‘ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും’

','

' ); } ?>

ലോൺ ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി തെലുങ്ക്-തമിഴ് നടൻ സന്ദീപ് കിഷൻ. തനിക്കുണ്ടായ നേരിട്ടുള്ള ഒരു ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം ആരും ഇത്തരം ആപ്പുകളിൽ നിന്ന് പണം വാങ്ങരുതെന്ന് അഭ്യർത്ഥിച്ചത്. തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രൊമോഷന്റെ ഭാഗമായി ‘എസ്എസ് മ്യൂസിക്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ആരാധകയായ ഒരു സ്ത്രീ ലോൺ ആപ്പിൽ നിന്ന് എടുത്ത ചെറിയ തുക തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്ന് നേരിടേണ്ടിവന്ന ഭീകരമായ അനുഭവമാണ് സന്ദീപ് വെളിപ്പെടുത്തിയത്. ആ സ്ത്രീ തന്റെ ഭർത്താവിന്റെ പേരായി ഫോണിൽ സേവ് ചെയ്തിരുന്നത് സന്ദീപിന്റെ പേരായിരുന്നു. ഇതേത്തുടർന്ന് ലോൺ ആപ്പുകാർ സന്ദീപിന്റെ ഫോണിലേക്ക് നോൺസ്റ്റോപ്പായി കോളുകൾ ചെയ്യുകയും വളരെ അസഭ്യമായ രീതിയിലുള്ള ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തു.

ഈ സൈബർ ഭീഷണിയെത്തുടർന്ന് അരമണിക്കൂറിനുള്ളിൽ സന്ദീപ് തന്നെ സ്വന്തം കയ്യിൽ നിന്ന് ആ സ്ത്രീയുമായുള്ള ബാധ്യത തീർക്കുകയായിരുന്നു. ഏകദേശം 40,000 രൂപയോളമാണ് ഇത്തരത്തിൽ അടച്ചുതീർത്തത്. ജോലി ചെയ്യുന്ന ആ സ്ത്രീ പെട്ടെന്നുള്ള ആവശ്യത്തിനായി ചെറിയ തുക ലോൺ എടുത്തതാണെങ്കിലും, ഉയർന്ന പലിശ കാരണം ചുരുങ്ങിയ കാലയളവിൽ ആ തുക കുത്തനെ ഉയരുകയായിരുന്നുവെന്ന് താരം ചൂണ്ടിക്കാണിച്ചു. പണം തിരിച്ചടയ്ക്കാൻ വൈകിയാൽ ലോൺ ആപ്പുകാർ വളരെ ക്രൂരമായ രീതിയിലായിരിക്കും പെരുമാറുന്നതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ഫെയർനെസ് ക്രീം, ആൽക്കഹോൾ, ബാങ്ക് ലോൺ ആപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ താൻ ചെയ്യാറില്ലെന്നും തെറ്റായ കാര്യങ്ങളെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദീപ് വ്യക്തമാക്കി. തനിക്ക് നേരിടേണ്ടിവന്ന ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങളിൽ താൻ ഇപ്പോൾ അതീവ ജാഗ്രത പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് കിഷന്റെ വാക്കുകൾ;

“ഞാനൊരു പരസ്യം ചെയ്തിരുന്നു. തെലുങ്കിലുള്ളവർക്ക് അറിയാം. തെലു​ഗു പരസ്യം ആണത്. ഒരു ആപ്പിന്റെ പരസ്യം ആയിരുന്നു അത്. ഞാൻ എപ്പോഴും വളരെ ശ്രദ്ധിച്ച് ജാ​ഗ്രതയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ്. ഫെയർനെസ് ക്രീം, ആൽക്കഹോൾ, ബാങ്ക് ലോൺ ആപ്, ​ഗെയിമിങ് ആപ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങളൊന്നും ഞാൻ ചെയ്യില്ല.

ഇതൊരു ലൈഫ് സ്റ്റൈൽ പരസ്യമായിരുന്നു. ഒരുപാട് പേർ അതിൽ നിന്ന് സമ്പാദിക്കുന്നുണ്ടെന്നായിരുന്നു എന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ അത് ചെയ്തപ്പോൾ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. കാരണം, അതിനായി ഞാൻ കൈപ്പറ്റിയ തുകയിൽ നിന്ന് 40 ശതമാനത്തോളം സംഭാവനയ്ക്കായി കൊടുത്തു.

ബാക്കി 60 ശതമാനം ആണെനിക്ക്. ഞാൻ ആരുടെ കൂടെ പ്രവർത്തിച്ചാലും അവർ എന്നെ വളരെ നന്നായി ട്രീറ്റ് ചെയ്യാറുണ്ട്. അവരോടൊപ്പമുള്ള ഷൂട്ടിങ്ങും നന്നായിരുന്നു. അതിൽ എനിക്ക് ഖേദമൊന്നും തോന്നിയില്ല. എന്നാൽ വീണ്ടും ഞാൻ അങ്ങനെയൊരു കാര്യം ചെയ്യില്ല.

