
മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഒരിക്കലും കഴിയില്ലെന്നു കരുതിയിരുന്ന താൻ, ‘ചെമ്മീൻ’ സിനിമയിലെ ഐകോണിക്ക് ഗാനരംഗം മേക്കപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് നടി ഷീല. മേക്കപ്പ് ഒഴിവാക്കേണ്ടി വന്നതിലുള്ള സങ്കടം വെച്ചിട്ടാണ് ‘ചെമ്മീൻ’ സിനിമയിലെ ആ ഗാനരംഗത്ത് താൻ അഭിനയിച്ചതെന്നും, പരീക്കുട്ടിയെ ഓർത്തുപോലുമല്ല താൻ ആ സമയത്ത് ഇരുന്നതെന്നും താരം വ്യക്തമാക്കുന്നു.
മേക്കപ്പില്ലാതെ താൻ വൃത്തികേടായിരിക്കുമെന്നായിരുന്നു മുൻകാലങ്ങളിലെ തന്റെ ധാരണയെന്നും, മേക്കപ്പ് നീക്കം ചെയ്തേ ഈ സിനിമ എടുക്കൂ എന്ന് നിർമ്മാതാക്കൾ ശാട്യം പിടിച്ചപ്പോൾ താൻ വല്ലാതെ സങ്കടപ്പെട്ടുപോയി എന്നും ഷീല ഓർക്കുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ ഷീലയ്ക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം സിനിമോട്ടോഗ്രാഫർ അഴകപ്പനും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഷീല അമിത മേക്കപ്പിലാണ് എത്തിയതെന്നും, മറ്റ് കഥാപാത്രങ്ങളുമായി ഒട്ടും ചേരാത്ത ആ മേക്കപ്പ് കുറയ്ക്കാൻ ആവശ്യപ്പെട്ടത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അഴകപ്പൻ പറയുന്നു.
ക്യാമറയിൽ റെഡ് ഫിൽട്ടർ ഉപയോഗിക്കണമെന്ന കാരണം പറഞ്ഞാണ് താൻ മേക്കപ്പ് കുറയ്ക്കാൻ ഷീലയെ പ്രേരിപ്പിച്ചതെന്നും, എന്നാൽ മേക്കപ്പ് തുടച്ചാലും ഷോട്ടിന് തൊട്ടുമുമ്പ് ചുണ്ടിൽ ലിപ്സ്റ്റിക് ഒളിപ്പിച്ച് വെച്ച് തേക്കുന്ന ഷീലയുടെ തമാശനിറഞ്ഞ ആ രീതി പിന്നീട് വലിയ കൗതുകമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. മേക്കപ്പിനോട് അന്നും ഇന്നും പ്രത്യേക പ്രണയം സൂക്ഷിക്കുമ്പോഴും, കാലത്തിനനുസരിച്ച് ഗ്രാസ്ഫുളായ പ്രായമാകാനാണ് തനിക്ക് താൽപര്യമെന്ന് തെളിയിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഈ നടി.
ഷീലയുടെ വാക്കുകൾ;
എന്റെ മനസിൽ ഞാൻ മേക്കപ്പ് ഇല്ലാതെ ഭയങ്കര വൃത്തികേടായിരിക്കുമെന്ന സങ്കൽപ്പമാണ്. മേക്കപ്പില്ലാതെ ഞാൻ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞു. എന്നാൽ മേക്കപ്പ് മുഴുവൻ നീക്കിയാലേ ഈ പടം നമ്മളെടുക്കൂയെന്ന് എന്ന് പറഞ്ഞു. ഞാൻ ഭയങ്കര സങ്കടത്തിലായി. മേക്കപ്പ് ഒഴിവാക്കാൻ പ്രൊഡ്യൂസറും മറ്റും പറഞ്ഞു. അങ്ങനെ മേക്കപ്പ് ഒഴിവാക്കി. പെണ്ണാളെ എന്ന പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. എനിക്ക് മനസിനകത്ത് ഭയങ്കര സങ്കടമാണ്. കാരണം മേക്കപ്പൊപ്പം റിമൂവ് ചെയ്തല്ലോ. ആ സങ്കടത്തിൽ ഞാനെടുത്തതാണ് ആ പാട്ട്. വാസ്തവത്തിൽ ഞാൻ പരീക്കുട്ടിയെ ഓർത്തൊന്നുമല്ല ഞാനവിടെ ഇരുന്നത്. എന്റെ മേക്കപ്പ് നീക്കിയല്ലോ എന്ന സങ്കടമായിരുന്നു.
