
‘തുടരും’ സിനിമയിൽ ശോഭനയ്ക്കായി താൻ ചെയ്ത ഡബ്ബിങ് പിന്നീട് നടി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വർഷങ്ങളായി ശോഭനയ്ക്ക് ശബ്ദം നൽകിവരുന്ന തനിക്ക് നേരിടേണ്ടിവന്നത് വലിയൊരു ദുരനുഭവമാണെന്നും, എന്നാൽ അതിന് ആരുടെയും ഭാഗത്തുനിന്ന് മറുപടി പ്രതീക്ഷിച്ചല്ല ഇക്കാര്യം തുറന്നുപറഞ്ഞതെന്നും അവർ വ്യക്തമാക്കി. പോർട്ടൽ ബൈ ഗദ്ധാഫിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയത്.
തന്റെ കരിയറിൽ ഇത്രയും വർഷത്തെ സേവനത്തിന് ലഭിക്കേണ്ട സാമാന്യ മര്യാദ പോലും ശോഭനയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. താൻ ചെയ്ത ഡബ്ബിങ് മാറ്റി സ്വന്തമായി ഡബ്ബ് ചെയ്യാൻ ആഗ്രഹം തോന്നിയതിൽ തെറ്റില്ലെന്നും, എന്നാൽ അത് തന്നോട് മുൻകൂട്ടി പറയാൻ തയ്യാറാകാതിരുന്നതാണ് വിഷമിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. താൻ പണം വാങ്ങിയിട്ടല്ലേ ജോലി ചെയ്തതെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കും അവർ മറുപടി നൽകി. സിനിമയിൽ എല്ലാവരും പ്രതിഫലം വാങ്ങിയിട്ടാണ് ജോലി ചെയ്യുന്നതെന്നും, ഓരോരുത്തരും അനുഭവങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കുമ്പോൾ അതിനെ സാമ്പത്തികവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ശോഭനയ്ക്ക് ഇനി ഡബ്ബ് ചെയ്യുമോ എന്ന ചോദ്യത്തിന്, ഒന്നുകിൽ കാര്യങ്ങളിൽ വ്യക്തത വരുത്തുകയോ അല്ലെങ്കിൽ താല്പര്യമുണ്ടെങ്കിൽ ആദ്യം തന്നെ നടിമാരോട് ചോദിച്ചുറപ്പിക്കുകയോ ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നാണ് ഭാഗ്യലക്ഷ്മി മറുപടി നൽകിയത്. തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവം ഇനിയും മാറ്റില്ലെന്നും, മറ്റു ഡബ്ബിങ് ആർട്ടിസ്റ്റുകളെ അപേക്ഷിച്ച് തനിക്ക് ചുറ്റും ശത്രുതയും വിരോധവും വർദ്ധിക്കാൻ കാരണം ഈ തുറന്നുപറച്ചിലാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ;
ശോഭനയ്ക്ക് ഞാൻ ഡബ്ബ് ചെയ്യില്ല എന്നൊന്നും പറയുന്നില്ല. ഞാൻ ചോദിക്കും, നിങ്ങൾ രണ്ടിൽ ഒരു തീരുമാനം എടുത്തിട്ട് അതുറപ്പാണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതിയെന്ന്. അല്ലെങ്കിൽ എന്നെ വിളിക്കണ്ട. ആദ്യം അവരോട് ചോദിക്കൂ. അവർക്ക് സ്വന്തമായി ഡബ്ബിങ് ചെയ്യണമെന്ന് ആഗ്രഹവും താത്പര്യവുമുണ്ടെങ്കിൽ അവർ ചെയ്യട്ടെ എന്നാണ് ഞാൻ പറയുക’.
ഞാൻ പറഞ്ഞതിന്റെ അർത്ഥം അവർ മറുപടി പറയണം എന്നുള്ളതല്ല. എനിക്കുണ്ടായ ഒരു ദുരനുഭവമാണ് ഞാൻ പറഞ്ഞത്. ഇത്രയും വർഷം ഞാൻ വർക്ക് ചെയ്തിട്ട്, ഒരു സാമാന്യ മര്യാദയ്ക്ക് എന്നോട് പറയേണ്ടതായിരുന്നു. ‘ഞാനൊന്ന് ഡബ്ബ് ചെയ്തോട്ടെ, എന്റെ ഒരു ആഗ്രഹമാണ്’ എന്ന് അവർക്ക് പറയാമായിരുന്നു. അങ്ങനെ അവർക്ക് ഒരു ആഗ്രഹം തോന്നുന്നതിൽ ഒരു തെറ്റുമില്ല. അത് തെറ്റാണെന്ന് പറയേണ്ട ആവശ്യവുമില്ല’.
നിങ്ങൾ കാശ് വാങ്ങിയിട്ടല്ലേ എന്ന് കുറെ പേർ കമന്റ് ചെയ്തിരുന്നു. അപ്പോൾ അവരും കാശ് വാങ്ങിയിട്ടല്ലേ? അവരും ഫ്രീ ആയിട്ടല്ലല്ലോ ചെയ്യുന്നത്. ഓരോരുത്തരും അവർക്കുണ്ടായ അനുഭവങ്ങളും ദുരിതങ്ങളും പറയുമ്പോൾ അതിന്റെ അർത്ഥം പൈസ വാങ്ങിയോ വാങ്ങിയില്ലയോ എന്നല്ല.
എനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന സ്വഭാവം മാറ്റാൻ പോകുന്നില്ല. മറ്റു ഡബ്ബിങ് ആർട്ടിസ്റ്റുകളെ അപേക്ഷിച്ച് എനിക്ക് ചുറ്റും വിരോധവും ശത്രുതയും ഉണ്ടാകാനുള്ള പ്രധാന കാരണം ഈ തുറന്നുപറച്ചിലാണെന്നാണ് മനസിലാക്കുന്നത്.