
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരക്കൂട്ടായ്മയായ ‘ട്വന്റി ട്വന്റി’യുടെ ഷൂട്ടിങ് അനുഭവങ്ങളും അന്നത്തെ താരങ്ങളുടെ പിണക്കങ്ങളും വെളിപ്പെടുത്തി കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുണ്ടായിരുന്ന അകൽച്ചയും, സംവിധായകൻ ജോഷി സെറ്റിൽ കാണിച്ച കർശന നിലപാടുമാണ് അദ്ദേഹം സഫാരി ചാനലിലെ അഭിമുഖത്തിലൂടെ പങ്കുവെച്ചത്.
‘അമ്മ’ സംഘടനയുടെ ഫണ്ട് റെയ്‌സിങ്ങിനായാണ് ദിലീപിന്റെ നിർമ്മാണത്തിൽ 2008-ൽ ചിത്രം ഒരുങ്ങിയത്. താരങ്ങൾക്ക് പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ മറ്റ് സിനിമകളുടെ തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ നോക്കിയാണ് ചിത്രീകരണം മുന്നോട്ട് കൊണ്ടുപോയത്. ചിത്രത്തിന്റെ ബഡ്ജറ്റോ സാങ്കേതിക ചിലവുകളോ കൃത്യമായി കണക്കുകൂട്ടിയിരുന്നില്ലെന്നും, ഓരോ സീനിലെയും സെറ്റുകൾക്കായി സാധാരണയേക്കാൾ പതിന്മടങ്ങ് തുക ചെലവഴിക്കാൻ ദിലീപ് ആവശ്യപ്പെടുമായിരുന്നുവെന്നും ജോസഫ് നെല്ലിക്കൽ ഓർമ്മിക്കുന്നു.
ചിത്രീകരണത്തിനിടയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുണ്ടായിരുന്ന സൗന്ദര്യപിണക്കം സെറ്റിൽ വലിയ പ്രതിസന്ധിയായിരുന്നു. മമ്മൂട്ടി ഗുഡ് മോർണിങ് പറഞ്ഞെങ്കിലും സുരേഷ് ഗോപി അത് കേൾക്കാതെ മുന്നിലൂടെ കടന്നുപോയത് ഏവരെയും ഞെട്ടിച്ചു. എന്നാൽ ഈ സാഹചര്യത്തിൽ സംവിധായകൻ ജോഷി ഇടപെട്ട രീതി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സുരേഷ് ഗോപിയെ വിളിച്ച് എന്തുകൊണ്ട് മമ്മൂട്ടിയുടെ അഭിവാദ്യം തിരിച്ചുനൽകിയില്ലെന്ന് ജോഷി ചോദ്യം ചെയ്യുകയും, “നിന്റെ വേഷം കെട്ടലെടുക്കരുത്” എന്ന് കർശനമായി ശാസിക്കുകയും ചെയ്തു. മലയാള സിനിമയിൽ അത്തരമൊരു താക്കീത് നൽകാൻ ജോഷിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോസഫ് നെല്ലിക്കലിന്റെ വാക്കുകൾ;
ഈ ചിത്രത്തിന്റെ ചർച്ചകൾ ആരംഭിക്കുന്നത് മുതൽ എപ്പോൾ തുടങ്ങുമെന്നോ എപ്പോൾ തീരുമെന്നോ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. കാരണം ഓരോ സീനിലും ഓരോ താരങ്ങളെ ആവശ്യമുണ്ട്. ഈ താരങ്ങളുടെ ഡേറ്റ് പ്രകാരമാണ് ഷൂട്ടിംഗ് ഷെഡ്യൂൾ വെക്കുന്നത്. ഇവരെല്ലാവരും മറ്റുള്ള സിനിമകളിൽ അഭിനയിക്കുന്ന സമയത്ത് തന്നെയാണ് ഈ ചിത്രത്തിലേക്ക് ജോയിൻ ചെയ്യുന്നത്. ഓരോ സിനിമകളിലും അവരുടെ ഒഴിവ് നോക്കി ട്വന്റി ട്വന്റിയിലേക്ക് ജോയിൻ ചെയ്യും. കാരണം ഇവർക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ തുടരെ ഈ സിനിമയിൽ വർക്ക് ചെയ്യാൻ ആർക്കും പറ്റില്ലായിരുന്നു. അമ്മയെന്ന സംഘടനയുടെ ഫണ്ട് റേസിംഗ് കൂടിയായിരുന്നു ഈ സിനിമ.
