“സ്ത്രീകൾ എട്ടുമണിക്ക് ശേഷം വീട്ടിനുള്ളിൽ അടങ്ങിയിരിക്കണമെന്നാണോ?”; ശശികലയുടെ വിവാദ പരാമർശത്തിനെതിരെ ഭാഗ്യലക്ഷ്മി

','

' ); } ?>

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയായ സുഹൈലിനെതിരെയും പൊലീസിന്റെ അന്വേഷണ രീതിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് ആ കുട്ടി റോഡിൽ പ്രകടിപ്പിച്ചതെന്നും മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇത്തരം വളർത്തലിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയത്.

ഏതെങ്കിലും സാധാരണക്കാർ ട്രാഫിക് സിഗ്നൽ തെറ്റിക്കുകയോ സ്പീഡ് പരിധി കവിയുകയോ ചെയ്താൽ ഉടൻ തന്നെ നിയമലംഘന സന്ദേശം ലഭിക്കുമെങ്കിലും, ഇത്തരം കുട്ടികൾക്ക് അത്തരം നടപടികൾ നേരിടേണ്ടി വരുന്നില്ലെന്ന് അവർ പറഞ്ഞു. തെളിവെടുപ്പ് വേളയിൽ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്ന് സംശയം പ്രകടിപ്പിച്ച ഭാഗ്യലക്ഷ്മി, കോടതി പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും ചോദ്യം ചെയ്തു. ബുദ്ധിശക്തിയുള്ള ഇത്തരം പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും, പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഒത്തുകളിയും ഉണ്ടാകരുതെന്നും അവർ ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശശികലയുടെ നിലപാടുകളെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമർശിച്ചു.

സ്ത്രീകൾക്കെതിരായ ഇത്തരം മാനസികാവസ്ഥകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച അവർ, ഇന്നത്തെ കാലത്ത് സമയം നോക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യുന്നവരാണെന്നും ഇത്തരം ചിന്താഗതികൾ മാറേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. പണത്തിന്റെ സ്വാധീനത്തിന് മുന്നിൽ സർക്കാർ മുട്ടുകുനിക്കില്ലെന്നും കുട്ടിക്ക് അർഹമായ ശിക്ഷ നൽകുമെന്നുമുള്ള ആഭ്യന്തര മന്ത്രിയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും അവർ വ്യക്തമാക്കി. വീഡിയോയ്ക്കെതിരെ നെഗറ്റീവ് കമന്റുകൾ ഉന്നയിക്കുന്നവരോട്, എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ തനിക്ക് അവകാശമുണ്ടെന്നും ഇനിയും പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:   

‘‘കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ഡൽഹിയിലെ പ്രശ്നവും നെടുമ്പാശ്ശേരിയിൽ സുഹൈൽ എന്ന കുട്ടി ഉൾപ്പെട്ട സംഭവവുമാണ്. നമുക്കതിനെ ഒരു അശ്രദ്ധയെന്ന് വിളിക്കാൻ കഴിയില്ല; ആ കുട്ടി പ്രകടിപ്പിച്ചത് ശുദ്ധമായ ധാർഷ്ട്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് അവൻ “എന്റെ അച്ഛൻ വരും” എന്ന് പറഞ്ഞത്. അവൻ ജീവിതത്തിൽ ചെയ്ത പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും അവന് കൂട്ടുനിന്നിട്ടുണ്ടാകണം. അതുകൊണ്ടാണ് അവന് ഇത്രയധികം… ഈ നാട്ടിൽ നമ്മൾക്കെല്ലാവർക്കും അറിയാം, എല്ലാവരും പാലിക്കേണ്ട ചില സ്പീഡ് പരിധികളുണ്ട്.

നമ്മൾ സാധാരണക്കാർ ഏതെങ്കിലും ട്രാഫിക് സിഗ്നൽ തെറ്റിക്കുകയോ സ്പീഡ് പരിധി കവിയുകയോ ചെയ്താൽ ഉടൻ തന്നെ നിയമലംഘനം നടത്തിയെന്ന സന്ദേശം നമുക്ക് ലഭിക്കും. ഈ കുട്ടിക്ക് ഒരിക്കലും അതുപോലെയുള്ള യാതൊന്നും ലഭിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അതു ലഭിച്ചാൽ തന്നെ, അമ്മയും അച്ഛനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ അവനെ സഹായിച്ചതുകൊണ്ട്, ഈ രാജ്യത്തെ നിയമങ്ങൾ എന്താണെന്ന് അറിയാതെയാണ് അവൻ വളർന്നത്; റോഡിൽ അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്.

എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, പൊലീസ് അവനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, അവൻ എത്ര വേഗതയിലാണ് വണ്ടി ഓടിച്ചത്, 100 ൽ ആണോ എന്ന് പൊലീസ് അവനോട് ചോദിച്ചതാണ്! താൻ 120 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചതെന്നാണ് കുട്ടി പറയുന്നത്. എന്നിട്ട് അവർ അത് കൂടുതൽ ചോദ്യം ചെയ്യാതെ വിട്ടുകളഞ്ഞു. അടുത്തതായി, മുന്നിൽ പോയ ആളുകളെ അവൻ കണ്ടിരുന്നോ എന്ന് അവർ ചോദിച്ചു. എന്നാൽ അവൻ ഒന്നും പറഞ്ഞില്ല. അവർ അവന് സൂചനകൾ നൽകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതായത്, പണവും സ്വാധീനവുമുള്ളവർക്ക് ഇവിടെയുള്ള നിയമങ്ങൾ എപ്പോഴും അനുകൂലമാണെന്ന് തോന്നുന്നു. പല കേസുകളിലും നമ്മൾ അത് നേരിട്ട് കാണുന്നതാണ്; പണമുള്ളവർക്ക് എന്ത് ചെയ്യാനും അത് മുഴുവൻ മൂടിവെക്കാനും സാധിക്കും.

