
സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പാർട്ടിയിൽ കരുണ നഷ്ടപ്പെട്ടുവെന്നും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശയപ്രചാരണത്തിനായി താൻ സംവിധാനം ചെയ്ത ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം പാർട്ടി ചാനൽ തള്ളിയതാണ് വഴിത്തിരിവായത്.
പി. കൃഷ്ണപിള്ള ഒളിവിലിരുന്ന പൈതൃകമുള്ള കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നുള്ളയാളാണ് അനിൽ വി. നാഗേന്ദ്രൻ. 1998 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രമൊരുക്കിയിരുന്നു. ഗൗരിയമ്മ രണ്ട് പതിറ്റാണ്ടിനുശേഷം എകെജി സെന്ററിലെത്തിയത് ഈ സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിനായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രമായിരുന്നിട്ടും ഇതിന്റെ സാറ്റലൈറ്റ് അവകാശം പാർട്ടി ചാനൽ ഏറ്റെടുത്തില്ല.
തമിഴിൽ ഒരുക്കിയ മറ്റൊരു ചിത്രവും നേതാക്കൾ കണ്ടിരുന്നു. ചിത്രം പാർട്ടി ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പത്രത്തിൽ ലേഖനമെഴുതുകയും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വാഗ്ദാനം വിശ്വസിച്ച് കലൈഞ്ജർ ടിവിയുടെ മികച്ച ഓഫർ ഒഴിവാക്കിയെങ്കിലും പാർട്ടി ചാനൽ പിന്നീടു പിന്മാറി. കെ.എൻ. ബാലഗോപാൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലം മുതൽ പാർട്ടിയിൽ സജീവമായിരുന്നെങ്കിലും വർഗശത്രുവിനോടുള്ള സമീപനമാണ് ചിലരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി അടക്കമുള്ള പദവികൾ താൻ സ്വയം ഒഴിവാക്കുകയായിരുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയും എം. സ്വരാജും തന്നെ വിളിച്ചിരുന്നതായി അനിൽ വെളിപ്പെടുത്തി. പാർട്ടിയെ പരുക്കേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അധികാരം കരുണയില്ലാത്തവരുടെ കയ്യിലാണെന്നും സഹനത്തിന്റെ പരിധി കഴിഞ്ഞതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.