മമ്മൂട്ടിക്കൊപ്പമുള്ള സിനിമകള്‍ നഷ്ടപ്പെട്ടത് കരിയര്‍ വിവാദങ്ങള്‍ കാരണം; വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ

','

' ); } ?>

മമ്മൂട്ടിക്കൊപ്പമുള്ള മുൻകാല അനുഭവങ്ങളും പിന്നീട് സിനിമകള്‍ ചെയ്യാൻ കഴിയാതെ വന്നതിന്റെ കാരണങ്ങളും തുറന്നുപറഞ്ഞ് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പഴയകാല ഓര്‍മകള്‍ പങ്കുവച്ചത്. ‘ദാദാ സാഹിബ്’, ‘രാക്ഷസ രാജാവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയത് 2004-ലെ ‘അമ്മ’ സംഘടനയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും സമരവുമൊക്കെയാണെന്ന് വിനയൻ വ്യക്തമാക്കുന്നു.

ആലുവ കൊലക്കേസ് ചർച്ചയായ സമയത്ത്, വിക്രമിനെ നായകനാക്കി നിശ്ചയിച്ചിരുന്ന ‘കാശി’ എന്ന തമിഴ് ചിത്രം മാറ്റിവച്ചാണ് മമ്മൂട്ടിയുടെ നിർദേശപ്രകാരം ഒരുമാസത്തിനകം ‘രാക്ഷസ രാജാവ്’ ഒരുക്കിയതെന്ന് വിനയൻ ഓർമിക്കുന്നു. നെഗറ്റീവ് ഷെയ്ഡുള്ള രാമനാഥൻ ഐ.പി.എസ് എന്ന ശക്തമായ കഥാപാത്രം അന്നത്തെ മമ്മൂട്ടി ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

എന്നാൽ പിന്നീട് സിനിമാരാഷ്ട്രീയം മാറിമറിഞ്ഞു. പ്രൊഡ്യൂസർമാരുമായുള്ള കരാര്‍ വിഷയത്തിൽ 2004-ൽ ‘അമ്മ’ സംഘടന നടത്തിയ സമരത്തിന് എതിരെ പൃഥ്വിരാജും പ്രിയാമണിയും അഭിനയിച്ച ‘സത്യം’ എന്ന സിനിമ ചെയ്തതോടെ താൻ സൂപ്പര്‍താരങ്ങള്‍ക്ക് അനഭിമതനായി മാറിയെന്ന് വിനയൻ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സിൽ കരാർ വേണമെന്ന നിലപാടാണ് തനിക്ക് അവസരങ്ങളും നഷ്ടങ്ങളും ഉണ്ടാക്കിയത്. എങ്കിലും അന്ന് താൻ തുടങ്ങിയ കരാർ രീതിയാണ് ഇന്ന് സിനിമാമേഖല പിന്തുടരുന്നത് എന്നതില്‍ ചാരിതാർത്ഥ്യമുണ്ട്. തൊഴിലാളികൾക്കുവേണ്ടി ട്രേഡ് യൂണിയൻ ഉണ്ടാക്കിയതും കരിയറിനെ ബാധിച്ചു.

അന്നത്തെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നില്ലെങ്കിൽ മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്യാമായിരുന്നുവെന്ന് വിനയൻ കരുതുന്നു. എങ്കിലും മമ്മൂട്ടിയുടെ ഇന്നത്തെ എനർജിയും അഭിനയത്തോടുള്ള ആത്മാർത്ഥതയും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയന്റെ ഫേസ്ബുക് പോസ്റ്റ്..

രാക്ഷസ രാജാവിന്റെ ഷൂട്ടിംഗ് സെറ്റിൽ മമ്മുക്കയുമൊത്ത്.

ആ ചിത്രത്തിലെ രാമനാഥൻ I P S എന്ന മമ്മുക്കയുടെ വേഷം അന്നത്തെ മമ്മൂട്ടി സിനിമകളിൽ വച്ച് വ്യത്യസ്തമായിരുന്നു… നെഗറ്റീവ് ക്യാരക്ടറായി ഇൻട്രൊഡ്യൂസ് ചെയ്യുന്ന ശക്തനായ ഒരു പോലീസ് കമ്മീഷണറുടെ കഥാപാത്രം. അന്ന് പ്രമാദമായ ആലുവ കൊലക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു.. പെട്ടെന്ന് ഒരുമാസത്തിനകം കഥയും തിരക്കഥയും ഒക്കെ ശരിയാക്കി ഒരു സിനിമ ഷൂട്ടു ചെയ്യുക എന്ന ദൗത്യം ഒരു ചലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നു അന്ന്.

കരുമാടിക്കുട്ടന്റെ റിലീസ് തിരക്കിനിടയിലും അതു കഴിഞ്ഞാലുടനെ വിക്രമിനെ വച്ച് ചെയ്യുന്ന തമിഴ്ചിത്രം കാശിയുടെ ഡിസ്കഷനിടയിലുമാണ് കഥയുണ്ടങ്കിൽ ഉടനെ ഒരു ചിത്രം ചെയ്യാമെന്ന മമ്മുക്കയുടെ നിർദ്ദേശം വന്നത്.. കാശി മാറ്റിവച്ചിട്ടാണ് രാക്ഷസ രാജാവ് ചെയ്തത് ദാദാ സാഹിബ് കഴിഞ്ഞ ഉടനെ ആയിരുന്നു രണ്ടാമത്തെ മമ്മുട്ടി ചിത്രവും ഷൂട്ടു ചെയ്തത്.. ഒരു വർഷ്ം മൂന്നും നാലും ചിത്രങ്ങൾ എന്റേതായി റിലീസു ചെയ്യാറുള്ള സമയമായിരുന്നു അത്…

പിന്നീട് സിനിമയിലെ പൊളിറ്റിക്സ് വഷളായ കാലമായിരുന്നു. നിർമ്മാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടില്ല എന്ന് താര സംഘടനയായ അമ്മ വാശിപിടിച്ച് ഒടുവിൽ 2004ൽ സമരത്തിലേക്കു പോയ സമയം. അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാൻ ചെയ്തു.. അതോടെ അമ്മയ്കും സൂപ്പർ താരങ്ങൾക്കുമെല്ലാം ഞാൻ അനഭിമതനായി മാറുകയായിരുന്നു. അമ്മയുടെ സമരം പൊളിച്ചവൻ എന്ന പേരു വീണു.

ലക്ഷങ്ങളും കോടികളും കൈമാറുന്ന ബിസിനസ്സിൽ പരസ്പരം എഗ്രിമെന്റ് വയ്കണം എന്ന ശക്തമായ അഭിപ്രാമായിരുന്നു എനിക്ക്. അതെന്റെ നിലപാടായിരുന്നു.. അതുകൊണ്ട് കുറേ അവസരങ്ങളും വലിയ സാമ്പത്തിക നഷ്ടവും ഒക്കെ എനിക്കുണ്ടായി എന്നതു സത്യമാണ്. നമുക്കു ശരിയെന്നു തോന്നുന്ന ചില നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ വേറെ ചില നഷ്ടങ്ങൾ നമുക്കുണ്ടാകാം.. അതു സഹിച്ചേ പറ്റൂ.. പക്ഷേ ഇന്നു സിനിമക്കാർ ഒപ്പിടുന്ന എഗ്രിമെന്റ് അന്ന് 2004ൽ ആരംഭിച്ചതിന്റെ തുടർച്ചയാണ് എന്നോർക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്.

ഒരു പക്ഷേ അന്നാ ഇഷ്യൂവിൽ ഞാൻ ഇടപെട്ടില്ലായിരുന്നു എങ്കിൽ മമ്മൂക്കയെ വച്ചു തന്നെ കുറെ സിനിമകൾ അക്കാലത്തു ചെയ്തേനെ. പിന്നീട് സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ പോയതും ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. ചിലർക്ക് അത്തരം സ്ഥാനങ്ങൾ ഗുണമുണ്ടാക്കിയേക്കാം.. പക്ഷേ എനിക്കു വ്ക്തിപരമായി പലരുടേം ശത്രുത സമ്പാദിക്കാനേ കഴിഞ്ഞുള്ളു.. സംഭവിച്ചതെല്ലാം നല്ലതിന്… ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്. നമുക്കു നിർഭയം യാത്ര തുടരം എന്നണെന്റെ പ്രമാണം.

ഏതായാലും മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും എനിക്കേറെ സ്മരണീയമാണ് ഓർമ്മകളിൽ സന്തോഷം പകരുന്നവയാണ്.. ഇന്ന് ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേൽക്കാതെയുള്ള ആ എനർജി കാണുമ്പോൾ അത്ഭുതവും തോന്നാറുണ്ട്.. അതു തന്നെ പുതിയ തലമുറയ്ക്ക് അനുകരണീയമാണ്-