
നടി ലക്ഷ്മിപ്രിയയ്ക്കെതിരായ സൈബർ അപകീർത്തി കേസിൽ പാലാരിവട്ടം പൊലീസിനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ രംഗത്ത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് മനഃപൂർവം ജാമ്യം ലഭിക്കാവുന്ന ലഘുവായ വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി തന്നെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് അൻസിബ ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതി അലക്ഷ്യമാണെന്നും, ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ലക്ഷ്മിപ്രിയയ്ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ, സ്റ്റേഷനിൽ നിന്ന് തനിക്ക് ലഭിച്ച എഫ്ഐആർ പകർപ്പിൽ കേവലം അപകീർത്തിപ്പെടുത്തുന്ന വകുപ്പുകൾ (ഡിഫമേഷൻ) മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്നും, സ്ത്രീത്വത്തെ അപമാനിച്ചതുപോലുള്ള ഗൗരവമേറിയ ക്രിമിനൽ വകുപ്പുകൾ ഒഴിവാക്കുകയായിരുന്നുവെന്നും അൻസിബ പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ അനാവശ്യങ്ങൾ പറഞ്ഞാൽ നിയമപരമായ പ്രത്യാഘാതം ഉണ്ടാകില്ലെന്ന തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിന് നൽകുന്നത്. സ്ത്രീയായാലും പുരുഷനായാലും കുറ്റം കുറ്റം തന്നെയാണ്.
താൻ കോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ്, എഫ്ഐആറിലെ പിഴവ് ‘ക്ലെറിക്കൽ മിസ്റ്റേക്ക്’ അല്ലെങ്കിൽ ടൈപ്പിംഗ് മിസ്റ്റേക്ക് ആണെന്ന് കാണിച്ച് പൊലീസ് പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബിഎൻഎസ് പ്രകാരമുള്ള കൃത്യമായ വകുപ്പുകൾ ചേർത്തിട്ടുണ്ടെന്നാണ് ഇപ്പോൾ പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ ഇത് മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമുള്ള പൊലീസിന്റെ തടിയൂടൽ തന്ത്രമാണെന്നാണ് അൻസിബയുടെ നിലപാട്.
മറ്റു രാഷ്ട്രീയ കേസുകളിൽ കാണിക്കുന്ന തീക്ഷ്ണത ഇത്തരം ഗുരുതരമായ സൈബർ അതിക്രമങ്ങളുടെ കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ലെന്നും അൻസിബ കുറ്റപ്പെടുത്തി. ഈ നിയമപോരാട്ടം തനിക്ക് വേണ്ടിയല്ലെന്നും, ലക്ഷ്മിപ്രിയയെപ്പോലെയുള്ളവർക്ക് ചെറിയ പിഴയടച്ച് രക്ഷപ്പെടാൻ അവസരം ലഭിച്ചാൽ നാളെ മറ്റൊരു പെൺകുട്ടിയും ഇതുപോലെ അപമാനിക്കപ്പെടാമെന്നും അവർ ഓർമ്മിപ്പിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് കോടതി നിർദ്ദേശങ്ങൾ പോലും നടപ്പിലാക്കാൻ മടിക്കുന്ന പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും അൻസിബ കൂട്ടിച്ചേർത്തു.
