
മലയാളത്തിലെ സൂപ്പര്‍താരനിരയടക്കം അണിനിരന്ന മെഗാഹിറ്റ് ചിത്രം ‘ട്വന്റി-20’ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണുകയില്ലെന്നും നടന്‍ നന്ദു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദുവിന്റെ തുറന്നുപറച്ചില്‍. താരസംഘടനയായ ‘അമ്മ’യുടെ ആദ്യകാല അംഗമായിട്ടും ചിത്രത്തില്‍ ഒരു ചെറിയ വേഷം പോലും തനിക്ക് നല്‍കാതിരുന്നതാണ് ഇന്നും മനസ്സിലെ വലിയ വിഷമമെന്ന് താരം വ്യക്തമാക്കി.
കടയുടെ സൈഡില്‍ വെറുതെ ഒരു മൂലയ്ക്ക് നിന്നാല്‍ മതിയെന്ന് ജോഷി, ദിലീപ്, രഞ്ജിത്ത്, സുരേഷ് ഗോപി എന്നിവരോടെല്ലാം നേരിട്ട് ചോദിച്ചിരുന്നു. എന്നാല്‍ ആരും പരിഗണിച്ചില്ല. പിന്നീട് ചിത്രങ്ങള്‍ കാണുമ്പോള്‍ തനിക്ക് ചെയ്യാമായിരുന്ന വേഷങ്ങള്‍ മനസ്സിലാകുമെന്നും, അത് അവഗണനയായി തോന്നാതിരിക്കാനും ആ ബന്ധം തുടരാനുമാണ് ആ സിനിമകള്‍ കാണാത്തതെന്നും നന്ദു പറഞ്ഞു. അതേസമയം, സംവിധായകന്‍ ജോഷിയുമായി പിന്നീട് മികച്ച ബന്ധമുണ്ടാവുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.
2008-ല്‍ പുറത്തിറങ്ങിയ ‘ട്വന്റി-20’ ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ദിലീപാണ് നിര്‍മ്മിച്ചത്. ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തോളം നിറഞ്ഞോടിയിരുന്നു.
നന്ദുവിന്റെ വാക്കുകൾ;
”ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരോടും വേഷം ചോദിച്ചതാണ്. ജോഷി സാറോടും ചോദിച്ചു, ദിലീപിനോടും ചോദിച്ചു. രഞ്ജിത്തിനോടും ചോദിച്ചു. സുരേഷ് ഗോപിയോടും ചോദിച്ചു. വെറുതെ കടയുടെ സൈഡില്‍ നിന്നാല്‍ മതി. അമ്മയുടെ ആദ്യകാല അംഗമെന്ന നിലയില്‍ അങ്ങനൊരു സിനിമ വരുമ്പോള്‍ ഒരു മൂലയില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞു. എത്ര പറഞ്ഞിട്ടും എനിക്ക് അതിലൊരു അവസരം കിട്ടിയില്ല. അത് ഇന്നും ഭയങ്കര വിഷമമാണ്.
ആ സിനിമ കാണില്ല. ആ സിനിമയും, അതുപോലെ വേറെ ചില സിനിമകളും കാണില്ല. പല സിനിമകളിലും വേഷം ആഗ്രഹിച്ച് ചോദിച്ചപ്പോള്‍ പറ്റിയ വേഷമില്ലെന്ന് പറയും. പിന്നീട് ആ സിനിമ കാണുമ്പോള്‍ നമുക്ക് പറ്റിയ വേഷമുണ്ടെന്ന് മനസിലാകും. അപ്പോള്‍ നമ്മളോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ്. അത് മനസില്‍ ഭയങ്കര വിഷമമുണ്ടാക്കും. ഇത് എനിക്ക് ചെയ്യാമായിരുന്നു. പക്ഷെ എന്നെ എന്തുകൊണ്ട് അവഗണിച്ചുവെന്ന് ചിന്തിക്കും. ആ സ്‌നേഹ ബന്ധം നിലനില്‍ക്കട്ടെ എന്ന് കരുതിയാണ് കാണാത്തത്.”
മലയാള സിനിമയിലെ പ്രമുഖരെല്ലാം ഒരുമിച്ചെത്തിയ ചിത്രമാണ് ട്വന്റി-20. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി എന്നിവരും യുവതലമുറയിലെ താരങ്ങളും മുതിര്‍ന്ന അഭിനേതാക്കളും ചേര്‍ന്ന് അഭിനയിച്ച ചിത്രം. താരസംഘടന അമ്മയ്ക്ക് വേണ്ടിയൊരുക്കിയ സിനിമയുടെ സംവിധാനം ജോഷിയായിരുന്നു. ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു ട്വന്റി-20.