
കരിയറിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച നിവിൻ പോളിയുടെ പഴയകാല വാക്കുകൾ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് നടൻ അജു വർഗീസ്. ‘ഒരു ദിവസം വരും, ഒരു പരിപാടി വരും, ഒരു ഫ്രൈഡേ വരും. നിർത്തിപ്പോകാതെ ഇരുന്നാൽ മതി’ എന്ന നിവിന്റെ പഴയ അഭിമുഖത്തിലെ വാചകങ്ങളാണ് അജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
സൈമ പുരസ്‌കാരങ്ങൾ നേടിയ ‘സർവം മായ’ ടീമിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അജുവിന്റെ ഈ കുറിപ്പ്. നായകൻ നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തിശ്രീ ഗോപാലൻ എന്നിവരടങ്ങുന്ന ചിത്രമാണ് അജു പങ്കുവെച്ചത്.
നിവിൻ നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റ് പദവിയിലേക്ക് കുതിക്കുന്നതിനിടെയാണ് അജുവിന്റെ ഈ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് തുടർച്ചയായ പരാജയങ്ങളെ എങ്ങനെ നേരിട്ടുവെന്ന ചോദ്യത്തിന് നിവിൻ നൽകിയ മറുപടിയാണിത്.
‘സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടുതരും’, എന്നായിരുന്നു നിവിന്റെ വാക്കുകൾ. ‘നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക’, അഭിമുഖത്തിൽ നിവിന് ഒപ്പമുണ്ടായിരുന്ന അജു കൂട്ടിച്ചേർത്തു.