
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള നടൻ ജയസൂര്യയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘സ്നേഹമുള്ള സിംഹം’ എന്ന അടിക്കുറിപ്പോടെ ജയസൂര്യ പങ്കുവെച്ച ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘രണ്ടു സിംഹങ്ങൾ ഒരേ ഫ്രെയിമിൽ’ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ കുറിക്കുന്നു.
കൊച്ചി സപ്ത സ്റ്റുഡിയോയിൽ തന്റെ പുതിയ ചിത്രമായ ‘ടൈറ്റൻസി’ന്റെ ഡബ്ബിങ്ങിനായി എത്തിയപ്പോഴാണ് ജയസൂര്യ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയത്. ധനുഷ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഓം’ ഡബ്ബ് ചെയ്യാനാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ എത്തിയത്. കുറച്ചുസമയം സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ഇരുവരും സമയം ചെലവഴിച്ചു. മമ്മൂട്ടി മറ്റൊരു ഭാഷയ്ക്കായി ഡബ്ബ് ചെയ്യുന്നത് തൊട്ടടുത്തിരുന്ന് കാണാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്നും, വോയിസ് മോഡുലേഷൻ എങ്ങനെ മാറ്റിയെടുക്കണമെന്ന് അദ്ദേഹത്തിൽ നിന്ന് കണ്ടുപഠിക്കാൻ കഴിഞ്ഞെന്നും ജയസൂര്യ വ്യക്തമാക്കി.
അതേസമയം, പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ ഒരു ഫാന്റസി കോമഡി എന്റർടെയ്നറാണ്. ജയസൂര്യയ്ക്കൊപ്പം വിനായകൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, നിഹാൽ, ബേബി ജീൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘അനുഗ്രഹീതൻ ആന്റണി’ക്ക് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ഈ ചിത്രം ‘എബ്രഹാം ഓസ്‌ലറി’നു ശേഷം നേരമ്പോക്ക് ബാനർ നിർമിക്കുന്ന സിനിമ കൂടിയാണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ, പ്രദീപ് സി എസ് എന്നിവർ ചേർന്നാണ് നിർമാണം.