“വ്യാജ പോക്സോ പരാതികൾ വ്യക്തിജീവിതം തകർക്കും”: നിഷ റാഫേലിന് പിന്തുണയുമായി റഫീല നിസാർ

','

' ); } ?>

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിഷയ്ക്ക് എതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ, കേസ് സംബന്ധിച്ച് ജേണലിസ്റ്റും അവതാരകയുമായ ശരണ്യമോൾ ഗ്രൗണ്ട് ലെവൽ സ്റ്റഡിയുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ട വീഡിയോയും വലിയ രീതിയിൽ വൈറലായിരുന്നു.

എന്നാൽ ശരണ്യമോളുടെ വീഡിയോയ്ക്കെതിരെയും നിഷയ്ക്ക് പിന്തുണയുമായും റഫീല നിസാർ അഹമ്മദ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. വർഷങ്ങളായി ശത്രുതയിലുള്ള ഒരു വ്യക്തിയുടെ വീട്ടിലേക്ക് നിഷ സ്വയം കടന്നുചെല്ലുമെന്ന വാദം അവിശ്വസനീയമാണെന്നും, അടിസ്ഥാനപരമായ പൊതുബോധം പോലുമില്ലാത്ത വിധമാണോ ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്നും കുറിപ്പിൽ ചോദിക്കുന്നു.

തന്റെ മുൻകാല അനുഭവങ്ങളുടെയും കോടതി നടപടികളുടെയും പശ്ചാത്തലത്തിൽ, കുടുംബവഴക്കുകൾക്കും സ്വത്ത് തർക്കങ്ങൾക്കും വേണ്ടി പലപ്പോഴും ഇത്തരം വ്യാജ പോക്സോ പരാതികൾ ഉണ്ടാകാറുണ്ടെന്ന് റഫീല ചൂണ്ടിക്കാണിക്കുന്നു. മുമ്പ് ഇരിങ്ങാലക്കുട പോക്സോ കോടതി ഇത്തരം കള്ളക്കേസുകളിൽ പ്രതികളെ വെറുതെവിട്ടിട്ടുള്ള ചരിത്രമുണ്ടെന്നും, എന്നാൽ സമൂഹത്തിൽ ഇത്തരം മുദ്രകൾ കുത്തപ്പെടുന്നത് വ്യക്തികളുടെ ജീവിതം തന്നെ തകർക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

കേസിലെ പരാതികളിലെ വൈരുദ്ധ്യങ്ങളും കുറിപ്പിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ശത്രുതുല്യരായ അയൽവാസികളുടെ വീട്ടിലേക്ക് തവറുകൾ തേടി ആരെങ്കിലും പോകുമോ എന്നും, മുട്ടുവേദന കാരണം ടെറസിൽ കയറാൻ ബുദ്ധിമുട്ടുള്ള ഒരാൾ അവിടെവെച്ച് കൃത്യം നടത്തി എന്ന് പറയുന്നതിൽ യുക്തിയില്ലെന്നും വിമർശനമുണ്ട്. നിഷയ്ക്കെതിരെ വീഡിയോ ചെയ്തവർ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും, ഇതിനുപിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റഫീല ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. വിധവയായ അമ്മയുടെയും രണ്ട് പെൺമക്കളുടെയും സംരക്ഷണ ചുമതലയുള്ള നിഷയുടെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

റഫീലയുടെ കുറിപ്പിന്റെ പൂർണരൂപം

നിഷ കൊടുത്ത കേസിലാണ് കുട്ടിയുടെ അച്ഛൻ അറസ്റ്റിലായത്. എന്നിട്ട് ആ വീട്ടിൽ ചെന്ന് നിഷയത് ചെയ്യുമെന്ന് തോന്നുന്നുണ്ടോ?. മിനിമം കോമൺസെൻസ് പോലുമില്ലാത്ത ആളാണോ നിഷ.?. രണ്ടുവട്ടം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സമയത്ത് പീഢനമേൽക്കാൻ സാധ്യതയില്ലേ?. ഇവർ കുറ്റവാളിയെന്ന് ഏറെക്കുറെ ഉറപ്പിച്ച് ആവേശം അലതല്ലുന്നൊരു വീഡിയോ കാണാനിടയായി. അവരാണ് കോടതിയെന്ന് പലരുമങ്ങ് ഉറപ്പിച്ച മട്ടാണ്.

അവർ ആ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒത്തിരി അന്വേഷിച്ചു, തെളിവുകളുണ്ട് എന്നൊക്കെ ഉറപ്പിച്ച് പറയുമ്പോൾ പലരും അവരെയങ്ങ് വിശ്വസിക്കുകയാണ്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പലതവണ കോടതി കയറിയിറങ്ങിയപ്പോൾ മനസിലാക്കിയ ഒരു സത്യം അതിർത്തി തർക്കം മുതൽ കുടുംബത്തിലെ സ്വത്ത് തർക്കത്തിന് വരെ വ്യാജപരാതികൾ കോടതിയിൽ എത്തുന്നുണ്ട് എന്നതാണ്. എന്റെയൊരു സഹപാഠിയുണ്ട്. കാണാൻ സുന്ദരൻ, ചെറുപ്പക്കാരൻ, കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവൻ.

