
സിദ്ധാർത്ഥ് മൽഹോത്രയുടെ പുതിയ ചിത്രമായ ‘ദ വൻ: ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ്’ വിവാദത്തിൽ. ചിത്രത്തിന്റെ ട്രെയിലറിൽ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് യുവ സംഗീത സംവിധായകൻ രംഗത്തെത്തി.
ഗായകനും സംഗീത സംവിധായകനുമായ സർഗം വൈഷാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സർഗം തന്റെ പ്രതികരണം അറിയിച്ചത്. മൂന്ന് വർഷമായി താൻ ഒരു വലിയ സിനിമയ്ക്കായി കഷ്ടപ്പെട്ട് ഒരുക്കിയ ഗാനമാണ് ചിത്രത്തിന്റെ ട്രെയിലറിൽ യാതൊരു മാറ്റവുമില്ലാതെ ഉപയോഗിച്ചിരിക്കുന്നതെന്ന് സർഗം പറയുന്നു. ഏകദേശം 25 സെക്കന്റോളം വരുന്ന ഭാഗമാണ് അനുവാദമില്ലാതെ എടുത്തത്. തന്റെ ഗാനം എങ്ങനെ സിനിമയിലെത്തി എന്ന് വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പാട്ടും ട്രെയിലറിലെ ഭാഗവും ഒരുമിച്ച് പ്ലേ ചെയ്ത് തെളിവ് സഹിതമാണ് സർഗം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രെയിലറിൽ നിന്നും സിനിമയിൽ നിന്നും തന്റെ പാട്ട് ഉടൻ നീക്കം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ചിത്രത്തിന്റെ നിർമ്മാതാക്കൾ നേരിട്ട് ബന്ധപ്പെടണമെന്നും അല്ലെങ്കിൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്നും സർഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. താൻ ഇതിനോടകം തന്നെ ഒരു വലിയ സംഗീത ലേബലുമായി കരാറിൽ ഒപ്പിട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപക് കുമാർ മിശ്രയും അരുണഭ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് ‘ദ വൻ: ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ്’. ബാലജി മോഷൻ പിക്ചേഴ്സും ടിവിഎഫും (ദി ക്യൂൾട്ടർ ഫെഡറേഷൻ) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ കോപ്പിയടി വിവാടം നിർമ്മാതാക്കൾക്ക് തലവേദനയായിരിക്കുന്നത്. സംഭവത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.