“അന്ന് എന്റെ കൂടെ അഭിനയിച്ചവര്‍ക്ക് എന്നോട് അസൂയ തോന്നി, എനിക്കാണെങ്കിൽ മടുത്തു പോയിരുന്നു”; ആന്റണി വർഗീസ് പെപ്പെ

','

' ); } ?>

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണേക്കാൾ കൂടുതൽ സമയം താൻ ബാറ്റ് ചെയ്തിട്ടുണ്ടെന്ന രസകരമായ അനുഭവവുമായി നടൻ ആന്റണി വർഗീസ് (പെപ്പെ). ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ രണ്ട് മണി വരെ തുടർച്ചയായി 12 മണിക്കൂറോളമാണ് താൻ ഗ്രൗണ്ടിൽ ബാറ്റ് ചെയ്തതെന്ന് താരം വെളിപ്പെടുത്തി. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പെപ്പെ സ്റ്റേഡിയത്തിലെ മറക്കാനാകാത്ത ഷൂട്ടിങ് ഓർമകൾ പങ്കുവെച്ചത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സി.സി.എൽ) കളിച്ച പരിചയസമ്പത്ത് ഉള്ളതിനാലാണ് ഈ ചിത്രത്തിലേക്ക് വിളി വന്നപ്പോൾ വലിയ സർപ്രൈസ് ആയതെന്ന് പെപ്പെ പറഞ്ഞു. സിനിമയുടെ വലിയൊരു ഭാഗം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ചിത്രീകരിച്ചത്. മണിക്കൂറുകളോളം നീണ്ട ബാറ്റിങ്ങിനൊടുവിൽ ക്ഷീണം കാരണം മുഖമൊക്കെ ചുവന്നുതുടുത്തിരുന്നുവെന്നും താരം ഓർത്തെടുത്തു.

ഇനിയും ഷൂട്ടിങ് തുടർന്നാൽ നടന്റെ കയ്യിൽ നിന്ന് ബാറ്റ് താഴെപ്പോകുമെന്ന് മനസ്സിലാക്കി ഛായാഗ്രാഹകൻ ജിംഷിയാണ് അന്നത്തെ ചിത്രീകരണം നിർത്തിവെക്കാൻ നിർദേശിച്ചത്. തുടക്കത്തിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതിൽ കൂടെയുള്ള അഭിനേതാക്കൾക്ക് അസൂയ തോന്നിയിരുന്നെങ്കിലും, ഒടുവിൽ മടുത്തുപോയ അവസ്ഥയിലായിരുന്നു താനെന്നും പെപ്പെ കൂട്ടിച്ചേർത്തു.

പെപ്പെയുടെ വാക്കുകൾ;

“പടത്തിന്റെ വലിയൊരു പോര്‍ഷന്‍ ഷൂട്ട് ചെയ്തത് സ്റ്റേഡിയത്തിലായിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സത്യമായിട്ടും പറഞ്ഞതാണ്. ഒരുദിവസം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് അടുത്തദിവസം പുലര്‍ച്ചെ രണ്ട് മണിവരെ തുടർച്ചയായി ബാറ്റ് ചെയ്യുകയായിരുന്നു.

അത്രയും നേരം ആരെങ്കിലും ബാറ്റ് ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അവസാനമൊക്കെയായപ്പോള്‍ എന്റെ മുഖമൊക്കെ ചുവന്നു. ഇനിയും ഷൂട്ട് ചെയ്താല്‍ പണിയാകുമെന്ന് അറിഞ്ഞപ്പോള്‍ ജിംഷി ചേട്ടനാണ് നിര്‍ത്താന്‍ പറഞ്ഞത്. ഇനിയും നിന്നാല്‍ അവന്റെ കയ്യീന്ന് ബാറ്റ് താഴെപ്പോകും എന്ന് പറഞ്ഞപ്പോഴാണ് പാക്ക്അപ്പ് ആയത്.

അന്ന് എന്റെ കൂടെ അഭിനയിച്ചവര്‍ക്ക് എന്നോട് അസൂയ തോന്നി. കാരണം, സ്റ്റേഡിയത്തില്‍ ബാറ്റ് ചെയ്യാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലേ. എന്റെ മൈന്‍ഡ് വോയിസില്‍ ആരേലും വേണമെങ്കില്‍ വന്ന് ബാറ്റ് ചെയ്‌തോ എന്നായിരുന്നു. മടുത്ത് നില്‍ക്കുകയായിരുന്നു”.- പെപ്പെ പറഞ്ഞു.