അമ്മക്ക് അവകാശപ്പെട്ട സ്വത്ത് കൊടുക്കാതിരിക്കാൻ അമ്മാവൻ മകളെ കൊണ്ട് ഇവനെതിരെ പോക്സോ ചുമത്തി വ്യാജകേസ് കൊടുത്തു. അവൻ കുറേ അനുഭവിച്ചു. അവസാനം ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജഡ്ജിയായിരുന്ന പ്രശാന്ത് സാറാണ് അവനെ കുറ്റവിമുക്തനാക്കിയത്. കള്ളക്കേസ് ആണെന്ന് തെളിഞ്ഞു. പക്ഷെ ഇന്നും അവനൊരു വിവാഹം നടന്നിട്ടില്ല. പോക്സോ പ്രതിയെന്ന പേര് വീണ് കഴിഞ്ഞു. ഈ കേസിൽ കൊടുത്ത മൊഴി ഇങ്ങനെയാണ്… ബെഡ്റൂമിലേക്ക് നിഷ കയറി ചെന്നപ്പോൾ പേടിച്ചെന്ന്… എന്തിന് പേടിക്കണം?.

ഇവർ ഗോസ്റ്റാണോ അമ്മയുടെ നമ്പർ ചോദിച്ചു. പേടിച്ച് ഡയറിയെടുത്ത് കൊടുത്തു. അച്ഛൻ ജയിലിലായത് കൊണ്ട് അമ്മയോട് മകനെ കൊണ്ട് പോകാൻ പറഞ്ഞെന്ന്. അത് കഴിഞ്ഞ് ബിരിയാണി വാങ്ങി കൊടുത്തു. ടെറസിൽ കൊണ്ട് പോയി ഉപദ്രവിച്ചു എന്നാണ്. വർഷങ്ങളായി ശത്രുക്കളായ ജയിൽവാസി കൂടിയായ അയൽവാസികളുടെ ഗേറ്റ് കടന്ന് ആരെങ്കിലും പോകുമോ?. മുട്ടുവേദന കാരണം ടെറസിൽ കയറാൻ പറ്റാത്തത് കാരണം താഴെ അയ കെട്ടിയതിന് അസോസിയേഷനുമായി നിലവിൽ തർക്കമുള്ളതാണ്. അപ്പോൾ ഇത്തരം ഉദ്ദേശ്യവുമായി അവർ ടെറസിൽ കയറുമോ.?.

ടെറസിൽ നിഷയുടെ കുടുംബം കയറരുതെന്ന് ആധാരത്തിൽ എഴുതി പിടിപ്പിച്ചതിനെതിരെ പരാതി പോയത് കൊണ്ടാണോ ടെറസിൽ വെച്ച് ഉപദ്രവിച്ചുവെന്ന മൊഴി കൊടുത്തത്?. വീട്ടിൽ സ്ഥലം ഉണ്ടായിരുന്നില്ലേ?. മാത്രമല്ല അങ്ങനെ ദുരുദ്ദേശമുണ്ടെങ്കിൽ അമ്മയോട് കൊണ്ട് പോകാൻ പറയേണ്ട കാര്യമെന്ത്.? അവിടെ തന്നെ നിൽക്കുന്നതല്ലേ ഗുണം?. നിഷയ്ക്കെതിരെ വീഡിയോ ഇട്ട വ്യക്തി അത് പറയുമ്പോൾ പ്രത്യേകമൊരു സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇതൊക്കെ പറയാൻ ഇവർക്ക് എത്ര കിട്ടി കാണും എന്തോ..? എല്ലാവരും നിഷ ടീച്ചർക്കൊപ്പമാണെന്ന് കണ്ടപ്പോൾ തുറുപ്പുചീട്ടുമായി ഇറങ്ങിയതാണ്.

രണ്ട് പെൺമക്കളും വിധവയായ അമ്മയും നിഷയുടെ സംരക്ഷണത്തിലാണ്. എനിക്ക് തന്നെ ഫേസ്ബുക്കിൽ നിന്നും വരുമാനം കിട്ടുന്നത് കൊണ്ട് 24 മണിക്കൂർ തികയുന്നില്ല. അപ്പോൾ യൂട്യൂബിലും ഇൻസ്റ്റയിലും ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സൈക്കോളജി കേസുകൾ കൂടി കൈകാര്യം ചെയ്യുന്നവർക്ക് ഇതിനൊക്കെ നേരം കിട്ടുമോ.