മുമ്പൊരിക്കൽ സിനിമോട്ടോഗ്രാഫർ അളകപ്പനും ഷീലയ്ക്ക് മേക്കപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഷീലയുടെ മനസിനക്കരെ എന്ന സിനിമയിൽ അളകപ്പനായിരുന്നു സിനിമോട്ടാേഗ്രാഫർ. ലൊക്കേഷനിൽ വന്നപ്പോൾ ഷീല ചേച്ചിയുടെ മേക്കപ്പ് ഭയങ്കര കൂടുതലായിരുന്നു. ബാക്കി കഥാപാത്രങ്ങളുമായി ചേരുകയേ ഇല്ല. പഴയ കാലത്ത് പാൻ കേക്ക് ഉപയോഗിച്ചിരുന്നത് അറിയാതെ പോയതാണോ എന്നറിയില്ല. ഷീല ചേച്ചി ഫുൾ മേക്കപ്പിലാണ് വന്നത്. പഴയ കാലത്ത് അങ്ങനെയാെരു മേക്കപ്പിന്റെ ആവശ്യമുണ്ടായിരുന്നു. ഞാൻ സത്യേട്ടനെ നോക്കി. അഴകപ്പൻ പോയി പറയെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പേടിയായിരുന്നു. അവർ ആക്സ്പറ്റ് ചെയ്യുമോ എന്ന്. എനിക്കവരെ പരിചയവും ഇല്ല.
ഞാൻ ഒരു റെഡ് ഫിൽട്ടർ എടുത്ത് പോയി. ചേച്ചി ഈ ഫിൽട്ടർ ക്യാമറയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ ഭയങ്കര കളർഫുളായി കിട്ടാനാണെന്നും പറഞ്ഞു. ഇത്ര മേക്കപ്പ് വേണ്ട, കാരണം അപ്പോൾ റെഡ് ഫിൽട്ടർ ഉപയോഗിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ചേച്ചി ആകെ കൺഫ്യൂഷനായി. നിങ്ങളുടെ പേരൊക്കെ കേട്ടിട്ടുണ്ട്, നല്ല പടങ്ങൾ ചെയ്ത ആളല്ലേ എന്ന് ചോദിച്ചു. സംസാരിച്ച് ഞാൻ വന്നു. ചേച്ചിയെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് കരുതുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. അവരില്ലെങ്കിൽ ആ ക്യാരക്ടറില്ല. എനിക്കാണ് ആ പടം നഷ്ടപ്പെടുക.
ഞാൻ കാര്യം പറഞ്ഞപ്പോൾ ചേച്ചി മേക്കപ്പ്മാനെ വിളിച്ച് മേക്കപ്പ് ഒഴിവാക്കി. എന്നാൽ ഷോട്ടിന് തൊട്ട് മുമ്പ് ചുണ്ടിൽ ലിപ്സ്റ്റിക് കാണും. മേക്കപ്പ് തുടയ്ക്കുമെങ്കിലും ടേക്കിന് മുമ്പ് ഒന്ന് തിരിയും. കയ്യിൽ ലിപ്സ്റ്റിക് വെച്ചിട്ട് ആ സമയത്ത് ഒന്ന് തേക്കുന്നതാണ്. അത് ഹ്യൂമർ സിറ്റുവേഷനാണെങ്കിലും ഞാൻ വീണ്ടും ആ ഫിൽട്ടർ എടുത്ത് കൊണ്ട് പോയി. നിങ്ങൾ എന്നെ മേക്കപ്പ് ചെയ്യാൻ സമ്മതിക്കില്ലേ എന്ന് ചോദിച്ച് ഇറിറ്റേഷനുണ്ടായി. ഹാപ്പിനെസുണ്ടായി. പിന്നെയാണ് ഷീല മേക്കപ്പ് തുടച്ച് അഭിനയിക്കാൻ തയ്യാറായതെന്നും അളകപ്പൻ ഓർത്തു.