കാരണം, നിങ്ങൾക്ക് അത് ഇഷ്ടമായില്ലെങ്കിൽ പിന്നെ ഞാനത് ചെയ്യില്ല. അത്രയേ ഉള്ളൂ. ആ കാര്യത്തിൽ ഞാൻ കുറച്ച് ശ്രദ്ധിക്കും. എന്നുവച്ച് ഞാൻ ചെയ്തത് തെറ്റാണ് എന്നൊരു ചിന്തയൊന്നും എനിക്കില്ല. അടുത്തിടെ ഒരു വിഷയത്തിന്റെ പേരിൽ വഴക്ക് വരെയുണ്ടായി. എന്തൊക്കെ പറഞ്ഞാലും തെറ്റായ ഒരു കാര്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അതിന് മുൻപ് കൊക്ക- കോളയുടെ പരസ്യം ഞാൻ ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഞാനത് കുടിക്കുന്നതാണ്. അപ്പോൾ എനിക്കത് നല്ലതായിരുന്നു. അന്ന് അങ്ങനെ ആഴത്തിലുള്ള കാര്യങ്ങളൊന്നും അറിയില്ലല്ലോ. പിന്നെ അത് ശരിയല്ലെന്ന് തോന്നിയപ്പോൾ നിർത്തി.

വേറൊരു ഉദാഹരണം പറയുകയാണെങ്കിൽ, ലോൺ ആപ്പുകൾ. ഒരിക്കലും ആരും അതിൽ നിന്ന് പണം എടുക്കരുത്. ഞാൻ അത്തരത്തിൽ വളരെ മോശമായ ഒരനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ കുറേ ഫാൻസുണ്ട്, അവർ എന്റെ പേര് അവരുടെ ഭർത്താവിന്റെ പേരായി ഫോണിലൊക്കെ സേവ് ചെയ്ത് വയ്ക്കും.

അങ്ങനെ ഏതോ ഒരു സ്ത്രീ, അവരുടെ ഭർത്താവിന്റെ പേരായി എന്റെ പേര് ഫോണിൽ സേവ് ചെയ്ത് വച്ചിട്ട്, ഒന്നൊര മണിക്കൂറിനിടയിൽ എന്റെ ഫോണിലേക്ക് നോൺസ്റ്റോപ്പായി ഒരു 39 കോൾ വന്നു ലോൺ ആപ്പിൽ നിന്ന്. അതിന് പിന്നാലെ അവർ എനിക്ക് മെസേജ് ചെയ്തു. വളരെ വൃത്തിക്കെട്ട ഫോട്ടോകളാണ് അവർ മെസേജ് ആയി എനിക്കയച്ചു തന്നത്.

എന്നിട്ട്, അരമണിക്കൂറിനുള്ളിൽ ഞാൻ തന്നെ അവരുടെ പേയ്മെന്റ് ചെയ്തു കൊടുത്തു. ഏകദേശം ഒരു 40,000 രൂപയോളമുണ്ടായിരുന്നു. അതുകഴിഞ്ഞ് ഞാൻ ആ സ്ത്രീയെ ഫോണിൽ വിളിച്ച് ജാ​ഗ്രതയോടെ ഇരിക്കണമെന്ന് പറഞ്ഞു. ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് അവർ.

ഒരു ചെറിയ പൈസയാണ് അവർ ലോൺ ആപ്പിൽ നിന്ന് എടുത്തത്. അതിനാണ് അവർ ഇത്രയും വലിയ പ്രശ്നമുണ്ടാക്കിയത്. ലോൺ ആപ് തന്നെയായിരുന്നു അത്. ഇപ്പോൾ ഒരുമാസം 8000 രൂപ ലോൺ എടുത്തു എന്ന് വച്ചോ, അടുത്തമാസം ഒരു 6000 രൂപ കൂടി വാങ്ങി. അപ്പോൾ 14,000 രൂപ ആയില്ലേ.

അവരുടെ പലിശ വളരെ കൂടുതലായിരിക്കും. നാല് മാസം കൊണ്ട് 40,000 രൂപ ആകും. പെട്ടെന്നുള്ള എന്തെങ്കിലും ആവശ്യത്തിനായിരിക്കും നിങ്ങൾ ആ പൈസ അങ്ങനെ എടുക്കുന്നത്. പിന്നെ, നിങ്ങൾ പണം അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ട് ആയിരിക്കും. എനിക്ക് അങ്ങനെ വന്നതാണ്.

ആ സ്ത്രീ അവരുടെ ഭർത്താവിന്റെ പേരായി എന്റെ പേര് ഫോണിൽ സേവ് ചെയ്തു. അപ്പോൾ ആപ്പുകാർ വിചാരിച്ചത്, അവരുടെ ഭർത്താവ് ഞാൻ ആണെന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ ഞാനിപ്പോൾ വളരെ ജാ​ഗ്രതയോടെയാണ് ഇരിക്കുന്നത്.”