മമ്മൂട്ടിയുടെ ‘കാതൽ’ മാതൃകയാകുമ്പോൾ തമിഴിൽ ‘ദൊറോത്തി’ക്ക് സൈബർ ആക്രമണം; കീർത്തി ചിത്രത്തിന് രൂക്ഷ വിമർശനം

','

' ); } ?>

മമ്മൂട്ടിയുടെ ‘കാതൽ’ സ്വീകരിച്ച മലയാളി സമൂഹം മാതൃകയാകുമ്പോൾ, തമിഴിൽ കീർത്തി സുരേഷ് ചിത്രമായ ‘ദൊറോത്തി’ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചർച്ചയാകുന്നു. സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് പുതിയ വിവാദങ്ങൾക്ക് കാരണം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘ദൊറോത്തി.’

”മമ്മൂട്ടിയെപ്പോലൊരു നടൻ ‘കാതൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആരും സൈബർ ആക്രമണം നടത്തിയില്ല. എന്നാൽ 2026-ലും എൽജിബിടിക്യു പ്ലസ് സമൂഹത്തിലുള്ളവരെ കുറ്റവാളികളായും രോഗികളായും കാണുന്ന ആളുകൾ ഇവിടെയുണ്ട് എന്നത് കഷ്ടമാണ്. ഒരു സിനിമ കണ്ടതുകൊണ്ട് ആരുടെയും ലൈംഗികത മാറാൻ പോകുന്നില്ല” എന്ന് ചൂണ്ടിക്കാട്ടി ഒരു സിനിമാ പ്രേമി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇതിനകം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

എന്നാൽ, ‘ദൊറോത്തി’ യഥാർഥത്തിൽ ഒരു എൽജിബിടിക്യു+ ചിത്രമല്ലെന്ന് ചലച്ചിത്ര നിരൂപകർ വ്യക്തമാക്കിയിട്ടുണ്ട്. 1990-കളുടെ തുടക്കത്തിൽ ഗ്രാമീണ തമിഴ്‌നാട്ടിലെ ജാതി സംഘടനകളുടെയും ആൺകോയ്മയുടെയും പശ്ചാത്തലത്തിൽ രണ്ട് കുട്ടിക്കാലത്തെ കൂട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നത്. കാർത്തി, സുബ്ബു എന്നീ സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് ദൊറോത്തി എന്ന സ്ത്രീ എത്തുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആൺകോയ്മയെയും പുരുഷ സൗഹൃദങ്ങളെയും കുറിച്ചുള്ള ചിത്രത്തിലെ വേറിട്ട സമീപനത്തെ മുൻനിർത്തിയാണ് ചില കേന്ദ്രങ്ങൾ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്.

മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ ‘കാതൽ – ദ് കോർ’ എന്ന ചിത്രം എൽജിബിടിക്യു പ്രമേയം കൈകാര്യം ചെയ്തിട്ടും വലിയ പ്രേക്ഷക പ്രശംസയും നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിരുന്നു. സ്വവർഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ ധൈര്യത്തെ മലയാളികളും സിനിമാലോകവും ഒരുപോലെ അഭിനന്ദിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *