
ബാലതാരമായി ഒപ്പം വേഷമിട്ടവരെ പിന്നീട് നായികമാരാക്കുന്നുവെന്ന വിമർശനങ്ങളോട് മമ്മൂട്ടി ഒരിക്കൽ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മകളായി അഭിനയിച്ച പെൺകുട്ടി പിന്നീട് നായികയായപ്പോൾ നാണം തോന്നിയില്ലേ എന്ന് സെൻട്രൽ ജയിലിൽ വെച്ചുള്ള അഭിമുഖത്തിനിടെ താൻ ചോദിച്ചുവെന്നും, ഇത് പ്രകോപിതനായ താരം തന്നെ രൂക്ഷമായി ശകാരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
1983-ൽ പുറത്തിറങ്ങിയ ജോഷി-കലൂർ ഡെന്നീസ് ചിത്രം ‘ആ രാത്രി’യിൽ മമ്മൂട്ടിയുടെ മകളായി മിനിമോളെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബേബി അഞ്ജുവായിരുന്നു. പിന്നീട് ജോഷി സംവിധാനം ചെയ്ത ‘കൗരവർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഇതേ അഞ്ജു മമ്മൂട്ടിയുടെ നായികയായി എത്തിയത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ശാന്തിവിള ദിനേശ് വിവാദ ചോദ്യം ഉന്നയിച്ചത്. ചോദ്യം കേട്ടയുടൻ പ്രകോപിതനായ മമ്മൂട്ടി അപമാനകരമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നുവെന്ന് ശാന്തിവിള ദിനേശ് ഓർക്കുന്നു.
ബാലു മഹേന്ദ്രയുടെ ‘ഓളങ്ങൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു, കെ.പി. കുമാരന്റെ ‘രുഗ്മിണി’യിലൂടെ 1988-ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം ‘നീലഗിരി’, ‘കിഴക്കൻ പത്രോസ്’ എന്നീ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായി ‘താഴ്വാരം’, ‘കാട്ടുകുതിര’ എന്നീ ചിത്രങ്ങളിലും വേഷമിട്ട അഞ്ജു പിന്നീട് സിനിമയിൽ നിന്ന് അകലുകയും തമിഴ്-മലയാളം സീരിയൽ രംഗത്തേക്ക് ഒതുങ്ങുകയും ചെയ്യുകയായിരുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ;
ജോഷി-കലൂർ ഡെന്നീസ് കൂട്ടുകെട്ട് ആരംഭിച്ചത് മമ്മൂട്ടി ചിത്രം ആ രാത്രിയിലൂടെയാണ്. ആദ്യ സിനിമ തന്നെ ജൂബിലി എന്ന ബാനറിനെ പ്രശസ്തമാക്കി. വലിയ സാമ്പത്തിക വിജയം നേടിയ സിനിമയുമായിരുന്നു ആ രാത്രി. ആ രാത്രി കണ്ട കുടുംബങ്ങളിലെ പലരും പിന്നീട് കുറേക്കാലം സെക്കന്റ് ഷോ കാണാനായി സ്കൂട്ടറിൽ തിയേറ്ററിൽ പോകാൻ ഒന്ന് അറച്ചിരുന്നു. 1983 ഏപ്രിൽ 23 ആം തിയ്യതിയായിരുന്നു ആ രാത്രി റിലീസായത്. രവി എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ റോളാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ഭാര്യ ഇന്ദുവായി പൂർണ്ണിമ ജയറാമും മകൾ മിനി മോളായി ബേബി അഞ്ജുവും അഭിനയിച്ചു. മമ്മൂട്ടി മകളായി അഭിനയിച്ച അഞ്ജു ജോഷി സാറിന്റെ തന്നെ കൗരവർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷവും ചെയ്തിരുന്നു. ഒരിക്കൽ സെൻട്രൽ ജയിലിൽ വെച്ച് മമ്മൂക്കയെ ഞാൻ ഇന്റർവ്യു ചെയ്തിരുന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിച്ചതിന് മമ്മൂക്ക എന്ന ചീത്ത വിളിച്ചു.
നിങ്ങളുടെ മകളായി അഭിനയിച്ച പെൺകുട്ടി ഭാര്യയായി നിങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ നിങ്ങൾക്ക് നാണം തോന്നിയില്ലേ എന്നാണ് ഞാൻ മമ്മൂക്കയോട് ചോദിച്ചത്. സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ. അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു. ബാലു മഹേന്ദ്രയുടെ ഓളങ്ങളിൽ അഭിനയിച്ചശേഷം അക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു ബേബി അഞ്ജു.
ഓളങ്ങളിൽ ആൺകുട്ടിയായിട്ടാണ് അഞ്ജു അഭിനയിച്ചത്. മാധവിക്കുട്ടി എഴുതിയ രുഗ്മിണിക്ക് ഒരു പാവക്കുട്ടി എന്ന കഥയിൽ നിന്നും രൂപം കൊണ്ട കെപി കുമാരന്റെ രുഗ്മിണി എന്നൊരു സിനിമയുണ്ട്. നല്ല സിനിമയാണ്. രണ്ടാനച്ഛനാൽ ബലാത്സംഗത്തിന് ഇരയാകുന്ന ഹതഭാഗ്യയായ രുഗ്മിണിയായി ആ സിനിമയിൽ അഭിനയിച്ചതും അഞ്ജുവായിരുന്നു. നല്ല പ്രകടനമായിരുന്നു.
1988ലെ മികച്ച സംവിധായകനായി ആ സിനിമയിലൂടെ കെപി കുമാരനും മികച്ച നായികയായി അഞ്ജുവും മികച്ച കഥാകൃത്തായി മാധവിക്കുട്ടിയും ഈ സിനിമയിലൂടെ സംസ്ഥാന അവാർഡുകൾ നേടി. കിഴക്കന്‍ പത്രോസിലും കൗരവരിലും മാത്രമല്ല നീലഗിരി എന്ന മമ്മൂട്ടി ചിത്രത്തിലും അഞ്ജു ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയായി ഭരതന്റെ താഴ്വാരത്തിലും പിന്നീട് കാട്ടുകുതിരയിലും അഞ്ജു അഭിനയിച്ചു.
എസ്.എല്‍. പുരത്തിന്റെയും ലോഹിതദാസിന്റെയും ഡെന്നീസ് ജോസഫിന്റെയും എംടിയുടെയും രഞ്ജിത്തിന്റെയും നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് താരം. പേരിന് ചില പടങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും നിലനില്‍പ്പിനായി തമിഴ്-മലയാളം സീരിയല്‍ നടിയായി പിന്നീട് ഒതുങ്ങി പോവുകയായിരുന്നു അഞ്ജു.