
അണിയറയിലെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) ഭരണസമിതിയിൽ വൻ നേതൃമാറ്റം. സംഘടനയെ കൂടുതൽ ജനാധിപത്യപരവും സുതാര്യവുമാക്കുക, ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്നലെ ചേർന്ന നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ അഴിച്ചുപണി നടത്തിയത്. പുതിയ വൈസ് പ്രസിഡന്റുമാരായി നടൻ സിജോയ് വർഗീസും നടി ആശ അരവിന്ദും ചുമതലയേറ്റു. നടി നീനാ കുറുപ്പിനെ ട്രഷററായും സരയുവിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
ഭരണസമിതി അംഗങ്ങളുടെ രാജി മൂലം ഒഴിവുവന്ന തസ്തികകളിലേക്കാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ലക്ഷ്മി പ്രിയ, ജയൻ ചേർത്തല എന്നിവർ രാജിവെച്ച പദവികളിലേക്കാണ് ആശ അരവിന്ദും സിജോയ് വർഗീസും വരുന്നത്. അൻസിബ ഹസനു പകരമായി സരയുവും, ഉണ്ണി ശിവപാലിനു പകരമായി നീനാ കുറുപ്പും ചുമതലയേൽക്കും. യോഗത്തിൽ നടൻ ജോയ് മാത്യുവിന്റെ രാജി അംഗീകരിച്ചെങ്കിലും നടൻ കൈലാഷ് സമർപ്പിച്ച രാജിക്കത്ത് ഭരണസമിതി തള്ളി. തുടർച്ചയായി എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന നടൻ വിനു മോഹന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും തീരുമാനമായിട്ടുണ്ട്.
ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തുടരുന്ന നേതൃത്വത്തിലാണ് ഈ പുനഃസംഘടന. അംഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പുതിയ സമിതി പ്രഥമ പരിഗണന നൽകുന്നത്. മുതിർന്ന താരങ്ങൾക്കുള്ള പ്രതിമാസ ‘കൈനീട്ടം’ പെൻഷൻ, ഇൻഷുറൻസ്, ചികിത്സാ സഹായം എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. മുതിർന്ന താരങ്ങളും യുവതലമുറയും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും ഈ മാറ്റങ്ങൾ ഉപകരിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.