
ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരി ചിത്രമായ ‘രാമായണ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജയ് ജയ് ശ്രീറാം’ എന്ന് തുടങ്ങുന്ന ഗാനത്തിന് എ.ആർ. റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. അർജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും വേഷമിടുന്ന ഗാനരംഗത്തിന് വൻ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിലും, ഗാനം പുറത്തുവന്നതോടെ അഭിപ്രായങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞു. പാട്ടിലെ വിഷ്വൽ എഫക്ട്സിനെയും (VFX) പശ്ചാത്തല സംഗീതത്തെയും ഭൂരിഭാഗം പേരും പ്രശംസിക്കുന്നുണ്ട്. ട്രെയ്‌ലറിനേക്കാൾ നിലവാരം വിഎഫ്എക്സിന് പാട്ടിൽ കാണാൻ കഴിയുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സായ് പല്ലവിയുടെ സീതാദേവി എന്ന കഥാപാത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയത്തിലെ ലാളിത്യവും ഭാവങ്ങളും കണ്ട് കണ്ണ് നിറഞ്ഞുപോയെന്നും, സാക്ഷാൽ സീതാദേവിയെ നേരിൽ കാണുന്ന അനുഭൂതിയാണ് നൽകുന്നതെന്നും ആരാധകർ പറയുന്നു. അർജിത്തിന്റെയും ശ്രേയയുടെയും ആലാപനമികവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
“സായ് പല്ലവി സീതയായി അഭിനയിക്കുക മാത്രമല്ല ചെയ്യുന്നത്; ഓരോ ഫ്രെയിമിലും അവർ അസാധാരണമായ ലാളിത്യവും കരുണയും ശാന്തതയും കൊണ്ടുവരുന്നു. സംഭാഷണങ്ങൾ തുടങ്ങുന്നതിനു മുൻപേ അവരുടെ കണ്ണുകൾ സംസാരിക്കുന്നു; അവരുടെ ഭാവങ്ങൾ, നിശബ്ദതയ്ക്ക് പോലും അർഥം നൽകുന്നു.. സാക്ഷാൽ സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ’,’പറയാൻ വാക്കുകളില്ല. ഒരാൾക്ക് ഇത്രയധികം മനോഹരമായി എങ്ങനെയിരിക്കാൻ കഴിയും ? സീത എത്തിയിരിക്കുന്നു.”
ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രൺബീറും സായ് പല്ലവിയും കൂടാതെ യഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മൺ), ശോഭന (കൈകേയി) തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.