
തമിഴ്നാട്ടിൽ സിനിമാ ചിത്രീകരണത്തിനിടെ തന്റെ ഗോത്രം ഏതാണെന്ന ചോദ്യം നേരിടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രമായ ‘ആശ’യുടെ പ്രചാരണത്തിന്റെ ഭാഗമായി രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് നേരിട്ട വ്യത്യസ്തമായ ഈ അനുഭവം വെളിപ്പെടുത്തിയത്.
പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈറോഡിലെ ബർഗൂർ വനമേഖലയിൽ ഒരു മാസത്തോളം കഴിയേണ്ടി വന്നപ്പോഴാണ് ഈ സംഭവമുണ്ടായത്. 1996 പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഫോൺ നെറ്റ്വർക്കോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് മൂന്നു നേരവും ഉപ്പുമാവും ബിസ്കറ്റും മാത്രം കഴിച്ചാണ് കഴിഞ്ഞുകൂടിയത്.
കേരളീയർക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള ശക്തമായ ജാതിവ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന ഗ്രാമമായിരുന്നു അത്. അമ്പലങ്ങളിൽ വഴിപാടിനായി നക്ഷത്രം ചോദിക്കുന്നത് പോലെയാണ് അവിടെയുള്ളൊരാൾ തന്റെ ‘ഗോത്രം’ ഏതാണെന്ന് ചോദിച്ചത്. ജീവിതത്തിൽ ഇന്നുവരെ അഭിമുഖീകരിക്കാത്ത അത്തരമൊരു ചോദ്യം തന്നിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് താരം പറയുന്നു. എന്നാൽ, അത് ആ നാട്ടുകാരുടെ ജീവിതരീതിയുടെയും സംസ്കാരത്തിന്റെയും ഭാഗമായതിനാൽ അതിനെ കുറ്റപ്പെടുത്താനാകില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.
ഐശ്വര്യയുടെ വാക്കുകൾ
“ഏകദേശം ഒരു മാസത്തോളം ഞാൻ ഈറോഡിൽ ആയിരുന്നു. നെറ്റ് വർക്ക് ഒന്നുമില്ലാത്ത ഒരു മനോഹരമായ ഫോറസ്റ്റ് ഏരിയ ആയിരുന്നു അത്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും അവിടെ കിട്ടില്ല. ഞാൻ മൂന്ന് നേരവും ഉപ്പുമാവ് ആണ് കഴിച്ചിരുന്നത്. പിന്നെ ബിസ്കറ്റുമൊക്കെ കഴിച്ചാണ് ഞാൻ ജീവിച്ചു കൊണ്ടിരുന്നത്. അതൊരു തമിഴ് സിനിമയുടെ ഷൂട്ടിങ് ആയിരുന്നു. ടൈറ്റിൽ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. ഞാൻ അതിൽ ഒരു പൊലീസ് കഥാപാത്രമായാണ് എത്തുന്നത്.
ഈറോഡിലെ ബർഗൂർ എന്ന സ്ഥലത്തായിരുന്നു നമ്മൾ. ഭയങ്കര വ്യത്യസ്തമായ ജീവിതമായിരുന്നു അവിടെ. നമ്മൾ 1996 കാലഘട്ടമാണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ സംവിധായകനോട് ചോദിച്ചു, ‘ഇത് ആളുകൾ അതിനു മുൻപുള്ള കാലഘട്ടമാണോ എന്ന് തെറ്റിദ്ധരിക്കുമോ’ എന്ന്. ഭയങ്കര പഴയതായി നമുക്ക് ഫീൽ ചെയ്യും. അതൊരു ഗ്രാമം ആയിരുന്നു. ഭയങ്കര വ്യത്യസ്തമാർന്ന സംസ്കാരമൊക്കെയുള്ള ഒരു ഗ്രാമം.
കേരളത്തിൽ നിന്ന് വരുന്നവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ജാതി വ്യവസ്ഥ ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. എന്റെയടുത്ത് ഒരാൾ ഗോത്രം ചോദിച്ചു. എന്റെ ജീവിതത്തിൽ ഇന്നേവരെ ആരും ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല. അമ്പലത്തിൽ പൂജയ്ക്ക് ഒക്കെ പോകുമ്പോൾ ചിലപ്പോൾ അവർ നാൾ ചോദിക്കും.
ഇത് ചോദിക്കുന്നതിൽ എന്ത് വ്യത്യാസമാണ് ഉള്ളത്. അതെനിക്ക് ഭയങ്കര ബുദ്ധിമുട്ടായി. പക്ഷേ ഇത് സംഭവിച്ച കാര്യമാണ്. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അങ്ങനെ ഒരു അനുഭവമുണ്ടായി. അത് അവരുടെ സംസാകാരമാണ്, അവർ ജീവിച്ച രീതിയുടേതാണ്. അതിനെ നമുക്ക് ജഡ്ജ് ചെയ്യാനാകില്ല”.