
വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയാണ് 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവെക്കേണ്ടത്. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായ ആശ്രിതര്‍.
1,41,09,840 രൂപയാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരമായി അനുവദിച്ചത്. എന്നാല്‍ കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ തുക കെട്ടിവയ്ക്കുന്ന തീയതി വരെയുള്ള 8.5 ശതമാനം പലിശയും കോടതിച്ചെലവും ചേരുമ്പോഴാണ് ആകെത്തുക ഒരു കോടി 77 ലക്ഷം രൂപയായി ഉയരുന്നത്. കോട്ടയം എം.എ.സി.ടി ജഡ്ജി പ്രസൂണ്ണാണ് നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ജൂണ്‍ 5-ന് തൃശ്ശൂര്‍ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു.
മിമിക്രി വേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ് കൊല്ലം സുധി. പിന്നീട് ചാനല്‍ ഷോകളിലൂടെയും സിനിമാറ്റിക് രംഗത്തും സജീവ സാന്നിധ്യമായി. 2015-ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’, ‘കുട്ടനാടന്‍ മാര്‍പാപ്പ’, ‘കേശു ഈ വീടിന്റെ നാഥന്’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.