ഇന്റർനെറ്റും എ.ഐയും അപകടമല്ല, അനന്തസാധ്യതകളാണ്: മാതാപിതാക്കളോട് ആസിഫ് അലി

','

' ); } ?>

കരയുന്ന കുട്ടികളെ ശാന്തരാക്കാൻ മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകുന്ന രീതിയെക്കുറിച്ചും ഇന്റർനെറ്റ് കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന അനന്തസാധ്യതകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ആസിഫ് അലി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്പൈഡർമാനും അയൺമാനും ഉൾപ്പെടെയുള്ള സൂപ്പർഹീറോകൾക്ക് പ്രത്യേക സിദ്ധികൾ ലഭിക്കുന്നത് പക്വതയാർജിച്ച ശേഷമാണെങ്കിൽ, ഇന്നത്തെ കുട്ടികൾക്ക് ജനിച്ച് അധികം വൈകാതെ തന്നെ മൊബൈൽ ഫോൺ എന്ന ‘സൂപ്പർ പവർ’ ലഭിക്കുകയാണെന്ന് ആസിഫ് അലി പറഞ്ഞു. തന്റെ മകൻ ഹയാന് കരച്ചിൽ അടക്കാനും ശാന്തനാക്കാനും താനും ആദ്യം നൽകിയത് ഫോൺ ആണെന്ന് അദ്ദേഹം സമ്മതിച്ചു.

ഇന്റർനെറ്റ് ഇന്ന് അധ്യാപകരേക്കാളും മാതാപിതാക്കളേക്കാളും അടുത്ത സുഹൃത്തായി മാറിയിട്ടുണ്ടെന്നും കുട്ടികൾക്ക് പല സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടനൽകാതെ കൃത്യമായ മറുപടി സൈബർ ഇടങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പൈഡർമാൻ സിനിമയിലെ ഓർമ്മപ്പെടുത്തൽ പോലെ വലിയ ശക്തിക്ക് വലിയ ഉത്തരവാദിത്വങ്ങളുമുണ്ട്. എന്നാൽ മുതിർന്നവർക്ക് പോലും ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെയും വലിയൊരു അപകടമായോ തെറ്റായോ കണ്ട് മാതാപിതാക്കൾ മുൻധാരണ വെച്ചുപുലർത്തരുതെന്ന് ആസിഫ് അലി ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് കരിയർ തിരഞ്ഞെടുക്കുന്നതിനും ജീവിതം എളുപ്പമാക്കുന്നതിനും ലോകത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റഡ് പതിപ്പായ ഇന്റർനെറ്റും എഐ ടൂളുകളും വലിയതോതിൽ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആസിഫ് അലിയുടെ വാക്കുകൾ;

“നിങ്ങൾ സൂപ്പർ ഹീറോസിന്റെ സിനിമകൾ കാണാറുണ്ടോ ?. ഇല്ലേ. ‘സ്പൈഡർ മാൻ’, ‘സൂപ്പർ മാൻ’. എന്റെ പ്രിയപ്പെട്ടത് ‘അയൺ മാൻ’ ആണ്. നമ്മുടെ സൂപ്പർ ഹീറോ രമേശ് ചെന്നിത്തല സാറുൾപ്പെടെ, ഇവർക്കെല്ലാവർക്കും സൂപ്പർ പവർ കിട്ടിയത്, ഇവരുടെ എല്ലാവരുടെയും പ്രായത്തിന്റെ പല പല ഘട്ടങ്ങളിലാണ്. ഇവരെല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പക്വത ആർജിച്ചിട്ടാണ് എല്ലാവർക്കും സൂപ്പർ പവറുകൾ കിട്ടിയത്.

പക്ഷേ നിങ്ങൾക്ക് സൂപ്പർ പവർ കിട്ടുന്നത് എപ്പോഴാണെന്ന് അറിയാമോ ?. നിങ്ങൾ ജനിച്ച് വീണ് കരഞ്ഞു തുടങ്ങിയപ്പോഴാണ്. അതായത് നിങ്ങൾ കരഞ്ഞു തുടങ്ങി നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ കൈകാര്യം ചെയ്യാൻ പറ്റില്ല എന്ന് തിരിച്ചറിയുന്ന പോയിന്റിൽ നിങ്ങൾക്കെന്ത് കിട്ടും… നിങ്ങൾക്ക് ഫോൺ കിട്ടും. ഞാനും ചെയ്യുന്നത് അതാണ്. ഹയാൻ ജനിച്ച്, കുറച്ച് കഴിഞ്ഞപ്പോൾ അവനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ ഇവരെ മാനേജ് ചെയ്യാൻ ഞാനാദ്യം കൊടുത്തത് ഫോൺ ആണ്.

ആ ഫോണിൽ കൂടി ഇവർക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. ഇന്റർനെറ്റ് എന്ന് പറയുന്ന സൂപ്പർ പവറിലെ സാധ്യതകൾ എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ നമ്മുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും അധ്യാപകരെക്കാളുമൊക്കെ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറും.

