
പ്രസവാനന്തര ശരീരഭാരത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട കടുത്ത സൈബർ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി കത്രീന കെയ്ഫ്. ഗർഭധാരണത്തിനു ശേഷമുള്ള സ്വാഭാവിക ശാരീരിക മാറ്റങ്ങളെ മുൻനിർത്തി കരിയർ അവസാനിച്ചുവെന്നും കൃത്രിമ ഭംഗിയില്ലെങ്കിൽ സിനിമയിൽ നിൽക്കാനാകില്ലെന്നുമുള്ള അധിക്ഷേപങ്ങൾക്കിടയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ‘ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രസവാനന്തര ജീവിതവും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കത്രീന പങ്കുവെച്ചത്.
ബാഹ്യമായ സൗന്ദര്യത്തേക്കാൾ സ്വയം സ്നേഹിക്കാനും പരിപാലിക്കാനും കഴിയുന്നതിലാണ് യഥാർഥ സൗന്ദര്യമെന്ന് നടി വ്യക്തമാക്കുന്നു. പ്രസവത്തിന് ശേഷം ചർമം കൂടുതൽ സെൻസിറ്റീവ് ആയതിനെത്തുടർന്ന് സ്വാഭാവിക ഉൽപന്നങ്ങളിലേക്കാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. പോഷകസമ്പുഷ്ടമായ ആഹാരം, കൃത്യമായ വ്യായാമം, ധ്യാനം, രാവിലെ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ തന്റെ മാനസികാവസ്ഥയിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും താരം പറയുന്നു.
സൈബർ ഇടങ്ങളിലെ അനാവശ്യ വിമർശനങ്ങൾക്കിടയിലും കത്രീനയുടെ കരിയറും ബിസിനസ് സാമ്രാജ്യവും വലിയ വളർച്ചയാണ് നേടുന്നത്. 220 കോടിയിലധികം രൂപ ആസ്തിയുള്ള താരം, ഒരു പ്രോജക്ടിന് 10 കോടിയോളമാണ് പ്രതിഫലം വാങ്ങുന്നത്. താരത്തിന്റെ ‘കേ ബ്യൂട്ടി’ (Kay Beauty) ബ്രാൻഡ് 2026 സാമ്പത്തിക വർഷത്തിൽ 350 കോടിയുടെ വിറ്റുവരവോടെ 46 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സിനിമയ്ക്കും ബിസിനസിനുമൊപ്പം മാനസിക സന്തുലിതാവസ്ഥയ്ക്കായി കുടുംബത്തോടൊപ്പം ഇടവേളകൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും നടി ഓർമിപ്പിക്കുന്നു.
കത്രീനയുടെ വാക്കുകൾ;
‘പ്രസവശേഷം എന്റെ ചർമം വളരെ സെൻസിറ്റീവ് ആയി മാറി. അതുകൊണ്ട് തന്നെ ഏത് ഉൽപന്നങ്ങളാണ് എനിക്ക് യോജിക്കുക എന്ന് മനസ്സിലാക്കിയെടുക്കാൻ അൽപം സമയമെടുത്തു. ചർമത്തിന് ആശ്വാസവും ശാന്തതയും ഉണർവും നൽകുന്ന സ്വാഭാവിക ഉൽപന്നങ്ങളിലേക്കാണ് ഞാൻ ആ സമയത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്’, കത്രീന വ്യക്തമാക്കുന്നു.
മോഡലിങ്ങിലും അഭിനയരംഗത്തും തുടക്കക്കാരിയായിരുന്ന കാലത്ത് സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന മുൻവിധികളെക്കുറിച്ചും കത്രീന സംസാരിച്ചു. അക്കാലത്ത് ‘ഏറ്റവും മനോഹരമായി കാണപ്പെടുക’, എന്നതിനായിരുന്നു മുൻഗണനയെങ്കിൽ, ഇന്ന് തനിക്ക് അതിനേക്കാൾ പ്രധാനം ‘ഏറ്റവും മികച്ചതായി അനുഭവപ്പെടുക’ എന്നതാണെന്ന് നടി കൂട്ടിച്ചേർക്കുന്നു. ബാഹ്യമായ സൗന്ദര്യത്തേക്കാൾ സ്വയം സ്നേഹിക്കാനും പരിപാലിക്കാനും കഴിയുന്നതിലാണ് യഥാർഥ സൗന്ദര്യം. മാനസിക സമ്മർദം കുറയ്ക്കാനായി പതിവായുള്ള ധ്യാനം, രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ മൊബൈൽ ഫോൺ പൂർണമായും ഒഴിവാക്കൽ, രാവിലെയുള്ള പ്രകൃതിദത്തമായ വെയിൽ ഏൽക്കുക എന്നിവ ദിനചര്യയുടെ ഭാഗമാണ്.