
തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന സൂര്യ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ തന്നെ വല്ലാതെ സ്വാധീനിച്ചെന്ന് കന്നട സൂപ്പർസ്റ്റാർ ശിവരാജ്കുമാർ. സിനിമ കണ്ടതിനുശേഷം മാതാപിതാക്കളെ ഓർത്ത് തനിക്ക് ഏറെ നേരം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും കണ്ണ് നിറഞ്ഞുപോയെന്നും താരം വെളിപ്പെടുത്തി. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം തന്റെ മനസ്സിനെ അത്രയേറെ സ്പർശിച്ചതായി അദ്ദേഹം വ്യക്തമാക്കി.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാതാപിതാക്കളോടുള്ള സ്നേഹവും കുടുംബബന്ധങ്ങളുടെ ആഴവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. താൻ സിനിമ കണ്ടപ്പോൾ തന്റെ മാതാപിതാക്കളായ കന്നട ഇതിഹാസ താരം രാജ്കുമാറിനെയും പാർവ്വതമ്മയെയുമാണ് ഓർമ്മവന്നതെന്ന് ശിവരാജ്കുമാർ പറഞ്ഞു. ഭാവിയിൽ ഇതുപോലൊരു മനോഹരമായ കുടുംബ ചിത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവരാജ്കുമാറിന്റെ വാക്കുകൾ
‘‘സിനിമ കണ്ടപ്പോൾ എന്റെ മാതാപിതാക്കളായ കന്നട ഇതിഹാസ താരം രാജ്കുമാറിനെയും പാർവ്വതമ്മയെയുമാണ് ഓർമ്മവന്നത്. കഥയും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും അത്രയേറെ ആഴത്തിൽ സ്പർശിച്ചു. മാതാപിതാക്കളോടുള്ള സ്നേഹവും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും വളരെ മനോഹരമായാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച് ചിന്തിച്ച് എന്റെ കണ്ണ് നിറഞ്ഞു,’’ ശിവരാജ്കുമാർ പറഞ്ഞു.
റിലീസ് ചെയ്തതുമുതൽ മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ചിത്രം നേടുന്നത്. ഈ വർഷം സൂര്യയുടെ കരിയറിലെ രണ്ടാമത്തെ സൂപ്പർഹിറ്റാണിത്. അതേസമയം, രജനികാന്തിനൊപ്പം ശിവരാജ്കുമാർ വീണ്ടും ഒന്നിക്കുന്ന ‘ജയിലർ 2’ ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.