
നാനാ പടേക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇന്ത്യൻ സിനിമയുടെ ഭാവഭിനയ ചക്രവർത്തിയാണ് വിടപറഞ്ഞതെന്നും അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തിന് നികത്താനാവാത്ത ശൂന്യതയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ഞാൻ ഒരു അഭിനേതാവാണ്, താരമല്ല. താരങ്ങൾ ഒരു നിമിഷത്തേക്ക് മാത്രം തിളങ്ങുന്നു, എന്നാൽ അഭിനേതാക്കൾ എന്നെന്നും നിലനിൽക്കുന്നു’ എന്ന നാനാ പടേക്കറിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദരാഞ്ജലി.
ഇന്ത്യൻ സിനിമാചരിത്രത്തിൽ വേറിട്ട ഭാവപ്രകടനങ്ങൾ കൊണ്ട് സമാനതകളില്ലാത്ത ആധിപത്യം സ്ഥാപിച്ച മഹാപ്രതിഭയായിരുന്നു നാനാ പടേക്കറെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. പരിന്ദ, ക്രാന്തിവീർ, തിരംഗ തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ പ്രകടനങ്ങളും നാട്സാമ്രാട്ട് എന്ന ചിത്രത്തിലെ വികാരനിർഭരമായ മാസ്റ്റർക്ലാസ് അഭിനയവും തലമുറകളിലുടനീളം മായാത്ത മുദ്ര പതിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിനിമാലോകത്തിന് പുറത്ത് ആഴത്തിലുള്ള സഹാനുഭൂതിയും
താഴെത്തട്ടിലുള്ളവർക്കായുള്ള പ്രവർത്തനങ്ങളും കൊണ്ട് നിർവചിക്കപ്പെട്ട വ്യക്തിത്വമായിരുന്നു നാനാ പടേക്കറിന്റേത് എന്ന് സുരേഷ് ഗോപി ഓർമിച്ചു. ‘നാം ഫൗണ്ടേഷനിലൂടെ’ മഹാരാഷ്ട്രയിലെ വരൾച്ചബാധിതരായ കർഷകരെയും ഗ്രാമീണ സമൂഹങ്ങളെയും കൈപിടിച്ചുയർത്താൻ അദ്ദേഹം തനിക്കുള്ളതെല്ലാം നൽകിയെന്നും, ഇത് ലക്ഷക്കണക്കിന് ആളുകളുടെ നിത്യമായ സ്നേഹവും ആദരവും നേടിക്കൊടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ വാക്കുകൾ:
“ഞാൻ ഒരു അഭിനേതാവാണ്, താരമല്ല. താരങ്ങൾ ഒരു നിമിഷത്തേക്ക് മാത്രം തിളങ്ങുന്നു, എന്നാൽ അഭിനേതാക്കൾ എന്നെന്നും നിലനിൽക്കുന്നു– നാന പടേക്കർ.
‘ഭാവഭിനയത്തിന്റെ ചക്രവർത്തിയായ ഒരു മഹാപ്രതിഭയോട് ഇന്ത്യൻ സിനിമ വിടപറയുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ, വേറിട്ട ഭാവപ്രകടനങ്ങൾ കൊണ്ട് ഇതുപോലെ കാന്തികശക്തിയോടെ, സമാനതകളില്ലാത്ത ആധിപത്യം സ്ഥാപിച്ചവർ അപൂർവമാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി വിശകലനം ചെയ്യുമ്പോൾ, ആ ഭാവതീവ്രതയുടെ ആഴത്തെ അദ്ഭുതത്തോടെ നോക്കിക്കാണാൻ മാത്രമേ സാധിക്കൂ.
‘പരിന്ദ’, ‘ക്രാന്തിവീർ’, ‘തിരംഗ’ എന്നീ ചിത്രങ്ങളിലെ പച്ചയായ, അവിസ്മരണീയമായ പ്രകടനങ്ങൾ മുതൽ ‘നാട്സാമ്രാട്ട്’ എന്ന ചിത്രത്തിലെ വികാരനിർഭരമായ മാസ്റ്റർക്ലാസ് അഭിനയം വരെ; അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ സംഭാഷണ ശൈലിയും വിട്ടുവീഴ്ചയില്ലാത്ത സാന്നിധ്യവും തലമുറകളിലുടനീളം മായാത്ത മുദ്ര പതിപ്പിച്ചു.
വെള്ളിത്തിരയ്ക്ക് അപ്പുറം, ആഴത്തിലുള്ള സഹാനുഭൂതിയും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. നാം ഫൗണ്ടേഷനിലൂടെ, മഹാരാഷ്ട്രയിലുടനീളമുള്ള വരൾച്ചബാധിതരായ കർഷകരെയും ഗ്രാമീണ സമൂഹങ്ങളെയും കൈപിടിച്ചുയർത്താൻ അദ്ദേഹം തനിക്കുള്ളതെല്ലാം നൽകി, ലക്ഷക്കണക്കിന് ആളുകളുടെ നിത്യമായ സ്നേഹവും ആദരവും നേടി. നാനാ പടേക്കറിന്റെ വിയോഗം ഇന്ത്യൻ സിനിമയിൽ നികത്താനാവാത്ത ഒരു ശൂന്യതയാണ്, ആദരാഞ്ജലികള് ആ പ്രതിഭയ്ക്ക്’.