
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമ സെന്‍സര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നു. സിനിമകളില്‍ മദ്യം, ലഹരി, പുകവലി എന്നിവയുടെ ഉപയോഗത്തിന് മുന്നറിയിപ്പ് നിര്‍ബന്ധമാക്കി. ലഹരി ഉപയോഗവും അക്രമങ്ങളും മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
സ്ത്രീകളെ അവഹേളിക്കുന്ന ഉള്ളടക്കങ്ങള്‍ പാടില്ലെന്നും ലൈംഗികാക്രമണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രമേയത്തിന് അത്യാവശ്യമെങ്കില്‍ ഇത്തരം രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണം. കുട്ടികളെ അക്രമങ്ങളുടെ ഇരകളായോ കുറ്റവാളികളായോ കാണിക്കുന്നതും ബാലപീഡന ദൃശ്യങ്ങളും കര്‍ശനമായി വിലക്കിയിട്ടുണ്ട്. കോടതികളുടെ അന്തസ് ഇടിക്കുന്ന രംഗങ്ങളും ഒഴിവാക്കണം.
മതവിഭാഗങ്ങളെ അവഹേളിക്കുന്നതോ വര്‍ഗീയതയും രാജ്യവിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കുന്നതോ ആയ ദൃശ്യങ്ങളും വാക്കുകളും സെന്‍സര്‍ ബോര്‍ഡ് തടയും. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടസ്സമാകാതെ തന്നെ സിനിമകള്‍ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തമുള്ളതാണെന്ന് ഉറപ്പാക്കുകയാണ് പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.