
രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ ഇടംപിടിച്ച IDSFFK ചലച്ചിത്രോത്സവത്തിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്. വിവിധ മന്ത്രാലയങ്ങളുടെയും സെൻസർ ബോർഡിന്റെയും അനുമതി ലഭിക്കേണ്ടതിനാലാണ് ചിത്രങ്ങൾ വൈകിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ അനുമതി വൈകിയത് മേളയുടെ സുഗമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമി ഇതിനോടകം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കുന്ന 18-ാമത് കേരള ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തിലേക്ക് (IDSFFK) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്കാണ് ഈ പ്രതിസന്ധി നേരിട്ടിരിക്കുന്നത്. മേളയിലേക്ക് ആകെ 347 സിനിമകളുടെ പ്രദർശനാനുമതിക്കായി അപേക്ഷ ലഭിച്ചതിൽ 291 എണ്ണത്തിന് മാത്രമാണ് ഇതുവരെ അനുമതി ലഭിച്ചത്.
വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി കാത്തുനിൽക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ 20 ചിത്രങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണ്ട നാല് ചിത്രങ്ങളും ഒരു പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ള ചിത്രവുമാണ് പട്ടികയിലുള്ളത്. ഒരു സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതിയും ആറ് സിനിമകളുടെ സംഗ്രഹവും സ്ക്രീനറും കൈമാറാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ഔദ്യോഗികമായി തിരഞ്ഞെടുത്ത 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപതു ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ മൊത്തം 31 ചിത്രങ്ങൾക്കാണ് നിലവിൽ പ്രദർശനാനുമതി ലഭിക്കാത്തത്. മലയാള ചിത്രമായ ‘ഗ്ലോബ്’ അടക്കമുള്ളവ ഇതിൽ പെടുന്നു. ‘പാർലമെന്റ് സ്ട്രീറ്റ്’, ‘സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്’, ‘മെമ്മറീസ് ഓഫ് എ വിൻഡോ’, ‘ബേഡ്‌സ് ഓഫ് വാർ’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, ‘ഔവർ ലാൻഡ്’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും ഈ പ്രതിസന്ധി നേരിടുന്നവയിൽ ഉൾപ്പെടുന്നു. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് പോലും അനുമതി ലഭിക്കാത്ത തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ആവശ്യം.