
സാംസ്കാരിക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തില്‍ അനുശോചനവുമായി നടി നവ്യ നായര്‍. തന്നെിലെ കലാകാരി അദ്ദേഹത്തിന്റെ കലാസപര്യയുടെ തുടര്‍ച്ചയാണെന്നും, അദ്ദേഹത്തിന്റെ ശിഷ്യയാണെന്ന് അഭിമാനത്തോടെ പറയുമെന്നും നവ്യ നായര്‍ കുറിച്ചു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അവസാനമായി ഫോണില്‍ വിളിച്ച ഓര്‍മ്മകളും നവ്യ പങ്കുവെച്ചു.
“കുറച്ചു ദിവസമായി സാർ ആശുപത്രിയിലായിരുന്നു. രാവിലെയും വൈകിട്ടും ഞാൻ വിളിക്കും. മൂന്നു ദിവസം മുൻപ് പ്രദീപേട്ടൻ ഐസിയുവിൽ വെച്ച് ഫോൺ കൊടുത്തപ്പോള്‍ സാർ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചു. വ്യക്തമായി ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല, നവ്യ എന്ന് വിളിച്ച് ക്ലിയറല്ലാതെ സംസാരിച്ചു. അതാണ് അദ്ദേഹത്തെ അവസാനമായി കേട്ടത്,” നവ്യ പറഞ്ഞു.
മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് രാവിലെ 6.45നാണ് അദ്ദേഹം വിടപറഞ്ഞത്. എന്നാല്‍ സൂര്യ പ്രോഗ്രാമുകള്‍ കൃത്യം 6.30ന് തുടങ്ങണമെന്നത് അദ്ദേഹത്തിന് വലിയ നിര്‍ബന്ധമായിരുന്നുവെന്നും, ആ ഒരു ഡിസിപ്ലിനോടെ അദ്ദേഹം ആ സമയത്ത് തന്നെ യാത്രയായതാകാമെന്നും താരം അനുസ്മരിച്ചു. നൃത്തത്തിലെ ഉപരിപഠനത്തിനായി തന്നെ പ്രിയദർശിനി ഗോവിന്ദിന്റെ അടുത്തേക്ക് എത്തിച്ചത് സൂര്യ കൃഷ്ണമൂര്ത്തിയാണെന്നും, താന്‍ എക്കാലവും അദ്ദേഹത്തിന്റെ ശിഷ്യയാണെന്ന് അഭിമാനത്തോടെ പറയുമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കലാപ്രവര്‍ത്തനങ്ങള്‍ അവസാനിക്കരുതെന്നും, അടുത്ത വര്‍ഷത്തെ സൂര്യ ഫെസ്റ്റിവല്‍ വരെ അദ്ദേഹം പ്ലാന്‍ ചെയ്തുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും നവ്യ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ലെഗസി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്നും, അതിന് താനുമൊപ്പമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം…
“കുറച്ചു ദിവസമായി സൂര്യ കൃഷ്ണമൂർത്തി സാർ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. രാവിലെയും വൈകിട്ടും ഞാൻ വിളിക്കും. പ്രദീപേട്ടനെയാണ് വിളിക്കുന്നത്. എന്നും വിളിക്കുന്നതു കൊണ്ടാകും പ്രദീപേട്ടൻ മൂന്നു ദിവസം മുൻപ് ഐസിയുവിൽ ചെന്നപ്പോൾ നവ്യ വിളിക്കുന്നു എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സാർ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചു.
വ്യക്തമായി ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല… നവ്യ.. എന്നു വിളിച്ച് ക്ലിയറല്ലാതെ സംസാരിച്ചു. അതാണ് അദ്ദേഹത്തെ അവസാനമായി കേട്ടത്… മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് 6.45നാണ് സാറ് പോയി എന്നു പറയുന്നത്… സൂര്യ പ്രോഗ്രാം ഞങ്ങൾ എല്ലാ ദിവസവും കറക്ട് 6.30ന് തുടങ്ങും. സാറിനത് വലിയ നിർബന്ധമാണ്. സാർ അപ്പോൾ ആ ഡിസിപ്ലിനോടെ ആ സമയത്ത് തന്നെ പോയതാകും…
അദ്ദേഹം എപ്പോഴും വലിയ അഭിമാനത്തോടെ പറയുമായിരുന്നു, നൃത്തത്തിലെ ഉപരിപഠനത്തിന് എന്റെ ഗുരുനാഥ പ്രിയദർശിനി ഗോവിന്ദിലേക്ക് അദ്ദേഹമാണ് എന്നെ എത്തിച്ചതെന്ന്… ഞാൻ അത്ര തന്നെ അഭിമാനത്തോടെ പറയും ഞാൻ സൂര്യ കൃഷ്ണമൂർത്തിയുടെയും ശിഷ്യയാണെന്ന്…അദ്ദേഹത്തിന്റെ കലാസപര്യയുടെ തുടർച്ചയാണ് എന്നിലെ കലാകാരിയും.
സാറിന്റെ കലാപ്രവർത്തനങ്ങൾ ഒരിക്കലും നിന്നു പോകരുത്. അതാണ് അദ്ദേഹത്തോടുള്ള ആദരവ്. സാറ് ഇത്തവണത്തെ സൂര്യ ഫെസ്റ്റിവെൽ മാത്രമല്ല, അടുത്ത വർഷത്തെ കൂടി പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സാറിന്റെ ലെഗസി എന്നത്തേയ്ക്കുമായി തുടരാൻ സർക്കാർ മുന്നിട്ടിറങ്ങും എന്നുറപ്പാണ്. സാറിനോടുള്ള എല്ലാ ആദരവോടും ഞാനും ഒപ്പമുണ്ടാകും”.