
താൻ വിവാഹമോചിതനായെന്ന വെളിപ്പെടുത്തലുമായി നടൻ ശ്രീനാഥ് ഭാസി. 2024-ലാണ് ഭാര്യ റീതു സക്കറിയയുമായി വേർപിരിഞ്ഞതെന്നും നിലവിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ‘എഫ്ടിക്യു വിത്ത് രേഖ മേനോൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി വ്യക്തിജീവിതത്തിലെ ഈ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
വിവാഹമോചന വാർത്ത ഇതുവരെ അധികമാർക്കും അറിയില്ലായിരുന്നുവെന്നും വേർപിരിയലിനു ശേഷം മാതാപിതാക്കളോടൊപ്പമുള്ള ജീവിതമാണ് തനിക്ക് താങ്ങായതെന്നും താരം പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമുള്ള കൊച്ചു കൊച്ചു വഴക്കുകളും വീട്ടുവിശേഷങ്ങളും പങ്കുവെച്ച ശ്രീനാഥ്, നിലവിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു മുന്നോട്ടുപോകുകയാണെന്നും വ്യക്തമാക്കി. മാതാപിതാക്കൾക്കായി വളർത്തുമൃഗങ്ങളെ വാങ്ങ നൽകി അവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2016-ലായിരുന്നു തിരുവനന്തപുരം സ്വദേശിയായ റീതു സക്കറിയയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിവാഹം നടന്നത്. ശ്രീനാഥ് വി.ജെ ആയി പ്രവർത്തിച്ചിരുന്ന കാലയളവിലാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പത്തു വർഷം നീണ്ട ദീർഘകാലത്തെ സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
ശ്രീനാഥ് ഭാസിയുടെ വാക്കുകൾ;
‘‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.
‘നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല’ എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്. കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ അവർക്ക് കൂട്ടി കൊടുക്കും.’’–ശ്രീനാഥ് ഭാസിയുടെ വാക്കുകൾ.