
സംഗീത് പ്രതാപും താനും ഒന്നിച്ചഭിനയിച്ച എല്ലാ സിനിമകളിലും തമ്മിൽ പ്രശ്നങ്ങളാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ തങ്ങൾ തമ്മിൽ വലിയ സൗഹൃദമാണുള്ളതെന്ന് നടൻ ശ്യാം മോഹൻ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് റിപ്പോർട്ട് ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ആദ്യ ചിത്രമായ ‘പത്രോസിന്റെ പടപ്പുകളിലേക്ക്’ തന്നെ നിർദ്ദേശിച്ചത് സംഗീതാണെന്നും അന്നുമുതൽ തുടങ്ങിയ ബന്ധമാണ് അതെന്നും ശ്യാം മോഹൻ പറഞ്ഞു. ‘പ്രേമലു’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളിലും ഇപ്പോഴത്തെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും ഒന്നിച്ച് അഭിനയിക്കുമ്പോൾ തങ്ങൾ തമ്മിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ റിയൽ ലൈഫിൽ ഏത് കാര്യവും പരസ്പരം തുറന്നുപറയുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത് ഇപ്പോൾ നായകനായി മുന്നേറുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്ക് അവനെ ഇപ്പോൾ സ്വന്തം ആളായിട്ടാണ് തോന്നുന്നതെന്നും ശ്യാം മോഹൻ പറഞ്ഞു. ‘ഹൃദയം’ സിനിമയിൽ മോഹൻലാലിനൊപ്പം നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച സംഗീത്, തന്റെ പ്രകടനം കൊണ്ടാണ് പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്യാം മോഹന്റെ വാക്കുകൾ;
‘പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത് സംഗീതാണ്. ആ സിനമയില്‍ അവന്‍ എഡിറ്ററും ക്രിയേറ്റീവ് ഡയറക്ടറുമമെല്ലാം ആയിരുന്നു. അന്ന് തൊട്ടുള്ള ഒരു പരിചയമാണ്. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായിരിക്കും. പ്രേമലുവിലും അതുപോലെ തന്നെ ബ്രോമാന്‍സിലും പ്രശ്‌നമാണ്.
ബ്രോമാന്‍സില്‍ ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബെത്‌ലഹേമിലും അത് തന്നെയാണ്. പക്ഷേ റിയല്‍ ലൈഫില്‍ ഞങ്ങള്‍ തമ്മില്‍ ഭയങ്കര ക്ലോസാണ്. എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം പറയും. ഇപ്പോൾ അവൻ നായകനായി വരുമ്പോഴും സന്തോഷമാണ്. അവനെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണ്. അവനെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് നമ്മുടെ ആളാണ് എന്നൊരു ഫീലിങ് വന്നിട്ടുണ്ട്. അത് അവന്റെ പെര്‍ഫോമന്‍സ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുത്തതാണ്.
ഹൃദയത്തില്‍ മോഹന്‍ലാലിനെ പോലെ ഒരു നടന്റെ കൂടെ നിന്നിട്ട് സ്‌കോര്‍ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള പരിപാടിയല്ല. നമ്മുക്ക് വിയർക്കും. പക്ഷേ അവൻ സിനിമയിൽ ഉടനീളം മോഹൻലാലിന് ഒപ്പം നിന്ന് സ്കോർ ചെയ്തു. ആളുകൾ എല്ലാം ഇവൻ സൂപ്പർ ആയെന്ന് പറഞ്ഞു. കഴിഞ്ഞ ഓണം പോലെ തന്നെ ബെത്‌ലഹേമിലൂടെ ഈ ഓണവും അവന്‍ ഗംഭീരമാക്കിയിട്ടുണ്ട്,’ ശ്യാം മോഹന്‍ പറഞ്ഞു.