“മാതൃരാജ്യത്തിന്റെ മഹത്തായ ആദരം സർഗ്ഗാത്മകതയുടെ ആകാശം തൊടാനുള്ള പ്രചോദനമാണ്”; നാലാം ദേശീയ പുരസ്‌ക്കാര വേദിയിൽ മമ്മൂട്ടി

','

' ); } ?>

‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റി എന്ന അവിസ്മരണീയ കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാം തവണയും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന്റെ അംഗീകാരം ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടൊപ്പം, തന്റെ അഭിനയവഴികളെക്കുറിച്ചും കഥാപാത്ര നിർമിതിയെക്കുറിച്ചുമുള്ള അനുഭവങ്ങളും പങ്കുവെച്ചു.

മുൻകൂട്ടിയുള്ള നീണ്ട തയ്യാറെടുപ്പുകളേക്കാൾ സെറ്റിലെത്തുന്ന ആദ്യ നിമിഷങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാജിക്കാണ് തന്റെ അഭിനയത്തിന്റെ രഹസ്യമെന്ന് താരം പറയുന്നു. ‘ഭ്രമയുഗ’ത്തിലേക്ക് എത്തുമ്പോൾ തനിക്ക് മുന്നിൽ വെച്ച രൂപരേഖയല്ല പിന്നീട് സിനിമയിൽ സംഭവിച്ചത്. മേക്കപ്പ്മാനും കോസ്റ്റ്യൂമറുമൊപ്പം അരമണിക്കൂർ ചെലവഴിച്ചപ്പോഴേക്കും കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താൻ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. തന്റെ കരിയറിലെ ആദ്യത്തെ സമ്പൂർണ്ണ ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണമായ ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ, മേക്കപ്പ്മാൻ, കോസ്റ്റ്യൂം ഡിസൈനർ, ക്യാമറാമാൻ എന്നിവർക്ക് മമ്മൂട്ടി നന്ദി അറിയിച്ചു.

തന്റെ ദീർഘമായ സിനിമായാത്രയിൽ ഒപ്പം നിന്ന സംവിധായകർക്കും എഴുത്തുകാർക്കും സഹനടന്മാർക്കും നിർമ്മാതാക്കൾക്കും പ്രിയപ്പെട്ട പ്രേക്ഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇനിയും കൂടുതൽ കാലം പ്രേക്ഷകരെ വിനോദിപ്പിക്കാൻ സർവ്വശക്തിയുമെടുത്ത് കഠിനാധ്വാനം ചെയ്യുമെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ വാക്കുകൾ:

‘‘മാതൃരാജ്യത്തിന്റെ ഈ മഹത്തായ ആദരം ഏതൊരു കലാകാരനും സർഗ്ഗാത്മകതയുടെ ആകാശം തൊടാനുള്ള വലിയൊരു പ്രചോദനമാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാമതൊരു തവണ കൂടി എന്നെ തേടിയെത്തുമ്പോൾ, അതിനെ വിനീതമായ ഭാഗ്യമായി ഞാൻ നെഞ്ചോടു ചേർക്കുന്നു. ഇത് വെറുമൊരു പുരസ്കാരമല്ല; സിനിമയെന്ന അദ്ഭുത ലോകത്ത് എന്നെ കൈപിടിച്ചു നടത്തിയ ഒരുപാട് നല്ല മനുഷ്യരുടെ കഥകൂടിയാണ്. എന്നെ വിശ്വസിച്ച സംവിധായകർ, അക്ഷരങ്ങളിലൂടെ ശ്വാസം നൽകിയ എഴുത്തുകാർ, ഒപ്പം നിന്ന സഹനടന്മാർ, നിർമ്മാതാക്കൾ, എല്ലാറ്റിലുമുപരി എന്നെ സ്നേഹിച്ച പ്രിയപ്പെട്ട പ്രേക്ഷകർ… ഇവരെല്ലാം ചേർന്നതാണ് ഈ ദീർഘമായ യാത്ര. ഇത്രയും കാലം അവരെ വിനോദിപ്പിക്കാൻ കഴിഞ്ഞതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇനിയും അത് കൂടുതൽ ഭംഗിയോടെ തുടരാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. പ്രേക്ഷകമനസ്സുകളിൽ എന്നെന്നും തുടരാൻ സർവ്വശക്തിയുമെടുത്ത് കഠിനാധ്വാനം ചെയ്യുമെന്ന് മാത്രമേ എനിക്ക് ഉറപ്പുനൽകാൻ സാധിക്കൂ.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ആദ്യം നോക്കുന്നത് തിരക്കഥയും അതിനുശേഷമാണ് കഥാപാത്രത്തിന്റെ ആഴവുമാണ്. വലിയ തയാറെടുപ്പുകളൊന്നും മുൻകൂട്ടി നടത്തുന്ന ശീലം എനിക്കില്ല. എന്നാൽ, ചിത്രീകരണത്തിന്റെ ആദ്യ ദിനം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ എന്നിലേക്ക് ഏതോ ഒരു ഊർജ്ജം വന്നുനിറയും. അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ്. ഞാനായിട്ട് യാതൊരു മാജിക്കും കാട്ടുന്നില്ല, എന്നാൽ യാദൃച്ഛികമായി ഏതോ ഒരു വശ്യത എന്നെ ആവാഹിക്കുകയും ആ കഥാപാത്രം യാഥാർത്ഥ്യമാവുകയും ചെയ്യുന്നു.

‘ഭ്രമയുഗ’ത്തിലേക്ക് കടക്കുമ്പോൾ അവർ ആദ്യം എനിക്ക് മുന്നിൽ വെച്ച കഥാപാത്ര രൂപരേഖയായിരുന്നില്ല പിന്നീട് സംഭവിച്ചത്. എന്റെ മേക്കപ്പ്മാനോടും കോസ്റ്റ്യൂമറോടുമൊപ്പം അരമണിക്കൂർ ചെലവഴിച്ചപ്പോഴേക്കും ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താൻ എനിക്ക് സാധിച്ചു. എന്റെ സംവിധായകനോടും മേക്കപ്പ് –മാനോടും കോസ്റ്റ്യൂമറോടും, പ്രത്യേകിച്ച് ഇതിന് ദൃശ്യഭാഷയൊരുക്കിയ ക്യാമറാമാനോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. പണ്ടെന്നോ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ഒരു ചെറിയ അതിഥിവേഷം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഒരുപക്ഷേ എന്റെ കരിയറിലെ ആദ്യത്തെ സമ്പൂർണ ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണമാണിത്.’’