25 കോടിയ്ക്കടുത്താണ് ബെത്‌ലഹേമിന്റെ ബജറ്റ്; അടുത്ത സിനിമ ഇതിനേക്കാള്‍ വലുതായേക്കും; ഗിരീഷ് എ ഡി

','

' ); } ?>

മലയാള സിനിമയിലെ മാറിക്കൊണ്ടിരിക്കുന്ന ബജറ്റ് സങ്കല്‍പ്പങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി. പണ്ടൊക്കെ പത്തു കോടി രൂപയുടെ ബജറ്റ് വലിയ പടമായിരുന്നെങ്കില്‍, ഇന്ന് അതൊരു സാധാരണ തുക മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് നിലപാട് വ്യക്തമാക്കിയത്.

താൻ ഇതുവരെ സംവിധാനം ചെയ്ത ഒരു സിനിമയെയും വലിയ പടമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ഗിരീഷ് പറയുന്നു. മലയാള സിനിമയുടെ ഇപ്പോഴത്തെ സ്കെയിൽ അനുസരിച്ച് പണ്ടത്തെ പത്തു കോടി വലിയ തുകയായിരുന്നെങ്കിലും, തന്റെ പുതിയ ചിത്രമായ ‘ബെത്ലഹേമി’ന് ഏകദേശം 25 കോടി രൂപയാണ് ബജറ്റ് വരുന്നത്. എങ്കിലും അതിനെ ഒരു ഭീമൻ ബജറ്റ് പടമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയടിക്ക് വലിയ ബജറ്റുള്ള സിനിമകൾ ആലോചിക്കാതെ, പടിപടിയായി വളർന്നുവന്ന സംവിധായകനാണ് താനെന്നും അത്തരം വലിയ സംരംഭങ്ങൾക്ക് ബിഗ് സ്റ്റാറുകളുടെ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത സിനിമയുടെ ബജറ്റ് മുൻ ചിത്രങ്ങളേക്കാൾ വലുതായിരിക്കണം എന്നതല്ല തന്റെ ആഗ്രഹമെന്നും, മറിച്ച് ആ കഥയ്ക്ക് എന്താണോ ആവശ്യം അതിനനുസരിച്ചുള്ള തുക കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും ഗിരീഷ് വ്യക്തമാക്കി. സിനിമയുടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത്. ‘ബെത്ലഹേം’ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് അടുത്ത പദ്ധതിയെക്കുറിച്ചുള്ള ചിന്തകൾ തുടങ്ങിയതെന്നും, സ്ഥിരം കൂട്ടുകാരനായ കിരണിനൊപ്പമായിരിക്കും അടുത്ത ചിത്രവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗിരീഷിന്റെ വാക്കുകൾ;

‘ഞാന്‍ ചെയ്ത സിനിമകളില്‍ ഒരു പടവും വലിയ പടമെന്ന് പറയാനില്ല. മലയാള സിനിമയുടെ സ്‌കെയില്‍ അനുസരിച്ച് പണ്ടൊക്കെ 10 കോടി രൂപയുടെ പടമെന്ന് പറഞ്ഞാല്‍ ഭയങ്കര വലിയ പടമാണ്. ഇന്ന് അത് ഒരു നോര്‍മല്‍ ബജറ്റാണ്. ബെത്ലഹേമിന്റേത് 25 കോടിയുടെ അടുത്താണ്. അപ്പോഴും ഇത് ഭയങ്കര വലിയ പടമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഗ്രാജ്വലായി ഇങ്ങനെ കയറി വരുന്ന ആളാണ്. ഒറ്റയടിക്ക് അങ്ങനെ ഭയങ്കര ബജറ്റുള്ള പടമൊന്നും ആലോചിച്ചിട്ടില്ല. അങ്ങനെ എടുക്കുകയാണെങ്കില്‍ തന്നെ ഒരു ബിഗ് സ്റ്റാര്‍ പടമൊക്കെയായിരിക്കണം,’ ഗിരീഷ് പറഞ്ഞു.

‘എന്റെ ആഗ്രഹം എന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ സ്മൂത്ത് ആയി പോവുക എന്നതാണ്. അടുത്ത പടം ഇതിനേക്കാള്‍ ബജറ്റ് കൂടുക എന്നതല്ല. മറിച്ച് ആ പടത്തിന് എന്താണ് വേണ്ടത്, ആ സാധനം അതില്‍ ഉണ്ടാകണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതിനേക്കാള്‍ ബജറ്റ് കൂടുമായിരിക്കും. ആ പടത്തിന് അങ്ങനെയാണ് വിചാരിക്കുന്നത്. അടുത്ത പ്ലാന്‍ പറയാറായിട്ടില്ല. ഞാനും കിരണും കൂടെ ഇരിക്കുന്നുണ്ട്. അവനൊപ്പം തന്നെയായിരിക്കും. അത് നീക്കി തുടങ്ങണം. ബെത്‌ലഹേം ഷൂട്ടിനിടെ ആലോചിച്ച ഒരു പരിപാടിയാണ്. അതിന്റെ വേറെ പരിപാടി ഒന്നും ആയിട്ടില്ല,’ ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു.