
തന്റെ മാനസികാരോഗ്യത്തെയും വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികളുണ്ടായാലും വികാരങ്ങളെ ഉള്ളില്‍ ഒതുക്കിപ്പിടിക്കാതെ പ്രകടിപ്പിക്കുക എന്നതാണ് തന്റെ രീതിയെന്ന് താരം വ്യക്തമാക്കി. സിനിമകള്‍ക്ക് മോശം അഭിപ്രായം ലഭിക്കുമ്പോഴോ ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടാകുമ്പോഴോ താന്‍ മടികൂടാതെ കരയാറുണ്ടെന്നും, ഇമോഷനുകള്‍ കെട്ടിപ്പൂട്ടി വെയ്ക്കുന്നത് മാനസിക നില കൂടുതല്‍ വഷളാക്കുമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ താന്‍ കണ്ട ഒരു ഉദാഹരണം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ മാനസിക വീണ്ടെടുക്കല്‍ രീതി വിശദീകരിച്ചത്. അഴുക്കുവെള്ളം നിറഞ്ഞ ഒരു ജഗ്ഗിലേക്ക് തുടര്‍ച്ചയായി ശുദ്ധജലം ഒഴിക്കുമ്പോള്‍ വെള്ളം തെളിഞ്ഞു വരുന്നത് പോലെ, ജീവിതത്തിലെ വേദനകളും ട്രോമകളും നിറഞ്ഞ അവസ്ഥയിലും ചെറിയ സന്തോഷങ്ങളിലൂടെ മനസ്സിനെ ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക, പ്രിയപ്പെട്ട സിനിമകള്‍ വീണ്ടും കാണുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെയാണ് താന്‍ ഇപ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളിലും സ്വയം സന്തോഷം കണ്ടെത്തുന്നത്. ജീവിതത്തില്‍ കടുത്ത വിഷമഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ തെറാപ്പിയുടെ സഹായത്തോടെയാണ് അതില്‍ നിന്ന് പുറത്തുകടന്നതെന്നും താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഐശ്വര്യയുടെ വാക്കുകൾ;
ഞാന്‍ കരയും, എല്ലാത്തിനും ഞാന്‍ കരഞ്ഞ് സമാധാനപ്പെടും. ഒരു സിനിമ മോശമായാല്‍, ആളുകളില്‍ നിന്ന് മോശം അഭിപ്രായം കിട്ടിയാല്‍, ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടായാല്‍ എല്ലാം ഞാന്‍ കരയും. എന്നെ സംബന്ധിച്ച് ആ ഇമോഷന്‍ നമ്മളില്‍ പിടിച്ചു വയ്ക്കുന്നതിലും എത്രയോ മികച്ചതാണ് അത് എക്‌സ്പ്രസ് ചെയ്ത് പുറത്തു കളയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരു റീല്‍ കണ്ടു, എനിക്കത് വളരെ അധികം റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഒരു ജഗ്ഗിള്‍ മുഴുവന്‍ അഴുക്ക് വെള്ളമാണ്. ആ വെള്ളം എന്നത് നിങ്ങളുടെ വേദനകളും ട്രോമയും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളുമൊക്കെ നിറഞ്ഞതാണ് എന്ന് സങ്കല്‍പിക്കുക. ആ വെള്ളം ശുദ്ധമാക്കാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ശുദ്ധ വെള്ളം എന്നാല്‍, സന്തോഷത്തോടെയുള്ള നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് എത്താന്‍ എങ്ങനെ സാധിക്കും. അതിന് കഴിയുന്ന ഒരേ ഒരു കാര്യം, കൂടുതല്‍ തെളിഞ്ഞ വെള്ളം ആ ജഗ്ഗിലേക്ക് ഒഴിക്കുക എന്നതാണ്.
അതായത് നമ്മുടെ മനസ്സാവുന്ന ആ അഴുക്ക് വെള്ളത്തിലേക്ക് തെളിഞ്ഞ വെള്ളമാവുന്ന നമ്മുടെ സന്തോഷ നിമിഷങ്ങള്‍ നിറയ്ക്കുക. ആ വെള്ളം തെളിഞ്ഞു തെളിഞ്ഞു വരും, ശുദ്ധമാവും. എന്റെ ഏറ്റവും മോശം അവസ്ഥയില്‍ ഞാന്‍ ചെയ്ത കാര്യം അതാണ്.
ഇപ്പോഴും ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കുന്നു. എത്ര മോശം അവസ്ഥയിലും, എന്നെ സന്തോഷിപ്പിക്കാനും, സമാധാനത്തോടെ ഇരിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. അതൊരുപക്ഷേ ചെറിയ ചെറിയ കാര്യങ്ങളായിരിക്കാം, ഒരു പുസ്തകം വായിക്കുന്നതോ ഇഷ്ടപ്പെട്ട സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നതുമൊക്കെയാവാം- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.