
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ഉര്‍വശി കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനപ്പുറം ചിത്രത്തിന്റെ വിജയത്തിനാണ് എപ്പോഴും മുൻഗണന നൽകാറുള്ളതെന്ന് വ്യക്തമാക്കുകയാണ്. നായികയായി തിളങ്ങിനിൽക്കുന്ന കാലത്തുപോലും മികച്ച കഥാപാത്രങ്ങൾക്കായി വേഷം ചെറുതാണെങ്കിൽപോലും വിട്ടുവീഴ്ച ചെയ്യാൻ താൻ തയ്യാറായിരുന്നതായി താരം വെളിപ്പെടുത്തുന്നു.
ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമെന്ന കരുതി താൻ അഭിനയിക്കുന്ന വിവരം പോലും പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് സൂപ്പർഹിറ്റായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ജോഡികളായ ശോഭനയ്ക്കൊപ്പം ഉർവശി വേഷമിട്ടത്. ശോഭന കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ തന്റെ സാന്നിധ്യം നായികയ്ക്ക് ഒരു ഡിസ്ട്രാക്ഷൻ ആകരുതെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
ശോഭനയുടെ കഥാപാത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട തന്റെ വേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ചെങ്കിലും, സിനിമയുടെ വിജയത്തിനായി പരസ്യങ്ങളിലടക്കം തന്റെ സാന്നിധ്യം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. വെറും ഒന്നര ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ചിത്രത്തിനായി ഉർവശി പൂർത്തിയാക്കിയത്. സംവിധായകൻ അനൂപ് സത്യൻ നേരിട്ടെത്തി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ആ കഥാപാത്രത്തിന് സമ്മതം മൂളിയതെന്നും, ചിത്രത്തിന് ലഭിച്ച സ്വീകാര്യത ശോഭനയും വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും ഉർവശി കൂട്ടിച്ചേർത്തു.
അതേസമയം, ഒടുവിൽ പുറത്തിറങ്ങിയ ‘ആശ’ എന്ന ചിത്രത്തിലും ജോജു ജോർജ്, വിജയരാഘവൻ എന്നിവർക്കൊപ്പം ഉർവശി നടത്തിയ തകർപ്പൻ പ്രകടനം വലിയ പ്രേക്ഷക പ്രശംസയാണ് നേടിവരുന്നത്. ഓരോ സിനിമ പിന്നിടുമ്പോഴും അഭിനയത്തിലെ പുതിയ വഴികൾ വെട്ടിത്തുറന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയനടി.
ഉർവശിയുടെ വാക്കുകൾ;
”ലീഡ് റോള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ലീഡ് ചെയ്തു കൊണ്ടിരിക്കെ തന്നെയാണ് വരനെ ആവശ്യമുണ്ട് ചെയ്യുന്നത്. അതിന് എന്റെ പരസ്യമേ കൊടുക്കരുതെന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോയത്. അവസാനം വരെ എന്റെ തല എവിടേയും കാണിച്ചിട്ടില്ല. കണ്ട പ്രേക്ഷകര്‍ പറഞ്ഞതാണ്. ഒരുപക്ഷെ ആ പടം വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഉള്ളതേ ആരും അറിയില്ലായിരുന്നു.
കാരണം ശോഭന ലീഡ് ആയി ചെയ്യുന്ന പടത്തില്‍ ഞാന്‍ ഒരു ഡിസ്ട്രാക്ഷന്‍ ആകരുത്. ഞാന്‍ എപ്പോള്‍ വരുമെന്ന് ആള്‍ക്കാര്‍ നോക്കിക്കൊണ്ടിരിക്കും. ഈ തലമുറയ്ക്ക് ഇഷ്ടപ്പെടാത്തൊരു കഥാപാത്രമാണ് ശോഭനയുടേത്. എന്നാല്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത് ആ പയ്യനെ മിസ് ചെയ്തില്ലെങ്കിലും ആ അമ്മയെ മിസ് ചെയ്യുമെന്നാണ്.
ചില ആര്‍ട്ടിസ്റ്റുകള്‍ നമ്മള്‍ വരുമ്പോള്‍ ഡിസ്റ്റ്രാക്ട് ആയിപ്പോകുമോ എന്ന് ചിന്തിക്കുന്ന ഒരുപാട് കാലമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍. അത് വിചാരിച്ചിട്ട് ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്. അനൂപിന്റെ ഭാഗ്യമോ എന്റെ ഭാഗ്യമോ, അവന്‍ വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ നോ പറയാനായില്ല. ആകപ്പാടെ ഒന്നര ദിവസമാണ് അഭിനയിച്ചത്. അത് പക്ഷെ വൈറലായി. ശോഭന അത് നല്ല രീതിയില്‍ തന്നെ എടുക്കുകയും ചെയ്തു”.