
ചെറിയ മുതൽമുടക്കിലെത്തിയ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ വൻ വിജയമായതോടെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മലയാളി നടി അനിഷ്മ അനിൽകുമാർ. ഒന്നിനുപിറകെ ഒന്നായി തമിഴിൽ അഭിനയിച്ച മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച നേട്ടമുണ്ടാക്കിയതോടെ കോളിവുഡിലെ ജനപ്രിയ നായികമാരുടെ നിരയിലേക്കാണ് ഈ മലയാളി താരം ഉയർന്നിരിക്കുന്നത്.
രാജാ കറുപ്പസാമി സംവിധാനം ചെയ്ത് റിഷികാന്ത് നായകനായ ‘മോദരാത്രി’ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് അനിഷ്മ തമിഴിൽ ഹാട്രിക് നേട്ടം പൂർത്തിയാക്കിയത്. ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയതോടെ തമിഴ് പ്രേക്ഷകർക്കിടയിൽ താരത്തിന്റെ ജനപ്രീതി വർദ്ധിച്ചു.
2025-ൽ പുറത്തിറങ്ങിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു അനിഷ്മയുടെ തമിഴ് അരങ്ങേറ്റം. വെട്രിമാരന്റെ സഹസംവിധായകനായിരുന്ന സുരേഷ് രാജകുമാരി ആദ്യമായി സ്വതന്ത്ര സംവിധായകനായ ഈ ചിത്രം വെറും മൂന്ന് കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചതെങ്കിലും 32 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ചിത്രത്തിലെ ‘നീലോത്തി’ എന്ന ഗാനം പാൻ-ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു. തുടർന്ന്, നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായ ‘യൂത്ത്’ എന്ന ചിത്രത്തിലും അനിഷ്മ നായികയായി എത്തി. ആറ് കോടി ബജറ്റിലെത്തിയ ഈ ചിത്രം 82 കോടി രൂപയോളം കളക്ട് ചെയ്ത് മികച്ച വിജയം കൈവരിച്ചു. സുരാജ് വെഞ്ഞാറമൂട്, മീനാക്ഷി ദിനേശ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.
2023-ൽ ‘പൂവൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിഷ്മ, ‘തെക്ക് വടക്ക്’, ‘ഐ ആം കാതലൻ’, ‘മരണമാസ്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഐ ആം കാതലനി’ൽ നസ്ലിന്റെ കാമുകിയായും ‘മരണമാസ്സി’ലെ ‘ജസ്സി’ എന്ന കഥാപാത്രത്തിലൂടെയും മലയാളി പ്രേക്ഷകരുടെ മനംകവർന്ന ശേഷമാണ് തമിഴകത്തും നടി തന്റെ വിജയം തുടരുന്നത്.