നമുക്കുണ്ടാകുന്ന സംശയങ്ങൾ.. പണ്ട് മാതാപിതാക്കളോട് ചോദിച്ചു കൊണ്ടിരുന്നതിനേക്കാൾ കൂടുതൽ, അധ്യാപകരേക്കാൾ കൂടുതൽ എളുപ്പത്തിലും ഏറ്റവും ഫ്രീയായി നമുക്ക് ചോദിക്കാൻ പറ്റുന്നത് നമ്മുടെ ഫോണിലൂടെ നമ്മുടെ ഇന്റർനെറ്റിനോടാണ്. ആ സൈബർ സ്പെയ്സിനോടാണ്. നമ്മൾ ചോദിക്കുന്നതിന് കൃത്യമായ മറുപടി, ഒരു തെറ്റിദ്ധാരണയുമില്ലാതെ, നിങ്ങളുടെ പ്രായത്തിലുള്ള ഒരാളോട് പറയാമോ എന്ന് പോലും ചിന്തിക്കാത്ത രീതിയിലായിരിക്കും നിങ്ങൾക്ക് ആ മറുപടി കിട്ടുക.

അതൊരു വലിയ സൂപ്പർ പവറാണ്. എന്താകണം എന്നോ അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തീരുമാനം എടുക്കണമെന്നോ നിങ്ങൾക്ക് പക്വത വരുന്നതിന് മുൻപ് നിങ്ങൾക്ക് സമീപിക്കാവുന്ന സൂപ്പർ പവറാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. എത്ര പേർ സ്പൈഡർ മാൻ കണ്ടിട്ടുണ്ട്. ‘സ്പൈഡർ മാനി’ൽ അദ്ദേഹത്തിന്റെ ആന്റി ‘സ്പൈ‍ഡർ മാനോ’ട് പറയുന്നത് എന്താണ്.

ഒരു വലിയ സൂപ്പർ ഹീറോയ്ക്ക് ഒരു പവർ കിട്ടുമ്പോൾ, അതിന് അത്രയും വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങൾക്ക് ഇന്നുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് പറയുന്നത്, ഇതെങ്ങനെ ഉപയോ​ഗിക്കാം എന്നുള്ളതാണ്. ഇത് എത്രത്തോളം ഉപയോ​ഗിക്കാം എന്നുള്ളതാണ്. ഒരിക്കലും ഇതിനെ ലിമിറ്റ് ചെയ്യാൻ പറ്റില്ല. എനിക്ക് പറ്റില്ല. എനിക്കെപ്പോഴും ഞാൻ ഷൂട്ട് കഴിഞ്ഞ് വന്ന് നല്ല ക്ഷീണത്തിലാണെങ്കിലും ഞാൻ വീട്ടിലെ സംസാരം ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ കട്ടിലിലേക്ക് കയറുമ്പോൾ യൂട്യൂബിലേക്ക് കയറിക്കഴിഞ്ഞാൽ ഇഷ്ടമുള്ളതൊക്കെ നമ്മൾ കാണും.

ഏതോ സ്റ്റേജിൽ ഉറങ്ങിയാൽ ഉറങ്ങി. അല്ലെങ്കിൽ രാവിലെ വരെ കണ്ടു കൊണ്ടിരിക്കാം. ഇതിനെ ലിമിറ്റ് ചെയ്യാൻ ഞങ്ങൾക്ക് പോലും പറ്റുന്നില്ല. ഞങ്ങൾ എന്നുദ്ദേശിച്ചത്, പല പ്രായത്തിലുള്ള ആളുകളെയാണ്. ഈ ഫോണിൽ നിന്ന് ഒന്ന് മുഖം മാറ്റി, പുറത്തെ ലോകം ഒന്ന് കാണാൻ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. ഞങ്ങളെ കൊണ്ട് പോലും പറ്റുന്നില്ല. അപ്പോൾ നിങ്ങളുടെ കാര്യമെന്താണെന്ന് നമുക്കെല്ലാവർക്കുമറിയാം.

ഒരുപാട് സാധ്യതകളാണ് ഇന്റർനെറ്റ് നമ്മുടെ കുട്ടികളുടെ മുൻപിൽ ഒരുക്കി കൊടുക്കുന്നത്. ഇതൊരിക്കലും വലിയ അപകടമായിട്ടോ, ഒരു വലിയ തെറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്നോ ഉള്ള മുൻധാരണയോടു കൂടി സമീപിക്കരുത്. അതിന്റെ സാധ്യതകൾ തീർച്ചയായിട്ടും മാതാപിതാക്കൾ മനസിലാക്കണം. നമ്മുടെ ജീവിതത്തിലെ പല തീരുമാനങ്ങളുമെടുക്കാൻ നമ്മൾ വൈകി പോയിട്ടുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആ തിരിച്ചറിവ് നമ്മുടെ കുട്ടികൾക്ക് ഉണ്ടാകണം. അവരുടെ കരിയർ തിരഞ്ഞെടുക്കുന്ന സമയത്തും അവരുടെ ജീവിതം എത്രത്തോളം എളുപ്പമാക്കാം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോഴും അവർക്ക് സഹായകമാകുന്നത്, ഈ ലോകത്തിന്റെ ഏറ്റവും അപ്ഡേറ്റഡ് വേർഷൻസ് ആയ ഇന്റർനെറ്റ് സൗകര്യങ്ങളാണ്. എഐ ടൂൾസ് ആണ്. അത് അപകടകരമാണെന്ന രീതിയിൽ നമ്മളതിനെ സമീപിക്കരുത്”.