“അവാർഡുകളേക്കാൾ വലുത് അഭിനയത്തിലെ പുതിയ വെല്ലുവിളികളാണ്”; വിജയരാഘവൻ

','

' ); } ?>

അവാർഡുകളേക്കാൾ വലുത് അഭിനയത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണെന്ന് നടൻ വിജയരാഘവൻ. തന്റെ യഥാർത്ഥ പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങൾ തുടർച്ചയായി തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഇൻഡിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ്സ് തുറന്നത്.

തന്റെ ശാരീരിക ചലനങ്ങളോ സംസാരശൈലിയോ അല്ലാതെയുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ഒരു നടനെന്ന നിലയിൽ തനിക്ക് അഭിമാനം തോന്നുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കിഷ്കിന്ധാ കാണ്ഡം, പൂക്കാലം തുടങ്ങിയ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, പത്തു വർഷം മുൻപാണ് ഈ അവസരങ്ങൾ ലഭിച്ചിരുന്നതെങ്കിലും താൻ ഇതേ ആവേശത്തോടെ അഭിനയിക്കുമായിരുന്നു എന്ന് വ്യക്തമാക്കി.

‘വെനീസിലെ വ്യാപാരി’ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്ന അനുഭവം നടൻ പങ്കുവെച്ചു. “ഇയാൾക്കെന്തിനാണ് ഈ വയസൻ റോളുകളൊക്കെ?” എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. എന്നാൽ അത്തരത്തിലുള്ള പ്രായമുള്ള റോളുകളാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതൊരു പ്രത്യേക സുഖം നൽകുന്നുണ്ടെന്നും താൻ മറുപടി നൽകിയതായി വിജയരാഘവൻ പറഞ്ഞു. സ്റ്റേജിൽ നിൽക്കുമ്പോൾ പ്രേക്ഷകനും നടനും തമ്മിൽ ഉണ്ടാകുന്ന ആശയവിനിമയമാണ് ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയരാഘവന്റെ വാക്കുകൾ;

“കിഷ്കിന്ധാ കാണ്ഡം’, ‘പൂക്കാലം’ തുടങ്ങി എനിക്കിപ്പോൾ അവാർഡ് കിട്ടിയ സിനിമയൊക്കെ 10 വർഷം മുൻപ് കിട്ടിയിരുന്നെങ്കിലും ഞാൻ അഭിനയിക്കും. മമ്മൂട്ടി പണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്, ‘ഇയാൾക്കെന്തിനാ ഈ വയസൻ റോളൊക്കെ’.

‘വെനീസിലെ വ്യാപാരി’ ചെയ്യുമ്പോഴായിരുന്നു അത്. ‘ഇയാളെന്തിനാ ഇങ്ങനെ പ്രായമുള്ള റോളുകളൊക്കെ ചെയ്യുന്നേ’. ഞാൻ പറഞ്ഞു, എനിക്ക് അതാണ് ഇഷ്ടം. എനിക്ക് എന്റെ നടപ്പോ, ഇരിപ്പോ, എന്റെ സംസാര രീതിയോ അല്ലാതെ വ്യത്യസ്തനാകുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ഒരു നടനെന്ന രീതിയിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്ന നിമിഷം അതാണ്.

എനിക്കിപ്പോൾ അവാർഡ് കിട്ടുന്നതിനേക്കാളും വലിയൊരു നിമിഷമാണ് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രം ചെയ്യുമ്പോൾ കിട്ടുന്നത്. ഞാൻ ആസ്വദിക്കുന്ന ഒരു സുഖമുണ്ട്. സ്റ്റേജിലൊക്കെ നിൽക്കുമ്പോൾ പ്രേക്ഷകനും നമ്മളും തമ്മിൽ സംവദിക്കുന്ന ഒരവസ്ഥയുണ്ട്. അതാണ് ഒരു നടന് കിട്ടുന്ന ഏറ്റവും വലിയ സുഖം.”