അൻസിബയുടെ വാക്കുകൾ;
‘‘ഞാൻ കൊടുത്ത പരാതിയിൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ച് കേസെടുത്തു. പക്ഷേ എനിക്ക് ഇന്നലെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് തന്ന എഫ്ഐആറിൽ ഡിഫമേഷൻ മാത്രമേ അവർ ഇട്ടിട്ടുണ്ടായിരുന്നുള്ളൂ. കോടതി പറഞ്ഞത്, സ്ത്രീത്വത്തെ അപമാനിച്ച പരാതിയിൽ ക്രിമിനൽ കേസ് ഇടാനാണ്. അപ്പോൾ ഹൈക്കോടതി ഉത്തരവിനെപ്പോലും മറികടന്ന് ഡിഫമേഷൻ മാത്രമാണ് ഇട്ടിരിക്കുന്നത്. അങ്ങനെ ഡിഫമേഷൻ മാത്രമാണെന്നുണ്ടെങ്കിൽ എനിക്ക് ഹൈക്കോടതി വരെ പോകേണ്ട ആവശ്യമില്ലായിരുന്നല്ലോ, ഡിഫമേഷന് കൊടുത്താൽ മതിയായിരുന്നല്ലോ. പക്ഷേ ഇനി ഈ സമൂഹത്തിൽ ഒരു വ്യക്തിയും ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ അനാവശ്യം പറഞ്ഞു കഴിഞ്ഞാൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് ന്യായമാണ്? അതായത് ഒരു പുരുഷൻ ഒരു സ്ത്രീക്കെതിരെ പറഞ്ഞാലേ സ്ത്രീത്വത്തെ അപമാനിക്കലാവുള്ളൂ എന്നുള്ളത് അല്ലല്ലോ. സ്ത്രീ പറഞ്ഞാലും അപമാനിക്കൽ തന്നെ, അവിടെ സ്ത്രീ പുരുഷൻ എന്ന വേർതിരിവിന്റെ ആവശ്യമില്ലല്ലോ.
പക്ഷേ ഇപ്പോൾ ഞാൻ വാർത്തകളിൽ കാണുന്നത്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് അവര് വ്യക്തത വരുത്തിയത് എഫ് ഐ ആറിൽ ക്ലറിക്കൽ മിസ്റ്റേക്ക് വന്നതാണ്, അതില് അത് ചേർക്കാൻ വിട്ടുപോയതാണ് എന്നാണ്. അതായത് അവർ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞിട്ടുള്ള സെക്ഷൻ ഇട്ടിട്ടുള്ളത് തന്നെയാണ്, പക്ഷേ എനിക്ക് തന്ന എഫ് ഐ ആറിൽ ടൈപ്പിംഗ് മിസ്റ്റേക്ക് വന്നതാണ് എന്നാണു പറയുന്നത്. അങ്ങനെ ഇട്ടില്ലെങ്കിൽ അല്ലെങ്കിൽ ഹൈക്കോടതി അലക്ഷ്യത്തിന് ഞാൻ നാളെ കോടതിയിൽ പോകാം എന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് കോടതി അലക്ഷ്യമാണ് പൊലീസുകാര് കാണിച്ചിരിക്കുന്നത്. ഒന്ന് ആലോചിച്ചു നോക്ക്, ഈ കേസിന്റെ പുറകെ ഞാൻ എത്ര നാളായി അലയുന്നത്.
ഇതേ സമയത്ത് ഇവിടെ ഒരു കോൺഗ്രസ് പ്രവർത്തക കേസ് കൊടുത്തപ്പോൾ മൂന്ന് തവണ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് രാഷ്ട്രീയക്കാരുടെ പേരിൽ മോശമായിട്ട്, അവരുടെ പേരിന് കളങ്കം വരുത്തി എന്നുള്ള രീതിയിൽ ഒന്നോ രണ്ടോ വാക്ക് കുറിച്ച ആളുകൾക്കെതിരെ ഇവിടെ എഫ്ഐആർ ഇട്ടിട്ടുണ്ട്, കേസെടുത്തിട്ടുണ്ട്, അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് എനിക്കെതിരെ ടീസറും ട്രെയിലറും പാർട്ട് 1-ഉം പാർട്ട് 2-ഉം ഒക്കെ ഇറക്കിയ ഇത്രയും വലിയ വിഡിയോ വൈറലായി കിടക്കുന്നത്. ഇപ്പോഴും ആ ചാനലിൽ നിന്ന് അത് ഡിലീറ്റ് ചെയ്തിട്ടില്ല. അപ്പൊ അവർക്ക് ഇന്ത്യൻ നിയമവ്യവസ്ഥയോടുള്ള പുച്ഛം കാരണമല്ലേ അവർ അങ്ങനെ ചെയ്തിരിക്കുന്നത്? ഇന്ത്യൻ നിയമത്തിനോട് അവർക്ക് ഒരു വിലയും ഇല്ലാത്തതുകൊണ്ടല്ലേ അവർ അങ്ങനെ ചെയ്തത്. ഒരു ജനാധിപത്യ രാജ്യത്ത് അതല്ലല്ലോ ഉണ്ടാവേണ്ടത്.