മറ്റൊരു കാര്യം ശശികല എന്ന് പറയുന്ന ഒരു സ്ത്രീയുമാണ്; ഞാൻ പണ്ട് അവരെ ‘ടീച്ചർ’ എന്നാണ് വിളിച്ചിരുന്നത്. ഇനി അങ്ങനെ വിളിക്കാൻ എനിക്ക് തോന്നുന്നില്ല. രാത്രിയിൽ സ്ത്രീകൾ ചായ കുടിക്കാൻ പുറത്തുപോകുന്നത് തെറ്റാണോ എന്നാണ് ശശികല ചോദിക്കുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ; ഡൽഹി കൂട്ടബലാത്സംഗ സമയത്ത്, ആ പെൺകുട്ടി എന്തിനാണ് പാതിരാത്രിയിൽ ബസ്സിൽ ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്നോ, എന്തിനാണ് കാമുകനൊപ്പം പോയത് എന്നോ ചോദിച്ച ആളുകളുണ്ടായിരുന്നു. ഇവിടെ, ട്രെയിനിന്റെ ലേഡീസ് കംപാർട്ട്‌മെന്റിൽ സൗമ്യ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും അവൾ എന്തിനാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്ന് ചോദിച്ചവരുണ്ടായിരുന്നു.

അപ്പോൾ, അവർക്ക് സ്വതന്ത്ര ഇന്ത്യയെന്നാൽ സ്ത്രീകൾ എട്ടുമണിക്ക് ശേഷം വീടുകളിലെ ലൈറ്റുകൾ അണച്ച് അകത്തിരിക്കണം എന്നാണർഥം. സ്വാതന്ത്ര്യം എന്നാൽ എന്താണെന്ന് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നോ അതോ അവർ ബോധപൂർവം കണ്ണടയ്ക്കുകയാണെന്നോ തോന്നുമാറുള്ള അവസ്ഥയാണ്. സ്ത്രീകൾക്കെതിരെയുള്ള ഉപദ്രവങ്ങൾക്കുള്ള ഒരു ആയുധമായാണ് അവർ ഈ സ്വാതന്ത്ര്യത്തെ കാണുന്നത്. അതുകൊണ്ടാണ്, പണത്തിന്റെ സ്വാധീനത്തിന് മുന്നിൽ ഈ സർക്കാർ മുട്ടുകുനിക്കില്ലെന്നും കുട്ടിക്ക് അർഹമായ ശിക്ഷ നൽകുമെന്നും ഇന്നലെ ആഭ്യന്തര മന്ത്രി പറയുന്നത് ഞാൻ കേട്ടത്.

കോടതിയിൽ ആ കുട്ടിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചു, അങ്ങനെയൊരു ജയിൽ ഉണ്ടെന്ന് ഞാൻ കേൾക്കുന്നത് ഇതാദ്യമാണ്, നമ്മളാരും അങ്ങനെയൊന്ന് ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അവനെ അങ്ങനെയൊരു ജയിലിലേക്ക് അയക്കണമെങ്കിൽ, വ്യക്തമായ പ്ലാനോടെയാണ് അവർ കോടതിയിൽ പോയിട്ടുണ്ടാകുന്നത്. പ്രോസിക്യൂട്ടർ അതിനെ എതിർക്കണം; അവനെ അവിടേക്ക് അയക്കാൻ പാടില്ല. കാരണം ഈ കുട്ടി ചെറിയൊരു കുട്ടിയല്ല; അവൻ സംസാരിക്കുന്ന വിഡിയോകൾ കണ്ടാൽ, ബുദ്ധിശക്തിയില്ലാത്ത ഒരു കുട്ടിയല്ല അവൻ എന്ന് മനസ്സിലാകും. അതിനാൽ, ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്ന തരത്തിലാണ് കാര്യങ്ങളെല്ലാം നീങ്ങുന്നത്. അതിനാൽ, ഈ കുട്ടിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. മാത്രമല്ല, ഒരു കാരണവശാലും സർക്കാർ, ആഭ്യന്തര മന്ത്രിയേ, നിങ്ങളുടെ വകുപ്പും പൊലീസും അവനെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

കാരണം കുട്ടികൾക്ക് ഇനിയും ഇവിടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യേണ്ടതുണ്ട്. ജോലി കഴിഞ്ഞ് രാത്രി വൈകി യാത്ര ചെയ്യുന്നവരുണ്ടാകാം, അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരുണ്ടാകാം; പണ്ടത്തെ പോലെയല്ല കാര്യങ്ങൾ. ഇന്ന് സമയം നോക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതാണ് എനിക്ക് ആഭ്യന്തര മന്ത്രാലയത്തോടും സമൂഹത്തോടും, ഒപ്പം നിങ്ങളോടും, ശശികലയോടും പറയാനുള്ളത്. നിങ്ങൾക്ക് പെൺമക്കളുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ, അവർക്ക് കഷ്ടകാലമാണ്.  ഇതാണ് എനിക്ക് പറയാനുള്ളത്.’’

Leave a Reply

Your email address will not be published. Required fields are marked *