ഇതിന് ചുക്കാൻ പിടിച്ചത് ദിലീപാണ്. പ്രൊഡക്ഷനും ദിലീപ് തന്നെയായിരുന്നു. ടോട്ടൽ ബഡ്ജറ്റ് എത്രയാകുമെന്നോ സാങ്കേതികമായ കാര്യങ്ങൾക്ക് എത്രയാകുമെന്നോ കൃത്യമായ കണക്ക് വെച്ചിരുന്നില്ല. ഓരോ സീനിലും സാധാരണ എത്രയാണോ ബഡ്ജറ്റാകുന്നത് അതിനേക്കാൾ പതിന്മടങ്ങ് കൂട്ടിയിടാൻ ദിലീപ് ഭായ് പറയും. കാരണം രണ്ടോ മൂന്നോ മാസമോ വേണമെങ്കിൽ ഒരു വർഷമോ കൂടുതൽ നിൽക്കാൻ കഴിവുള്ള മെറ്റീരിയൽ വെച്ച് സെറ്റിടണം. മെയിൻ കഥാപാത്രങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരെയെല്ലാം മുൻ നിർത്തിയാണ് മറ്റുള്ള കഥാപാത്രങ്ങൾ വന്ന് കൊണ്ടിരിക്കുന്നത്.
ഇവരെയെല്ലാം ഒരുമിച്ച് കിട്ടുക വളരെ ബുദ്ധിമുട്ടാണ്. ആ സിനിമ തീരുന്നത് വരെയും ഭീകര പ്രശ്നം തന്നെയായിരുന്നു. എന്നാൽ ഇവരുടെ ഡേറ്റ് കിട്ടുമ്പോഴെല്ലാം ഞങ്ങളെ പോലുള്ള ടെക്നീഷ്യൻമാരെല്ലാം അവെയ്ലബിൾ ആയിരിക്കണമായിരുന്നു. ആ സമയത്ത് മമ്മൂക്കയും സുരേഷേട്ടനും (സുരേഷ് ഗോപി) തമ്മിൽ സൗന്ദര്യ പിണക്കമുണ്ട്. ഇത് ഞങ്ങൾക്കും ജോഷി സാറിനും അറിയാം. മമ്മൂക്ക റെഡിയായി നിൽക്കുന്ന സമയത്താണ് സുരേഷേട്ടൻ കയറി വരുന്നത്. മമ്മൂക്ക ഗുഡ് മോണിംഗ് പറഞ്ഞു.
പക്ഷെ സുരേഷേട്ടൻ കേട്ടില്ലെന്നാണ് ഞങ്ങളുടെ ധാരണ. അദ്ദേഹം മമ്മൂക്കയുടെ മുന്നിൽ കൂടെ കടന്ന് പോയി. അത് എല്ലാവർക്കും ഷോക്കായി. അവിടെ സംവിധായകനുള്ള പവർ അന്നാണ് ഞങ്ങൾ കണ്ടത്. ജോഷി സർ സുരേഷേട്ടനെ വിളിച്ച് നീയെന്താണ് അവൻ ഗുഡ് മോണിംഗ് പറയാഞ്ഞിട്ട് തിരിച്ച് പറയാഞ്ഞത് എന്ന് ചോദിച്ചു. ഞാൻ കണ്ടില്ല ജോഷിയേട്ട എന്ന് സുരേഷേട്ടൻ. നിന്റെ വേഷം കെട്ടലെടുക്കരുതെന്ന് ജോഷി സർ. അങ്ങനെ പറയാൻ ജോഷി സാറിനെ പറ്റൂ.