
ബോളിവുഡ് നടി രാകുൽ പ്രീത് സിംഗിന്റെ കുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഫണ്ട് ക്രമക്കേട് ആരോപിച്ച് മുംബൈയിലെ 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
നടി രാകുൽ പ്രീത് സിംഗിന്റെ ഭർതൃപിതാവും പ്രമുഖ ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള ‘പൂജ എന്റർടൈൻമെന്റ്’, ‘പനോരമ സ്റ്റുഡിയോ’ എന്നിവയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. സിനിമകളുടെ നിർമാണത്തിനായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ മറവിൽ വിദേശത്തേക്ക് ഫണ്ട് കടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന സംശയം. മുംബൈ ആദായനികുതി വകുപ്പിന്റെ വിവിധ ടീമുകൾ സ്ഥലത്തെത്തി രേഖകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. ഇതുവരെയും ഔദ്യോഗികമായ കണ്ടെത്തലുകളോ സ്ഥിരീകരണങ്ങളോ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
വഷു ഭഗ്നാനിയുടെ മകനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് രാകുൽ പ്രീത് സിംഗിന്റെ ഭർത്താവ്. ഇതിനിടെ, നടിയുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദവും ഏജൻസികളുടെ അന്വേഷണ പരിധിയിലുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത ഒരു മയക്കുമരുന്ന് കേസിൽ രാകുലിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 2025 ഡിസംബർ 19-ന് വെസ്റ്റ് സോൺ പോലീസും ഇഗ്ഗിൾ (EAGLE) ഫോഴ്സും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായ രണ്ട് വ്യവസായികളിൽ നിന്ന് കൊക്കെയ്നും എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. ഈ പ്രതികളിൽ നിന്ന് അമൻ പ്രീത് സിംഗ് അഞ്ച് തവണ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആദായനികുതി വകുപ്പിന്റെ റെയ്ഡും സഹോദരനെതിരെയുള്ള മയക്കുമരുന്ന് കേസ് അന്വേഷണവും ബോളിവുഡ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.