
വ്യക്തിജീവിതവും ഗർഭകാലവും കുഞ്ഞുങ്ങളുടെ വിശേഷങ്ങളും വിറ്റ് സോഷ്യൽ മീഡിയയിലോ ടെലിവിഷനിലോ പണമുണ്ടാക്കാൻ താല്പര്യമില്ലെന്ന് പ്രമുഖ ടെലിവിഷൻ അവതാരക മീര അനിലും ഭർത്താവ് വിഷ്ണുവും. വ്ലോഗുകൾക്കും സോഷ്യൽ മീഡിയ റീച്ചിനുമായി കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയോട് യോജിക്കാനാകില്ലെന്നും കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഒരു അഭിമുഖത്തിൽ മീര വ്യക്തമാക്കി.
ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് ആലോചിക്കുന്നതിന് മുൻപ് തന്നെ, ഗർഭകാലത്തെ ഒമ്പത് മാസത്തെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾക്കായി കരാർ ഉറപ്പിക്കാൻ ചില ചാനലുകൾ വൻ തുക വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നതായി മീര വെളിപ്പെടുത്തി. എന്നാൽ സ്വന്തം സ്വകാര്യജീവിതം വിറ്റ് പണമുണ്ടാക്കുന്ന രീതിക്ക് താനില്ലെന്ന് വ്യക്തമാക്കി ഈ ഓഫറുകൾ പൂർണ്ണമായും നിരസിക്കുകയായിരുന്നു.
റീച്ചും വ്യൂസും കുറയുമ്പോൾ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ക്യാമറയ്ക്ക് മുന്നിൽ കാണിച്ച് എളുപ്പത്തിൽ കാഴ്ചക്കാരെ നേടുന്ന രീതി ശരിയല്ലെന്നാണ് താരത്തിന്റെ പക്ഷം. ഇത് തങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവരോട് എതിർപ്പൊന്നുമില്ലെന്നും വ്യക്തമാക്കിയ താരം, കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക തന്നെയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റിലെ ‘സ്ത്രീ’ എന്ന പരിപാടിയിലൂടെ അവതാരകയായി കരിയർ ആരംഭിച്ച മീര അനിൽ, തുടർന്ന് നിരവധി റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ്. ബിസിനസുകാരനായ വിഷ്ണുവാണ് മീരയുടെ ഭർത്താവ്.
മീരയുടെ വാക്കുകൾ
”ഗര്‍ഭം വിറ്റിട്ടോ, ഞങ്ങളുടെ ഇനി വരാന്‍ പോകുന്ന കൊച്ചുങ്ങളെ വിറ്റിട്ടോ, വ്യക്തി ജീവിതം വിറ്റിട്ടോ ഉണ്ടാക്കുന്ന പൈസ വേണ്ട എന്ന് ഞങ്ങള്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ഫാമിലി പ്ലാനിങിനെക്കുറിച്ച് ഞങ്ങളുടെ മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് പല ചാനലുകളില്‍ നിന്നും വിളിച്ചിട്ട് ചേച്ചി ഒമ്പത് മാസം ഞങ്ങള്‍ക്ക് തരണേ, ഞങ്ങള്‍ ഇപ്പോഴേ കോണ്‍ട്രാക്ട് ചെയ്യാം, ഇത്രയും രൂപ തരാം, ഒമ്പത് മാസം ചേച്ചിയുടെ എക്സ്ക്യൂസീവ് കണ്ടന്റ് നമ്മള് എടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. എന്നില്‍ നിന്നും നിങ്ങള്‍ക്ക് അത് കിട്ടാന്‍ പോകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.
റീച്ചും വ്യൂസും കുറയുമ്പോള്‍ എന്റെ പിള്ളേരെ എടുത്തിടാന്‍ പറ്റില്ല. ഏറ്റവും എളുപ്പമുള്ള ടെക്നിക് ആണ്, പിള്ളേരേയും അവരുടെ ക്യൂട്ട്നെസും കാണിക്കുന്നത്? അവരെ കാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി അവരുടെ കുട്ടിത്തം വില്‍ക്കുകയല്ലേ ചെയ്യുന്നത്? ഇതൊക്കെ ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് ചെയ്യുന്നവരോട് യാതൊരു എതിര്‍പ്പുമില്ല. ഞാന്‍ അങ്ങനെയുളള കണ്ടന്റ് കാണുന്ന ആളല്ല. കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം”, മീര അനിൽ അഭിമുഖത്തിൽ പറഞ്ഞു.