൾ ലക്ഷ്യമിട്ടത്. വലിയൊരു സൂപ്പർസ്റ്റാറായിരുന്നിട്ടും ആക്ഷൻ രംഗങ്ങൾ വിശദീകരിക്കുമ്പോൾ “ഞാൻ ചെയ്യുന്നത് ശരിയാണോ, മാറ്റങ്ങൾ വേണമോ” എന്ന് രജനികാന്ത് വളരെ എളിമയോടെ ചോദിക്കാറുണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന അദ്ദേഹത്തിന്റെ സമീപനം ഏറെ കംഫർട്ട് നൽകുന്നതാണെന്നും അദ്ദേഹം ഓർത്തെടുത്തു.

മലയാളത്തിലെ ‘ആവേശം’, കന്നഡ ചിത്രങ്ങളായ ‘ബഗീര’, ‘മാക്സ്’, ‘ഭൈരതി രണഗൽ’, സൂര്യ ചിത്രം ‘കറുപ്പ്’ തുടങ്ങി നിരവധി പ്രൊജക്ടുകളിലൂടെ ശ്രദ്ധേയനായ ആക്ഷൻ ഡയറക്ടറാണ് ചേതൻ ഡിസൂസ. ബെംഗളൂരു ആസ്ഥാനമായുള്ള ‘Chaos Faktory’, ‘സിഎഫ് ആക്ഷൻ ഡിസൈൻ’ എന്നിവയുടെ സഹസ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന് ആയോധനകലകളിലും കറാട്ടേ മത്സരങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പരിചയസമ്പത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *