
മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്ക് വരെ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ കരിയറിലെ ഏറ്റവും വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഗിരീഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
ഓവർ തിങ്കിങ് സ്വഭാവമുള്ള താൻ എപ്പോഴും പ്രശ്നങ്ങളാണ് കാണാറുള്ളതെന്നും ചിത്രീകരണം നടക്കുന്ന ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പോലും തോന്നാറില്ലെന്നും ഗിരീഷ് പറയുന്നു. പ്രത്യേകിച്ചും ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ സെറ്റിൽ നിയന്ത്രിക്കാൻ പറ്റാത്തത്ര ടെൻഷൻ അനുഭവിച്ചു. സിനിമയിലെ റീ യൂണിയൻ സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് അവസ്ഥ കൂടുതൽ വഷളായത്. കൊരട്ടിയിലും കറുകുറ്റിയിലുമായിട്ടാണ് ഈ രംഗങ്ങൾ എടുത്തത്. ഇതിൽ കറുകുറ്റിയിലെ ഷൂട്ടിങ് സമയത്ത് വലിയ സീനൊന്നുമല്ലായിരുന്നിട്ടും തനിക്ക് കടുത്ത പാനിക് അറ്റാക്ക് പോലെയുണ്ടായി. ആ സമയത്ത് മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും ആ അവസ്ഥ തനിയെ ഡീൽ ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗിരീഷ് എ ഡി യുടെ വാക്കുകൾ
”അങ്ങനെ ആസ്വദിക്കാന്‍ പറ്റാറില്ല. ഓവര്‍ തിങ്കിങ് ഉള്ള ആളാണ് ഞാന്‍. എപ്പോഴും പ്രശ്നങ്ങളേ കാണുകയുള്ളൂ. ഷൂട്ടിന്റെ സമയത്ത് രാവിലെ എഴുന്നേല്ക്കാന് തന്നെ ഇഷ്ടമല്ല. ഓ ഇന്ന് ആ സംഭവം എടുക്കണം. ഇത് എങ്ങനെ എടുക്കണമെന്നാകും ചിന്ത. ഒന്നും ചെയ്യാന്‍ തോന്നില്ല. സെറ്റിലെത്തി ഒന്ന് ഫ്ളോ ആയിക്കഴിഞ്ഞാല്‍ കുഴപ്പമില്ല. തുടക്കമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
പ്രത്യേകിച്ചും ബികെയുവിന്റെ സെറ്റില്‍ ഭയങ്കര ടെന്‍ഷനിലായിരുന്നു. എന്താണെന്നറിയില്ല. നിയന്ത്രിക്കാന്‍ പറ്റാത്ത ടെന്‍ഷന്‍ ആയിരുന്നു. റിയൂണിയന് സീനെടുക്കുമ്പോഴാണ്. രണ്ടിടത്തായിട്ടാണ് അതെടുത്തത്. പുറത്തുള്ള സീന്‍ കൊരട്ടിയിലും മറ്റേത് കറുകുറ്റിയിലുമായിരുന്നു. കറുകുറ്റിയിലെ ഷൂട്ടിന്റെ സമയത്ത് എനിക്ക് ഭയങ്കര ടെന്‍ഷനായി. എന്താണെന്ന് അറിയില്ല. പെട്ടെന്ന് ഞാന്‍ ഭയങ്കര പാനിക് ആയി. അത്ര വലിയ സീനൊന്നുമല്ല. എങ്കിലും എന്തോ? പാനിക് അറ്റാക്ക് പോലെയായി. വേറെ ആര്‍ക്കും അറിയില്ല. അത് എങ്ങനെയൊക്കയോ ഡീല്‍ ചെയ്തു.”
നിവിൻ പോളി-മമിത ബൈജു കൂട്ടുകെട്ടിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ 300 കോടി ക്ലബ്ബ് തൊട്ട് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും ബെത്ലഹേം സ്വന്തമാക്കിയിട്ടുണ്ട്. സംവിധാനം ചെയ്ത അഞ്ചു സിനിമകളിൽ നാലും വിജയിപ്പിച്ച ഗിരീഷ് എ.ഡി, പ്രേമലുവിന്റെ വിജയത്തിനുശേഷമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തിയത്. കണക്കുകളിൽ സിനിമ വൻ വിജയമാണെങ്കിലും അതിന്റെ പിന്നിൽ കടുത്ത മാനസിക സംഘർഷങ്ങളുണ്ടായിരുന്നു എന്നാണ് ഗിരീഷിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.