ഞാൻ ഇത് എനിക്ക് വേണ്ടി മാത്രമല്ല ചെയ്യുന്നത്. എന്താണെന്നറിയോ ഇതിലുള്ള ഏറ്റവും വലിയൊരു കാര്യം? ഇന്ന് ലക്ഷ്മിപ്രിയയ്ക്ക് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുകയാണെന്നുണ്ടെങ്കിൽ നാളെ ഒരുപാട് സ്ത്രീകളായിരിക്കും കണ്ണീര് കുടിക്കാൻ പോകുന്നത്. കാരണം ലക്ഷ്മിപ്രിയയുടെ അതേ സ്വഭാവത്തിലുള്ള മറ്റു പലരും മറ്റു സ്ത്രീകൾക്കെതിരെ അനാവശ്യം വിളിച്ചു പറഞ്ഞാൽ ചെറിയ പൈസ എന്തെങ്കിലും ഫൈൻ അടച്ച് രക്ഷപ്പെടാം എന്ന ഒരു തെറ്റായിട്ടുള്ള ഒരു മെസ്സേജ് ആണ് സ്പ്രെഡ് ആവാൻ പോകുന്നത്. എന്നെപ്പോലെ ഇനി ഒരു പെൺകുട്ടിയും അനുഭവിക്കാൻ പാടില്ല. ഞാൻ അതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്, ഇനി ഒരു സ്ത്രീയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കപ്പെടാൻ പാടില്ല. ഇതിന് മാതൃകാപരമായിട്ടുള്ള ശിക്ഷ കൊടുത്തിട്ടില്ല എങ്കിൽ നടക്കാൻ പോകുന്നത് വലിയ പ്രശ്നമാണ്. ഇവിടെയുള്ള എല്ലാ മനുഷ്യന്മാരിലും നെഗറ്റിവിറ്റിയുള്ള ആൾക്കാരുണ്ട്, അത് സ്ത്രീ ആയിക്കോട്ടെ പുരുഷൻ ആയിക്കോട്ടെ. മറ്റൊരു സ്ത്രീയെ കുറിച്ച് അനാവശ്യം പറഞ്ഞു കഴിഞ്ഞാൽ കേസ് എടുക്കില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ടായി കഴിഞ്ഞാൽ ക്രിമിനൽ മൈൻഡുള്ള സ്ത്രീകൾ മറ്റ് സ്ത്രീകളെ പറ്റി ഇതുപോലെ മോശം പറയില്ലേ?
കോടതി പറയുന്നത് പോലും പൊലീസുകാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുണ്ടെങ്കിൽ പിന്നെ നമ്മൾ ഏത് രാജ്യത്താ ജീവിക്കുന്നത്? ഇതൊരു ജനാധിപത്യ രാജ്യമല്ലേ, ഇത് ഇന്ത്യയല്ലേ, രാജഭരണമല്ലല്ലോ ഇവിടെ. ഇപ്പോ ഞാൻ ന്യൂസിൽ കാണുന്നത് പൊലീസുകാര് ക്ലറിക്കൽ മിസ്റ്റേക്ക് സംഭവിച്ചതാണെന്നും, കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ സ്ത്രീത്വത്തെ അപമാനിച്ച ബി എൻ എസ് വകുപ്പ് ചുമത്തിയിട്ടുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ കോടതി അലക്ഷ്യത്തിന് നാളെ കോടതിയിൽ പോകും എന്ന് ഇന്നലെയേ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, അത് എല്ലാ ചാനലുകളിലും വന്നിട്ടുമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഇപ്പോൾ ഇങ്ങനെ പറയുന്നത്.’’– അൻസിബ ഹസൻ പറയുന്നു.